കൊച്ചി: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനിക രൂപതയുടെ ബസലിക്ക ഒരിക്കല്‍ കൂടി വിശുദ്ധവാരത്തില്‍ തിരുകര്‍മ്മങ്ങള്‍ നടത്താനാവാതെ അടച്ചിടുന്നത് മെത്രാപ്പോലീത്തന്‍ വികാരി നടത്തിയ സമവായ നീക്കം വിജയിക്കാത്തതുകൊണ്ടെന്ന് സൂചന.
മാര്‍ ജോസഫ് പാംപ്ലാനി മുന്നോട്ട് വച്ച സമവായ ഫോര്‍മുല വത്തിക്കാനും തള്ളിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇതിന്റെ പശ്ചാത്തലത്തിലാണ് വലിയ ആഴ്ചയില്‍ തിരുകര്‍മ്മങ്ങള്‍ തന്നെ വേണ്ടെന്ന നിലപാടിലേക്ക് മെത്രാപ്പോലീത്തന്‍ വികാരി എത്തിയത്.
ബസലിക്ക തുറക്കാനായി ചില സമവായ നീക്കങ്ങള്‍ നേരത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനി നടത്തിയിരുന്നു.
ജനാഭിമുഖ കുര്‍ബാന നിയമ വിധേയമാക്കുന്ന വിധത്തിലായിരുന്നു സമവായം.
ആഴ്ചയിലൊരിക്കല്‍ വൈദീകര്‍ സിനഡ് കുര്‍ബാന ചൊല്ലാമെന്നായിരുന്നു മാര്‍ പാംപ്ലാനിയുമായി ഉണ്ടാക്കിയ നിലപാട്. അതിനായി ചില നിര്‍ദേശങ്ങളും അവര്‍ മുന്നോട്ട് വച്ചിരുന്നു. നവ വൈദീകരായ 24 പേര്‍ക്ക് ജനാഭിമുഖ കുര്‍ബാന ചൊല്ലുന്നത് അടക്കമുള്ളതായിരുന്നു ഈ നിര്‍ദേശങ്ങള്‍.
ഇക്കാര്യങ്ങള്‍ അംഗീകരിച്ചാല്‍ മറ്റ് ബിഷപ്പുമാര്‍ക്ക് എറണാകുളം-അങ്കമാലി അതിരൂപതയില്‍ സിനഡ് കുര്‍ബാന ചൊല്ലാനും മേജര്‍ ആര്‍ച്ച്ബിഷപ്പിന് ബസലിക്കയില്‍ കുര്‍ബാന ചൊല്ലാനും അവസരമൊരുക്കുമെന്നും ഇല്ലെങ്കില്‍ ഏകം കോണ്‍ഫ്രട്ടേണിറ്റി ട്രസ്റ്റ് മുന്‍നിര്‍ത്തി പിളര്‍പ്പ് ഉണ്ടാക്കുമെന്നും വിമതര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇക്കാര്യങ്ങള്‍ ചേര്‍ത്ത് പൗരസ്ത്യ തിരുസംഘത്തെ മെത്രാപ്പോലീത്തന്‍ വികാരി സമീപിച്ചിരുന്നു. വിമത വിഭാഗത്തിന്റെ ഭീഷണിക്ക് വഴങ്ങുന്ന വിധത്തിലായിരുന്നു മാര്‍ പാംപ്ലാനിയുടെ സമവായം.
എന്നാല്‍ ഈ സമവായ ഫോര്‍മുല വത്തിക്കാന്‍ സ്വീകരിച്ചില്ല എന്നുവേണം ഇപ്പോഴത്തെ സംഭവവവികാസങ്ങള്‍ നല്‍കുന്ന സൂചന. വത്തിക്കാന്‍ സമവായ ഫോര്‍മുല തള്ളിയതോടെ ബസലിക്കയിലെ തിരുകര്‍മ്മങ്ങള്‍ ഒഴിവാക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തി.
നിലവില്‍ ഒരു കോടതിയും സിനഡ് കുര്‍ബാന നടത്താന്‍ ബസലിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
ഇത്തവണ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് ബസലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തര്യന്‍ ഞാളിയത്ത് നല്‍കും എന്നു സത്യവാങ്മൂലം അതിരൂപത വികാരി ജനറാളിന്റെ ചുമതലയുള്ള മാര്‍ പാംപ്ലാനി നല്‍കിയാല്‍ മാത്രം മതിയായിരുന്നു.
ബസലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിമതര്‍ക്ക് ഒന്നും ചെയ്യാനും കഴിയില്ലായിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിമത വിഭാഗം കടുത്ത പ്രതിസന്ധിയിലും ആയിരുന്നു.
ഇത്തരത്തില്‍ വിമതര്‍ പ്രതിസന്ധിയിലായിരുന്നപ്പോള്‍ ബസലിക്കയില്‍ തിരുകര്‍മ്മങ്ങള്‍തന്നെ വേണ്ടെന്ന് മെത്രാപ്പോലീത്തന്‍ വികാരി നിലപാട് സ്വീകരിച്ച് വിമതരെ സഹായിച്ചുവെന്നാണ് ആക്ഷേപം ഉയരുന്നത്.