/sathyam/media/media_files/2025/05/16/a0npcwjExVB4LDV3zQVe.jpg)
എറണാകുളം: മുനമ്പം സമരത്തിന്‍റെ പേരു പറഞ്ഞ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വ്യാപക പണപ്പിരിവ് നടന്നതായി എറണാകുളത്തെ ബിജെപി യോഗത്തില്‍ വിമര്‍ശനം.
സമരത്തിന്‍റെ പേരില്‍ പാര്‍ട്ടി ആവശ്യപ്പെടുകയോ നിര്‍ദേശിക്കുകയോ ചെയ്യാത്ത പണപ്പിരിവ് ചില നേതാക്കള്‍ നടത്തിയെന്നത് സംബന്ധിച്ച് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളും ചര്‍ച്ചയും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
മുനമ്പം സമരത്തിന്‍റെ നേതൃത്വ തലത്തില്‍ പ്രവര്‍ത്തിച്ച, സമീപ കാലത്ത് ബിജെപിയിലെത്തിയ യുവ നേതാവിനെതിരെയായിരുന്നു യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.
മുനമ്പം സമരം മുന്നോട്ടു കൊണ്ടുപോകുന്നതിനായി ബിജെപിക്ക് എന്ന് പറഞ്ഞ് ഒരു വ്യവസായിയില്‍ നിന്നും 2 ലക്ഷവും മറ്റൊരു സ്ഥാനപത്തില്‍ നിന്ന് ഒരു ലക്ഷവും ഈ നേതാവ് വാങ്ങിയത് യോഗത്തില്‍ ചര്‍ച്ചയായി. ഇത്തരത്തില്‍ പലരുടെയും കൈയ്യില്‍ നിന്ന് വ്യാപകമായ പണപ്പിരിവ് നടന്നതായാണ് ആക്ഷേപം.
മുമ്പ് മറ്റ് പല പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് അവിടെനിന്നും രക്ഷയില്ലാതെ സമീപകാലത്ത് ബിജെപിയിലെത്തിയ ഈ യുവ നേതാവ് ഈ പണം ഉപയോഗിച്ച്, ബിജെപിയില്‍ ഭാരവാഹിത്വം ഉറപ്പിക്കാന്‍ ഡല്‍ഹിക്കും തിരുവനന്തപുരത്തിനും ട്രിപ്പ് അടിക്കുകയായിരുന്നെന്ന് ഒരു നേതാവ് യോഗത്തില്‍ പറഞ്ഞു.
പണപ്പിരിവ് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിലെ മുഖ്യ ഭരണകക്ഷിയായ ബിജെപിയില്‍ ഈ നേതാവും ഇദ്ദേഹത്തിന്‍റെ ആളുകളും എത്തിയതെന്ന വിമര്‍ശനം നേരത്തെതന്നെ പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. അതിനിടയിലാണ് മുനമ്പം സമരത്തിന്‍റെ പേരില്‍ പണപ്പിരിവ് നടന്നെന്നത് സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്തയാകുന്നത്.
ആഴ്ചകള്‍ക്കു മുമ്പ് ബിജെപിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവിനെ ഫോണില്‍ വിളിച്ച് ഈ നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം പാര്‍ട്ടിയില്‍ വിവാദമായിരുന്നു.
ബിജെപിയില്‍ ഒന്നര വര്‍ഷം പോലും പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത നേതാവ് ജില്ലയിലെ ഒരു മുതിര്‍ന്ന നേതാവിനെയാണ് 'കാലു തല്ലിയൊടിക്കും' എന്ന് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. ഈ സംഭവത്തില്‍ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി പോയിരുന്നു. അതിനിടയിലാണ് പുതിയ വിവാദം.