/sathyam/media/media_files/2025/05/22/pnT5Tz4LSDyRLgeMBC6p.jpg)
കൊച്ചി: മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ റിപോർട്ടർ ടിവിയുടെ കുതിപ്പ് തുടരുന്നു. ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാർക്) ഇന്ന് പുറത്തുവിട്ട റേറ്റിങ്ങ് കണക്കിലാണ് തുടർച്ചയായി രണ്ടാം ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസിനെ പിന്തളളി റിപോർട്ടർ ടിവി ഒന്നാം സ്ഥാനത്ത് തുടരുന്നത്.
കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 105.69 പോയിൻറ് നേടിയാണ് റിപോർട്ടർ ടിവി അധിപത്യം ആവർത്തിക്കുന്നത്. ഇന്ത്യാ പാക് സംഘർഷം മൂർദ്ധന്യത്തിൽ എത്തിയ മെയ് 10 മുതൽ 16 വരെയുളള ദിവസങ്ങളിലെ റേറ്റിങ്ങ് കണക്കാണ് ഇന്ന് പുറത്തുവന്നത്.
റിപോർട്ട് ചെയ്യുന്നതിൽ അവതാരകരും റിപോർട്ടർമാരും ഭീമമായ അബദ്ധങ്ങൾ വരുത്തിയെങ്കിലും അതിർത്തിയിലെ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ ടെലിവിഷനിൽ ഏറ്റവും കൂടുതൽ പേർ കണ്ടത് റിപോർട്ടർ ടിവിയിലൂടെയാണെന്നാണ് റേറ്റിങ്ങ് കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്നും കറാച്ചി തുറമുഖം ഇന്ത്യൻ യുദ്ധക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് ആക്രമിച്ചെന്നുമുളള വൻ അബദ്ധങ്ങളാണ് റിപോർട്ടർ ടിവി അവതാരകരായ ഡോ.അരുൺ കുമാറും ഉണ്ണി ബാലകൃഷ്ണനും സുജയ പാർവതിയും എല്ലാം വിളിച്ചുപറഞ്ഞത്.
എന്നാൽ അബദ്ധങ്ങളല്ല, ടെലിവിഷൻ സ്ക്രീനിലെ ചടുലതയും ആകർഷണീയതയുമാണ് പ്രേക്ഷകർ കണക്കിലെടുത്തതെന്ന് വേണം കരുതാൻ. പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളിൽ പ്രകടമായി കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതയുടെ ഒന്നാന്തരം തെളിവാണിത്.
അതിർത്തിയിലെ യുദ്ധതുല്യമായ സാഹചര്യം ചില പിഴവുകൾ ഒഴിച്ചാൽ ഭേദപ്പെട്ട നിലയിൽ റിപോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ഈയാഴ്ചയും രണ്ടാം സ്ഥാനത്താണ്. യൂണിവേഴ്സ് വിഭാഗത്തിൽ റിപോർട്ടർ ടിവി 105.69 പോയിൻറ് നേടിയപ്പോൾ രണ്ടാം സ്ഥാനക്കാരായ ഏഷ്യാനെറ്റ് ന്യൂസിന് 98.25 പോയിൻറ് മാത്രമേ ലഭിച്ചുളളു.
ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുളള വ്യത്യാസം 7.44 പോയിൻറാണ്. കഴിഞ്ഞയാഴ്ചയിലെ റേറ്റിങ്ങിൽ യൂണിവേഴ്സ് വിഭാഗത്തിൽ 97.71 പോയിൻറ് ഉണ്ടായിരുന്ന റിപോർട്ടർ ടിവി 8 പോയിൻറ് വർദ്ധിപ്പിക്കാനായി. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന് 6 പോയിൻറ് മാത്രമാണ് കൂടിയത്. മുൻ ആഴ്ചയിലെ പോയിൻറ് വ്യത്യാസം അതേപടി നിലനിർത്താനായതാണ് റിപോർട്ടറിനെ മുന്നിലെത്തിച്ചത്.
