പ്രക്ഷേപണം തുടങ്ങും മുൻപേ'പ്രജ്ഞ ന്യൂസി'ൽ കൂട്ടപ്പിരിച്ചുവിടൽ. ജീവനക്കാർ പെരുവഴിയിൽ. പിരിച്ചുവിടൽ മുൻകൂർ നോട്ടീസ് നൽകാതെ.മാനേജ്മെൻ്റി നെതിരെ എറണാകുളം ലേബർ ഓഫീസർക്ക് പരാതി നൽകാൻ ജീവനക്കാർ. ഇടപെട്ട് പത്രപ്രവർത്തക യൂണിയൻ

കർമ്മ ന്യൂസ് എന്ന സ്ഥാപനത്തിൻ്റെ പേരിൽ സാറ്റ്ലൈറ്റ് ചാനൽ ആരംഭിക്കാൻ പോകുന്നു എന്ന രീതിയിലാണ് മാധ്യമപ്രവർത്തകരെയും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയും സ്ഥാപനത്തിലേക്ക് റികൂട്ട് ചെയ്തത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
media11

കൊച്ചി: പുതുതായി ആരംഭിക്കാനിരുന്ന പ്രജ്ഞ ന്യൂസ് ചാനൽ പ്രവർത്തനം പ്രതിസന്ധിയിലായതോടെ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലുമായി മനേജ്മെൻ്റ്

Advertisment

ജീവനക്കാരെ പിരിച്ചുവിടുന്നതിന് ഒരു മാസം മുമ്പായി മുൻകൂർ നോട്ടീസ് നൽകണമെന്ന നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് മാനേജ്മെൻ്റ് നടപടി.


15 ലധികം പേർക്കാണ് നിലവിൽ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിട്ടുള്ളത്.കർമ്മ ന്യൂസ് എന്ന സ്ഥാപനത്തിൻ്റെ പേരിൽ സാറ്റ്ലൈറ്റ് ചാനൽ ആരംഭിക്കാൻ പോകുന്നു എന്ന രീതിയിലാണ് മാധ്യമപ്രവർത്തകരെയും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയും സ്ഥാപനത്തിലേക്ക് റികൂട്ട് ചെയ്തത്.


 എന്നാൽ പിന്നീട് മാനേജ്മെൻ്റ് തലത്തിൽ ഉടലെടുത്ത ഭിന്നത പ്രജ്ഞ ന്യൂസ് എന്ന പുതിയ സ്ഥാപനത്തിലേക്ക് വഴി തുറക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ വൈറ്റില ഇടപ്പള്ളി ബൈപാസിൽ സ്ഥിതി ചെയ്യുന്ന ഒബ്റോൺമാളിൽ ആയിരുന്നു ജീവനക്കാർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കിയത്.

0662dd0a-05c8-425e-9eac-078ffea2efed

പിന്നീട് വെണ്ണലയിൽ ചാനലിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന സ്റ്റുഡിയോ സമുച്ചയത്തിലേക്ക് ജീവനക്കാരെ മാറ്റി. അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി ഒരുക്കാതെയാണ്  പത്രപ്രവർത്തക രടക്കമുള്ളവരെ അങ്ങോട്ട് മാറ്റിയത്.


11 മാധ്യമ പ്രവർത്തകർ, 2 വീതം ക്യാമറ, എഡിറ്റിങ്ങ്, ഗ്രാഫിക്സ് ടീമാണ് ഇവിടെ ഉണ്ടായത്.ചാനലിൻ്റെ ( നിലവിൽ പ്രജ്ഞ ന്യൂസ് LLP)സമൂഹമാധ്യമ പേജുകളിൽ വാർത്ത കാർഡുകൾ, വീഡിയോകൾ ചെയ്യുകയായിരുന്നു ഇവരുടെ ജോലി. 3 ഷിഫ്റ്റുകളായിട്ടാണ് ഇവർ ജോലി ചെയ്തിരുന്നത്.


ഇതിനിടയിൽ മാനേജ്മെൻ്റ് തലത്തിൽ ഉടലെടുത്ത തർക്കങ്ങളെ തുടർന്ന് കമ്പനി സി.ഇ.ഒ  സോംദേവിന് മർദനമേൽക്കുയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

 ഇതിനിടെ രണ്ട് മാധ്യമ പ്രവർത്തകർ സ്ഥാപനത്തിൽ നിന്നും രാജിവെച്ച് പോയി. പിന്നീട് ജീവനക്കാർ ജോലിയില്ലാതെ ഓഫീസിൽ വെറുതെ ഇരിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. 

ആ സമയത്ത് കമ്പനി സി.ഇ.ഒ സോംദേവ് മാധ്യമ പ്രവർത്തകരുടെ യോഗം വിളിച്ച് പുതിയ പേരിൽ സ്ഥാപനം നിലവിൽ വരുമെന്നും ആരുടെയും ജോലിയെ പ്രതികൂലമായി ബാധിക്കില്ലെന്നും  ഉറപ്പ് നൽകി.

എന്നാൽ ഈ മാസം 20 ന് രാത്രി 12 മണിയോടെ മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ  മെയ് 31 ന് ജോലിയിൽ നിന്ന് പിരിച്ച് വിട്ട് കൊണ്ടുള്ള നോട്ടീസ് കമ്പനി എച്.ആറിൻ്റെ ഇമെയിലിൽ നിന്ന് ജീവനക്കാർക്ക് ലഭിക്കുകയായിരുന്നു.
 


 സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മാനേജ്മെൻ്റ് നടപടി.   അതേ സമയം  ഉറപ്പുകളില്ലാതെ  ഡിപ്പാർട്ട്മെൻ്റ് തലവൻമാരെ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. 


ഇതിൽ രണ്ട് പേർ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നവരാണ്. മൂന്ന് പേർ 50,000 രൂപയിൽ അധികം പ്രതിഫലം വാങ്ങുന്നവരുമാണ്.

പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതിന് ശേഷം ജീവനക്കാർ രണ്ട് തവണ സിഇഒ സോംദേവിനേയും എച്ച്.ആർ മാനേജർ ടിംസണേയും നേരിൽ കണ്ട്  പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.


 നിലവിൽ അവിടെ ജോലിക്കെത്തിയ മാധ്യമപ്രവർത്തകർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. 


നടപടി നേരിടുന്ന ജീവനക്കാർ പത്രപ്രവർത്തക യൂണിയനിലും പരാതി നൽകിയിട്ടുണ്ട്. പിരിച്ചു വിടലിന് പുറമേ അഞ്ച് വർഷത്തേക്ക് കമ്പനിക്കെതിരെ ആരും നിയമനടപടിയുമായി മുന്നോട്ട് പോകില്ലെന്ന് നിർബന്ധപൂർവ്വം എഴുതി വാങ്ങാനും ശ്രമം നടക്കുകയാണ്.

 ഇതിന് പുറമേ ജീവനക്കാരുടെ റിലീവിങ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.