കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ നിലവിലെ കൂരിയയെ ഒഴിവാക്കാൻ നാടകീയ നീക്കങ്ങൾ. മെത്രാപോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി നടത്തുന്ന ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് കൂരിയായെ പൂർണമായും ഒഴിവാക്കി.
അതിരൂപതയുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്ന് കൂരിയായെ മാറ്റിനിർത്താനും മെത്രാപോലീത്തൻ വികാരി ശ്രമം തുടങ്ങി. കൂരിയ നടപ്പാക്കുന്ന എല്ലാ കാര്യങ്ങൾക്കും വികാരി ജനറാളിന്റെ മാത്രം അധികാരമുളള മെത്രാപോലീത്തൻ വികാരിയുടെ അംഗീകാരം വേണമെന്നും നിർദേശമുണ്ട്.
കൂരിയ നേതൃത്വം പങ്കെടുക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് വിമത വിഭാഗം നിലപാട് കടുപ്പിച്ചു എന്ന് പറഞ്ഞാണ് വത്തിക്കാന്റെ അംഗീകാരത്തോടെ നിയമിച്ച കൂരിയയെ ഒഴിവാക്കാൻ ശ്രമം നടക്കുന്നത്.
മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മെത്രാപോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി എന്നിവരാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ കൂരിയ അംഗങ്ങളെ പങ്കെടുപ്പിച്ചില്ല. നിലവിൽ കൂരിയയെ പിരിച്ചുവിടാൻ മേജർ ആർച്ച് ബിഷപ്പിന് തനിച്ച് കഴിയില്ല.
സിറോ മലബാർ സഭാ സ്ഥിരം സിനഡിന്റെ കൂടി അനുവാദം ഉണ്ടെങ്കിലേ അത് നടക്കു. അതിന് പുറമെ പൊന്തിഫിക്കൽ ഡെലഗേറ്റായ ആർച്ച് ബിഷപ്പ് സിറിൽ വാസിലിന്റെ അംഗീകാരവും വേണം.
ഇത് പെട്ടന്ന് നടക്കുക പ്രായോഗികമല്ല. അതുകൊണ്ട് തന്നെ കൂരിയ അംഗങ്ങളെ മനസ് മടുപ്പിച്ച് രാജി വയ്പ്പിക്കുക എന്നതാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ഈസ്റ്ററിന് മുന്നോടിയായി ഇവരെ രാജി വയ്പ്പിച്ചാൽ വിമതർ ഒത്തുതീർപ്പിന് തയ്യാറായേക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിമത വിഭാഗവുമായി മാർ ജോസഫ് പാംപ്ലാനി ചർച്ച നടത്തിയിരുന്നു.
കൂരിയയെ ഒഴിവാക്കണമെന്നാണ് വിമതരുടെ പ്രധാന ആവശ്യം. എന്നാൽ സഭാ സിനഡ് തീരുമാനിച്ച കുർബാന ക്രമം നടപ്പാക്കാൻ ശ്രമിച്ച കൂരിയയെ ഒഴിവാക്കാനുള്ള നീക്കത്തിൽ വിശ്വാസികൾക്ക് പ്രതിഷേധമുണ്ട്.
സഭാ നേതൃത്വം വിമതർക്ക് അനുകൂലമായാൽ ശക്തമായി നേരിടാനാണ് വിശ്വാസികളുടെ തീരുമാനം.