/sathyam/media/media_files/BhxY7Kp5ZrneWMuF0ByD.jpg)
കൊച്ചി: ബാങ്കിൻറെ സുരക്ഷ സംവിധാനത്തിൽ വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടു എന്ന പരാതി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി നിരാകരിച്ചു.
എസ്എംഎസിലൂടെ ലഭിച്ച ലിങ്കിൽ പ്രവേശിച്ച് രഹസ്യ പാസ്സ്‌വേർഡ് നൽകിയത് വഴി 23,500/- രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട കേസിലാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.
എറണാകുളം തൃക്കാക്കര സ്വദേശി എം കെ മുരളി, ആർബിഎൽ ബാങ്കിൻറെ പാലാരിവട്ടം ബ്രാഞ്ചിനെതിരെ നൽകിയ പരാതിയാണ് കോടതി നിരാകരിച്ചത്.
6855/- രൂപ റിവാർഡ് പോയിന്റ് ഇനത്തിൽ ലാഭം ലഭിക്കുമെന്നും, അതിന് ഒ.ടി.പി പങ്കുവെക്കണമെന്നുള്ള എസ്എംഎസ് പ്രകാരം പ്രവർത്തിച്ച പരാതിക്കാരന്റെ 23,500 രൂപയാണ് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്.
ഓൺലൈൻ തട്ടിപ്പിനിരയായ വിവരം ഉടൻതന്നെ ബാങ്കിൽ റിപ്പോർട്ട് ചെയ്തു. 120 ദിവസങ്ങൾക്കകം പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കുമെന്ന് ബാങ്ക് ഉറപ്പുനൽകിയെങ്കിലും പിന്നീട് നഷ്ടപരിഹാരം തന്നില്ല എന്ന് പരാതിപ്പെട്ടാണ്, നഷ്ടപ്പെട്ട തുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതി സമീപിച്ചത്.
പരാതിക്കാരൻ സ്വമേധയാ പാസ്സ്‌വേർഡ് നൽകി ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ്. ബാങ്കിൻറെ ഭാഗത്ത് സേവനത്തിൽ വീഴ്ച്ച ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല.
റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം രഹസ്യ പാസ്‌വേഡ് കസ്റ്റമർക്ക് കൈമാറുന്നതിന് വിലക്കുന്നുണ്ട്. ബാങ്കിൻറെ സുരക്ഷാ സംവിധാനത്തിൽവീഴ്ച സംഭവിച്ചു എന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് പരാതി നിരാകരിച്ചുകൊണ്ട് ഉപഭോക്തൃ കോടതി ഉത്തവ് നൽകിയത്.