വലിയ സംഭവങ്ങൾ നടക്കുമ്പോൾ പോയിൻറ് നില 100 ന് മുകളിലേക്ക് കടത്താൻ മുൻകാലങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനം ആഴ്ചകളായി ഏഷ്യാനെറ്റ് ന്യൂസ് അതിന് കഴിയുന്നില്ല. വാർത്താ അവതരണ രീതിയിലും ഗ്രാഫിക്സ് അടക്കമുളള സാങ്കേതിക സംവിധാനങ്ങളിലും പഴഞ്ചൻ മട്ട് തുടരുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് പ്രേക്ഷകർ അകലാൻ കാരണം.
വിനു.വി.ജോണിനും പി.ജി.സുരേഷ് കുമാറിനും ശാലിനിക്കും അപ്പുറം അവതാരകരില്ലാത്തതാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ പോരായ്മകളിൽ ഒന്ന്. വനിതാ അവതാരകരുടെ കുറവും ഏഷ്യാനെറ്റ് ന്യൂസിനുണ്ട്. സർക്കാർ വിരുദ്ധ ചർച്ചകൾ ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രേക്ഷകരെ കൊണ്ടുവരുന്നുണ്ടെങ്കിലും അത് പതിവായതോടെ പ്രതികൂലമാകുന്നുമുണ്ട്.
റിപോർട്ടർ സി.പി.എം അനുകൂലമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. റിപോർട്ടർ ടിവിയുടെ ഉടമകളിൽ ഒരാളും മാനേജിങ്ങ് എഡിറ്ററുമായ ആൻേറാ അഗസ്റ്റിൻ തന്നെ മീറ്റ് ദി എഡിറ്റർ പരിപാടിയിൽ മുഖ്യമന്ത്രിയേയും സി.പി.എമ്മിനെയും പുകഴ്ത്തുകയാണ്.
ഇതെല്ലാം സി.പി.എം അനുകൂല പ്രേക്ഷകരെ സി.പി.എമ്മിലേക്ക് അടുപ്പിക്കാൻ കാരണമായിട്ടുണ്ട്. ലോകകപ്പ് ഫുട്ബോൾ ജേതാക്കാളായ അർജൻറീനയേയും അവരുടെ നായകനായ ലയണൽ മെസിയേയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദവും വരുന്ന ആഴ്ചയിലെ റേറ്റിങ്ങിൽ റിപോർട്ടറിന് ഗുണകരമായി മാറാനാണ് സാധ്യത.
മെസിയേയും ടീമിനെയും കൊണ്ടുവരുന്നതിൻെറ സ്പോൺസറായ റിപോർട്ടർ പണം അടച്ചില്ലെന്ന വിവാദം മുറുകിയപ്പോൾ മാനേജ്മെൻറ് നടത്തിയ തത്സമയ വിശദീകരണവും മറ്റും ധാരാളം പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. ചാനലിനെ ചുറ്റിപ്പറ്റി നിരന്തരം ഉണ്ടാകുന്ന വിവാദങ്ങൾ ഒരു തരത്തിൽ റിപോർട്ടറിന് ഗുണകരമായി ഭവിക്കുന്നുണ്ട്.
വാർത്താ ചാനൽ റേറ്റിങ്ങിൽ ട്വൻറി ഫോർ ന്യൂസ് തന്നെയാണ് ഇത്തവണയും മൂന്നാം സ്ഥാനത്ത്. കേരള ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 76.4 പോയിൻറാണ് ട്വൻറി ഫോറിൻെറ നേട്ടം. മുൻ ആഴ്ചയിലേക്കാൾ 5 പോയിൻറ് വർദ്ധിപ്പിക്കാൻ ട്വൻറി ഫോറിന് കഴിഞ്ഞു. എന്നാൽ രണ്ടാം സ്ഥാനക്കാരായ ഏഷ്യാനെറ്റ് ന്യൂസുമായുളള വ്യത്യാസം 22 പോയിൻറാണ്. ചിര വൈരികളായ റിപോർട്ടർ ടിവിയുമായുളള പോയിൻറ് വ്യത്യാസം 29 പോയിൻറുമാണ്.
