കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ബസലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തര്യന്‍ ഞാളിയത്തിന് എല്ലാ സംരക്ഷണവും നല്‍കണമെന്ന് ഹൈക്കോടതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറടക്കമുള്ളവര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
നേരത്തെ സെന്റ് മേരീസ് ബസലിക്ക ദേവാലയത്തിലെ അഡ്മിനിസ്‌ട്രേറ്ററായി ഫാ. തര്യന്‍ ഞാളിയത്തിനെ എറണാകുളം-അങ്കമാലി അതിരൂപതാ കൂരിയ നിയമിച്ചിരുന്നു. ബസലിക്ക വികാരി ഫാ. വര്‍ഗീസ് മണവാളനെ മാറ്റിയാണ് ഫാ.ഞാളിയത്തിനെ നിയമിച്ചത്.
എന്നാല്‍ സ്ഥാനം ഒഴിയാതെ ഫാ. വര്‍ഗീസ് മണവാളന്‍ ബസലിക്കയില്‍ തുടര്‍ന്നു. ബസലിക്കയില്‍ അസാധു കുര്‍ബാന തുടരാന്‍ ഫാ. മണവാളന്‍ വീണ്ടും തയ്യാറായതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഫാ. തര്യന്‍ ഞാളിയത്തിനെ കയ്യേറ്റം ചെയ്യാന്‍ വിമതരുടെ നേതൃത്വത്തില്‍ നീക്കവും നടന്നിരുന്നു.
ഇതിനെതിരെ ഫാ. തര്യന്‍ ഞാളിയത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.
ഈ വിധിയോടെ വൈദീകരെ നിയമിക്കുന്നത് അതിരൂപത കൂരിയയാണെന്ന് വ്യക്തമാകുകയാണ്. അനധികൃതമായി ബസലിക്കയില്‍ തുടരുന്ന ഫാ. വര്‍ഗീസ് മണവാളനോട് ഉടന്‍ തന്നെ മാറണമെന്ന് കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണം നിര്‍വഹിക്കുന്ന മേജര്‍ ആര്‍ച്ച് മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നിട്ടും വിമതരെ കൂട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ഫാ. മണവാളന്‍ ശ്രമിച്ചത്. ഹൈക്കോടതി വിധി വന്നതോടെ ഇനി വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ വിമതര്‍ക്ക് കഴിയില്ല. ഫാ. തര്യന്‍ ഞാളിയത്ത് തന്നെ വിശുദ്ധവാര തിരുകര്‍മ്മങ്ങളില്‍ നേതൃത്വം നല്‍കും.