കൊച്ചി: ഒ.ടി.പി നല്‍കിയത് വഴി പണം നഷ്ടമായത് ബാങ്കിന്റെ വീഴ്ചയാണെന്ന് കാണിച്ച് എറണാകുളം സ്വദേശി നല്‍കിയ പരാതി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ തള്ളി.
തൃക്കാക്കര സ്വദേശി എം.കെ മുരളിയുടെ പരാതിയിലാണ് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. ബാങ്കിന്റെ സുരക്ഷ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിയാത്ത സാഹചര്യത്തിലാണ് കമ്മീഷന്റെ ഈ നടപടി.
എസ്.എം.എസിലൂടെ ലഭിച്ച ലിങ്കില്‍ പ്രവേശിച്ച് രഹസ്യ പാസ്‌വേര്‍ഡ് നല്‍കിയത് വഴി 23,500/ രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട കേസിലാണ് കമ്മീഷന്റെ ഉത്തരവ്.
എറണാകുളം തൃക്കാക്കര സ്വദേശി എം.കെ മുരളി, ആര്‍ബിഎല്‍ ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചിനെതിരെ നല്‍കിയ പരാതിയാണ് നിരാകരിച്ചത്.
6855/ രൂപ റിവാര്‍ഡ് പോയിന്റ് ഇനത്തില്‍ ലാഭം ലഭിക്കുമെന്നും അതിന് ഒ.ടി.പി പങ്കുവെക്കണമെന്നുള്ള എസ്.എം.എസില്‍ വിശ്വസിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്ത പരാതിക്കാരന്റെ 23,500 രൂപയാണ് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത്.
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വിവരം ഉടന്‍തന്നെ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തു. 120 ദിവസങ്ങള്‍ക്കകം പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് നഷ്ടപരിഹാരം തന്നില്ല എന്നും പരാതിയില്‍ പറയുന്നു.
നഷ്ടപ്പെട്ട തുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.