റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ റിപ്പോർട്ടർ ടിവിക്ക് വൻ തിരിച്ചടി നല്കി വാര്‍ത്താ - ഡിജിറ്റല്‍ മേധാവി ഉണ്ണി ബാലകൃഷ്ണൻ രാജിവെച്ചു. ഉണ്ണിയുടെ മാറ്റം രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിന്‍റെ തലപ്പത്തേയ്ക്ക്. ഏഷ്യാനെറ്റില്‍ സിന്ധു സൂര്യകുമാര്‍, വിനു വി ജോണ്‍, സുരേഷ് കുമാര്‍ ടീമിന് തിരിച്ചടിയാകും. ഉണ്ണിയെ നിലനിര്‍ത്താനുള്ള റിപ്പോര്‍ട്ടര്‍ മാനേജ്മെന്‍റിന്‍റെ ശ്രമം വിജയം കണ്ടില്ല

മാധ്യമപ്രവർത്തനത്തിലോ മാധ്യമ സ്ഥാപനം നടത്തിയോ കാര്യമായ പരിചയമില്ലാത്ത റിപ്പോർട്ടർ മാനേജ്മെന്റിനെ നേർവഴിക്ക് നടത്തുന്നതിലും ഉണ്ണി ബാലകൃഷ്ണന് വലിയ റോൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഉണ്ണിയുടെ പടിയിറക്കം റിപ്പോർട്ടറിന് വൻ നഷ്ടമാണ്. 

New Update
unni balakrishnan
Listen to this article
0.75x 1x 1.5x
00:00 / 00:00

 കൊച്ചി: ചാനൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതിനിടെ റിപ്പോർട്ടർ ടിവിക്ക് വൻ തിരിച്ചടി. ചാനലിന്റെ പ്രധാന വാര്‍ത്താമുഖങ്ങളിൽ ഒരാളും ഡിജിറ്റൽ വിഭാഗം മേധാവിയുമായ ഉണ്ണി ബാലകൃഷ്ണന്റെ രാജിയാണ് ഒന്നാം സ്ഥാനത്തിന്റെ തിളക്കത്തിനിടയിൽ റിപ്പോർട്ടർ ടിവിക്ക് തിരിച്ചടി ആയിരിക്കുന്നത്. 

Advertisment

റിപ്പോർട്ടർ ടിവിയുടെ മുന്നേറ്റത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിലേക്കാണ് ഉണ്ണി ബാലകൃഷ്ണന്റെ കൂടുമാറ്റം. എഡിറ്റോറിയൽ അഡ്വൈസറായിട്ടാണ് ഉണ്ണി ബാലകൃഷ്ണൻ തന്‍റെ മാതൃസ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസിലേക്ക് മടങ്ങുന്നത്. 


സീനിയർ കോർഡിനേറ്റിങ്ങ് എഡിറ്റർ ആയിരിക്കെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രാജിവച്ച് മാതൃഭൂമി ന്യൂസിലേക്ക് പോയ ആളാണ് ഉണ്ണി ബാലകൃഷ്ണൻ. രാജിവെച്ചു പോയവരെ തിരിച്ചെടുക്കുന്ന പതിവ് ഏഷ്യാനെറ്റ് ന്യൂസിൽ അപൂർവ്വമാണെങ്കിലും റിപ്പോർട്ടറിന്റെ മുന്നേറ്റത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഉണ്ണി ബാലകൃഷ്ണനെ  എഡിറ്റോറിയൽ അഡ്വൈസറായി മടക്കി വിളിച്ചത്.


അതിനിടെ, ഏഷ്യാനെറ്റ് ന്യൂസിലെ ശക്തി ത്രയങ്ങളായ സിന്ധു സൂര്യകുമാറും വിനു വി ജോണും പി ജി സുരേഷ് കുമാറും അവസാന നിമിഷം മാത്രമാണ് ഉണ്ണി ബാലകൃഷ്ണന്റെ മടങ്ങി വരവിനെ കുറിച്ച് അറിഞ്ഞത്. 

suresh kumar sindhu suryakumar vinu v john

ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് ബിസിനസ് ഹെഡ് ആയ ഫ്രാങ്ക് പി തോമസും ഉടമ രാജീവ് ചന്ദ്രശേഖറും മാത്രം അറിഞ്ഞു നടന്ന നീക്കത്തിലാണ് ഉണ്ണി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് എത്തിയത്. എം ജി രാധാകൃഷ്ണൻ രാജിവച്ചശേഷം എഡിറ്റർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

കൺസൾട്ടിംഗ് എഡിറ്ററായിരുന്ന എംജി രാധാകൃഷ്ണന് ദൈനംദിന വാർത്താ സംപ്രേഷണത്തിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല. ദൈനംദിന വാർത്തകളുടെ ഇടപെടല്‍ ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു -വിനു -പിജി  ത്രയങ്ങൾ അനുവദിച്ചിരുന്നില്ല.

 ചാനൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കുന്നതിന് മാനേജ്മെന്റിനും പരിമിതി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ റേറ്റിങ്ങിൽ രണ്ടാമത് ആയതോടെ മാനേജ്മെന്റിന് ഇടപെടൽ നടത്താനുള്ള സ്ഥിതി ഉണ്ടായി.


ഈ അവസരം മുതലെടുത്താണ് സിന്ധുവിന്റെ തലയ്ക്കു മുകളിൽ ഉണ്ണി ബാലകൃഷ്ണനെ നിയമിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ആരംഭകാലം മുതൽ പ്രവർത്തിച്ച ഉണ്ണി ബാലകൃഷ്ണനെ മാറ്റിനിർത്തുക സിന്ധുവിനും കൂട്ടർക്കും അത്ര എളുപ്പമായിരിക്കില്ല. ഇതുകൂടി മനസ്സിലാക്കിയാണ് ഉണ്ണി ബാലകൃഷ്ണനെ മാനേജ്മെൻറ് ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് നിയമിച്ചത്.


റിപ്പോർട്ടർ ടിവിയുടെ മുന്നേറ്റത്തിൽ നിർണായക പങ്കു വഹിച്ച ഉണ്ണി ബാലകൃഷ്ണൻ, ചൊവ്വാഴ്ചയാണ് രാജിക്കത്ത് നൽകിയത്. രാജി സ്വീകരിക്കാൻ റിപ്പോർട്ടർ മാനേജ്മെൻറ് ആദ്യം തയ്യാറായില്ല. എഡിറ്റോറിയൽ മേധാവികളുമായി പോലും വിഷയം ചർച്ച ചെയ്യാതിരുന്ന മാനേജിങ് എഡിറ്റർ ആന്റോ ആഗസ്റ്റിൻ ഇന്നലെ രാത്രിയാണ് രാജി സ്വീകരിച്ചത്.

ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോകണമെന്ന ഉണ്ണിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. റിപ്പോർട്ടറിൽ മൂന്നു ലക്ഷത്തോളം രൂപ ശമ്പളം പറ്റുന്ന ഉണ്ണി ബാലകൃഷ്ണൻ അതിലും ഉയർന്ന ശമ്പളത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് വരുന്നതെന്നാണ് റിപോര്‍ട്ട് . 

ഉണ്ണി ബാലകൃഷ്ണന്റെ പടിയിറക്കം റിപ്പോർട്ടറിന് കനത്ത ആഘാതമാണ്. ചാനലിലെ ഏറ്റവും പരിചയസമ്പന്നനായ എഡിറ്ററായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിച്ച് പരിചയമുള്ള ഉണ്ണി ബാലകൃഷ്ണൻ എഡിറ്റോറിയൽ നേതൃത്വത്തിലെ ഏറ്റവും വിലമതിക്കുന്ന സാന്നിധ്യമായിരുന്നു. 


ഉണ്ണി ബാലകൃഷ്ണന്റെ വിവേകപൂർവ്വമായ ഇടപെടലുകൾ പലപ്പോഴും റിപ്പോർട്ടറിനെ വലിയ അബദ്ധങ്ങളിൽ നിന്ന് രക്ഷിച്ചിട്ടുമുണ്ട്. മാനേജ്മെന്റിനും എഡിറ്റോറിയൽ നേതൃത്വത്തിനുമിടയിലെ പാലമായി പ്രവർത്തിച്ചിരുന്നതും ഉണ്ണി ബാലകൃഷ്ണൻ ആയിരുന്നു. 


മാധ്യമപ്രവർത്തനത്തിലോ മാധ്യമ സ്ഥാപനം നടത്തിയോ കാര്യമായ പരിചയമില്ലാത്ത റിപ്പോർട്ടർ മാനേജ്മെന്റിനെ നേർവഴിക്ക് നടത്തുന്നതിലും ഉണ്ണി ബാലകൃഷ്ണന് വലിയ റോൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഉണ്ണിയുടെ പടിയിറക്കം റിപ്പോർട്ടറിന് വൻ നഷ്ടമാണ്. 

തുടർച്ചയായി രണ്ടാം ആഴ്ചയും ഒന്നാമത് എത്തിയതിൻ്റെ ആഘോഷത്തിനിടയിൽ ആൻ്റോ അഗസ്റ്റിനാണ് ഉണ്ണി ബാലകൃഷ്ണൻ്റെ രാജി ജീവനക്കാരെ അറിയിച്ചത്. രണ്ട് ദിവസമായി ഉണ്ണി ബാലകൃഷ്ണൻ ഓഫീസിൽ എത്തിയിരുന്നില്ല. 

എഡിറ്റോറിയൽ നേതൃത്വത്തിലെ ഉണ്ണി ബാലകൃഷ്ണന്റെ വിടവ് നികത്താൻ റിപ്പോർട്ടർ മാനേജ്മെൻറ് പുതിയ ആളുകളെ തേടുന്നുണ്ട്. ട്വൻ്റി ഫോർ ന്യൂസിൽ നിന്ന് അടക്കം പരിചയസമ്പന്നരെ എത്തിക്കുന്നതിനെ കുറിച്ചാണ് റിപ്പോർട്ടറിലെ ആലോചന.