കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരെ ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ മാനനഷ്ട കേസ് ഫയൽ ചെയ്‌തെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന് സാന്ദ്ര തോമസ്.
പറഞ്ഞതിൽ നിന്ന് പിന്നോട്ടുപോകില്ല. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സാന്ദ്ര തോമസിനെതിരെ കേസ് ഫയൽ ചെയ്തത്. വാർത്താമാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതല്ലാതെ തന്നെ നിയമപരമായി ഒന്നുമറിയിച്ചിട്ടില്ലെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടു മാസം മുമ്പ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര തോമസ് പ്രൊഡക്ഷൻ കൺട്രോളർമാർക്ക് എതിരെ നടത്തിയ പരാമർശത്തിലാണ് മാനനഷ്ട കേസ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഫെഫ്ക പ്രൊഡക്ഷൻ കൺട്രോളർമാരുടെ സംഘടനയാണ് എറണാകുളം സബ്‌കോടതിയിൽ സാന്ദ്രയ്ക്ക് എതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്.
പ്രൊഡക്ഷൻ കൺട്രോളന്മാർ എന്ന സ്ഥാനം സിനിമയിൽ ഉണ്ടായിരിക്കേണ്ടതില്ല. കാരണം അവർ ചെയ്യുന്നത് പ്രൊഡക്ഷൻ കൺട്രോളർ അല്ല പകരം ആർട്ടിസ്റ്റ് മാനേജ്‌മെന്റ് മാത്രമാണ്.
പ്രൊഡക്ഷൻ കൺട്രോളിങ്ങിനെക്കുറിച്ച് ഇവർക്ക് ഒരു ധാരണയുമില്ല എന്ന പരാമർശമായിരുന്നു സാന്ദ്ര തോമസ് നടത്തിയത്. കൂടാതെ തന്റെ കൂടെ നിന്ന പല പ്രൊഡക്ഷൻ കൺട്രോളർമാരും വലിയ പണക്കാരാകുന്നു.
ഫ്‌ളാറ്റ് അടക്കം വാങ്ങുന്നുവെന്നും സാന്ദ്ര അഭിമുഖത്തിൽ പറഞ്ഞു. താൻ അറിയാതെ നിങ്ങൾ മോഷ്ടിച്ചോളൂ എന്ന് വേദനയോടെ പലരോടും പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്. ഈ പരാമർശത്തിലാണ് സാന്ദ്രയ്ക്ക് എതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
എന്നാൽ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അതിൽ നിന്നും പിന്നോട്ട് പോകില്ല എന്നുമാണ് സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചത്. നിയമപരമായി തനിക്ക് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കി.
വാർത്താ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങൾ അറിയുന്നത്. അതിനാൽ കൂടുതൽ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
എന്തെങ്കിലും തരത്തിലുള്ള നിയമനടപടികൾ വന്നാൽ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു. പ്രൊഡക്ഷൻ കൺട്രോളർമാരെ മോശക്കാരാക്കുന്ന പ്രസ്ഥാവനയാണ് സാന്ദ്ര തോമസ് നടത്തിയത് എന്നാണ് യൂണിയന്റെ ആരോപണം.