കൊച്ചി: സംസ്ഥാനത്ത് 503 പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം ജനകീയ സദസ് നടത്തി ഗതാഗത സൗകര്യമില്ലാത്ത നിരവധി റൂട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ നിന്നാണ് 503 പുതിയ ബസ് റൂട്ടുകൾ അന്തിമമാക്കിയതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള ആളുകൾക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഈ റൂട്ടുകളിൽ ലൈസൻസ് നൽകും. പെർമിറ്റ് നൽകുന്നത് ഒഴിവാക്കി ഒരു റൂട്ടിൽ മിനിമം രണ്ട് ബസ് എന്ന രീതിയിലായിരിക്കും ലൈസൻസ് നൽകുക. കെഎസ്ആർടിസിയും പ്രൈവറ്റ് ബസും സർവീസുകൾ നടത്തും.
ലൈസന്‍സ് സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള ബസുകള്‍ക്ക് മാത്രമായിരിക്കും ഈ റൂട്ടുകളില്‍ ഓടാന്‍ അനുമതി. കളക്ഷന്‍ ഉള്ള റൂട്ടുകളില്‍ മത്സരം ഒഴിവാക്കാനാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.