ഇത് ട്വൻറി ഫോർ ന്യൂസിന് ആശങ്ക പകരുന്നതാണ്. റേറ്റിങ്ങിലെ ബാക്കിയുളള സ്ഥാനക്കാരിലും പഴയ നില തന്നെയാണ്. 38.22 പോയിൻറുമായി മനോരമ ന്യൂസ് നാലാം സ്ഥാനം നിലനിർത്തി. യുദ്ധസമാന സാഹചര്യത്തെ സംബന്ധിക്കുന്ന റിപോർട്ടിങ്ങിൽ കാര്യമായ സാന്നിധ്യം ഉണ്ടാക്കാൻ കഴിയാതിരുന്ന മനോരമക്ക് മുൻ ആഴ്ചയിലേക്കാൾ രണ്ട് പോയിൻറ് മാത്രമാണ് കൂടിയത്.
35.95 പോയിൻറുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുണ്ട്. സംഭവ ബഹുലമായ ആഴ്ചയായിരുന്നിട്ടും മുൻപത്തെ ആഴ്ചയേക്കാൾ 1 പോയിൻറ് മാത്രമാണ് മാതൃഭൂമിക്ക് അധികം നേടാനായത്. മാതൃഭൂമിയെ മറി കടക്കുമെന്ന് തോന്നിച്ചിരുന്ന ന്യൂസ് മലയാളം 24 x 7 ചാനലിന് യുദ്ധഭീതി മുറുകിയ രണ്ടാം ആഴ്ചയിലും ഏറെയൊന്നും മുന്നോട്ട് പോകാനായില്ല.
26.7 പോയിൻറ് നേടിയ ന്യൂസ് മലയാളം ചാനൽ ആറാം സ്ഥാനത്ത് തന്നെയാണ്. ബഹളങ്ങളില്ലാത്ത റിപോർട്ടിങ്ങ് ശൈലി പിന്തുടർന്നെങ്കിലും മുൻ ആഴ്ചയിലേക്കാൾ 0.4 പോയിൻറ് മാത്രമാണ് അധികം നേടാനായത്. 26.5 പോയിൻറുമായി ജനംടിവി, ന്യൂസ് മലയാളത്തിന് തൊട്ടുപിന്നിൽ തന്നെയുണ്ട്.
യുദ്ധവാർത്തകൾ നിറഞ്ഞ വാരത്തിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ കൈരളി ന്യൂസിനും കഴിഞ്ഞില്ല.ഏഴാം സ്ഥാനത്തുളള ജനം ടിവിയേക്കാൾ വളരെ പിന്നിലായി 14.5 പോയിൻറ് നേടി എട്ടാം സ്ഥാനത്താണ് കൈരളി. ന്യൂസ് 18 കേരളം 14.35 പോയിൻറുമായി കൈരളി ന്യൂസിൻെറ ഒപ്പം തന്നെയുണ്ട്.
പതിവുപോലെ ഏറ്റവും അവസാന സ്ഥാനത്തുളള മീഡിയാ വൺ ചാനലിന് ഇക്കുറി നേരിയ തോതിൽ പോയിൻറ് കുറയുകയാണ് ഉണ്ടായത്. മുൻ ആഴ്ചയിൽ 6.89 പോയിൻറ് ഉണ്ടായിരുന്ന മീഡിയാ വണ്ണിന് ഈയാഴ്ച 6.68 പോയിൻറ് മാത്രമേ നേടാനായുളളു.
റേറ്റിങ്ങിലെ റിപോർട്ടർ ടിവിയുടെ മേധാവിത്വം അടുത്ത രണ്ട് ആഴ്ച കൂടി തുടരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതിനപ്പുറം കടന്നുപോയാൽ ഏഷ്യാനെറ്റ് ന്യൂസിന് കനത്ത തിരിച്ചടിയായി മാറുമെന്ന് തീർച്ചയാണ്. മുന്‍പ് ട്വെന്റി ഫോര്‍ ചാനലും ചെറിയൊരു ഇടവേളയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു