എറണാകുളം -അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലത്തില്‍ ഇത്തവണയും വിശുദ്ധവാര തിരുകര്‍മ്മങ്ങളില്ല ! കോടതി വിലക്കിന്റെ പശ്ചാത്തലത്തില്‍ തിരുക്കര്‍മ്മങ്ങള്‍ വേണ്ടെന്ന് മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനിയുടെ സര്‍ക്കുലര്‍. ഇല്ലാത്ത കോടതി വിലക്ക് പറഞ്ഞ് തിരുകര്‍മ്മങ്ങള്‍ വേണ്ടെന്ന് വച്ചത് വിമതര്‍ക്ക് വേണ്ടിയെന്ന് ആക്ഷേപം !

ഇല്ലാത്ത കോടതി വിലക്ക് പറഞ്ഞ് വിമതര്‍ക്കൊപ്പം നില്‍ക്കുകയാണ് മെത്രാപ്പോലീത്തന്‍ വികാരിയെന്നാണ് വിശ്വാസികള്‍ ആരോപിക്കുന്നത്

New Update
christian

കൊച്ചി: വിശുദ്ധ വാരത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതാ ബസലിക്ക ദേവാലയത്തില്‍ ഇത്തവണയും തിരുകര്‍മ്മങ്ങളുണ്ടാകില്ല. കോടതി ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തിരുകര്‍മ്മങ്ങള്‍ നടത്തില്ലെന്ന്  എറണാകുളം-അങ്കമാലി അതിരൂപതയിലെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു. 

Advertisment

ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ ദിനം വരെ ഒരു തിരുകര്‍മ്മങ്ങളും വേണ്ടെന്നാണ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍ദേശച്ചിരുന്നത്. വ്യക്തിപരവും നിശബ്ദവുമായ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി പള്ളി തുറന്നിടാനും മാര്‍ പാംപ്ലാനി നിര്‍ദേശിച്ചിട്ടുണ്ട്. 


സെന്റ്. മേരീസ് ബസലിക്കയുടെ വികാരി സ്ഥാനത്തു നിന്നും ഫാ. വര്‍ഗീസ് മണവാളനെ നീക്കി പകരം ഫാ. തര്യന്‍ ഞാളിയത്തിന് അതിരൂപത കൂരിയ നിയമനം നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം മാറ്റിയിട്ടും വിമത വിഭാഗം വൈദീകനായ ഫാ. വര്‍ഗീസ് മണവാളന്‍ ബസലിക്ക വിട്ടുപോകാന്‍ തയ്യാറായില്ല.


കഴിഞ്ഞ ദിവസം ബസലിക്ക അഡ്മിനിസ്‌ട്രേറ്ററായ ഫാ. തര്യന്‍ ഞാളിയത്തിന് എല്ലാവിധ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പോലീസിനോടാണ് ഹൈക്കോടി ഇക്കാര്യം നിര്‍ദേശിച്ചത്.

ഇതിനു പിന്നാലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ നടത്താന്‍ ഫാ. തര്യന്‍ ഞാളിയത്ത് നടപടികള്‍ തുടങ്ങിയിരുന്നു. ഇതിനെതിരെ വിമത വിഭാഗം രംഗത്ത് എത്തിയിരുന്നു. അതിനിടെ ഫാ. വര്‍ഗീസ് മണവാളനോട് ബസലിക്ക വിടാന്‍ മേജര്‍ ആര്‍ച്ചബിഷപ്പും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മെത്രാപ്പോലീത്തന്‍ വികാരി ഇടപെട്ട് ഫാ. വര്‍ഗീസ് മണവാളനെ ബസലിക്കയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോടതി വിലക്ക് പറഞ്ഞ് മെത്രാപ്പോലീത്തന്‍ വികാരി വിശുദ്ധവാരത്തിലെ തിരുകര്‍മ്മങ്ങളും വേണ്ടെന്ന് വച്ചത്.

ഇല്ലാത്ത കോടതി വിലക്ക് പറഞ്ഞ് വിമതര്‍ക്കൊപ്പം നില്‍ക്കുകയാണ് മെത്രാപ്പോലീത്തന്‍ വികാരിയെന്നാണ് വിശ്വാസികള്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ വിശ്വാസികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.