കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ സിനഡ് കുര്‍ബാന നടപ്പിലാക്കുക എന്ന ആവശ്യം ശക്തമാക്കി പ്രതിഷേധ യോഗവുമായി വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മുവ്മെന്റ്.
ഇന്ന് രാവിലെ എറണാകുളം വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ച പ്രതിഷേധ യോഗത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
അതിരൂപതയിലെ വിശ്വാസികളുടെ സംഘടനകളുടെ ഏകോപന സമിതിയാണ് വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മുവ്മെന്റ്.
നേരത്തെ പ്രതിഷേധ സൂചന കണക്കിലെടുത്ത് മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനി ഇന്ന് അതിരൂപത ആസ്ഥാനത്ത് എത്തിയില്ല.
പ്രകടനമായി അതിരൂപതാ ആസ്ഥാനത്തേക്ക് എത്തിയ വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മുവ്മെന്റ് പ്രതിനിധികളുമായി കൂരിയ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.
അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കും എന്ന ഉറപ്പും വിമത വിഭാഗം വൈദീകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിശ്വാസികളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ആന്റണി പുതുശ്ശേരി, ജോസഫ് അബ്രഹാം, എം.പി. ജോര്‍ജ്, പി.എസ്. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.