കൊച്ചി: മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ റിപോർട്ടർ ടി.വി അജയ്യത ഉറപ്പിക്കുന്നു. തുടർച്ചയായി നാലാം ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളി റിപോർട്ടർ ടിവി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഇന്ത്യാ-പാക് സംഘർഷ സമയത്തെ താൽക്കാലിക പ്രതിഭാസമാണ് റിപോർട്ടറിൻെറ റേറ്റിങ്ങ് കുതിപ്പെന്നും അത് താൽക്കാലിക പ്രതിഭാസമാണെന്നും പറഞ്ഞിരുന്ന ഏഷ്യാനെറ്റ് ന്യൂസിൻെറ ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് റിപോർട്ടറിൻെറ ഈ കുതിപ്പ്.
ചാനലുകളുടെ റേറ്റിങ്ങ് വിലയിരുത്തുന്ന ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാർക്) ഇന്ന് പുറത്തുവിട്ട കേരളാ യൂണിവേഴ്സ് വിഭാഗത്തിലെ റേറ്റിങ്ങിൽ 108.8 പോയിൻറ് നേടിയാണ് റിപോർട്ടർ ഒന്നാം സ്ഥാനം നിലനിർത്തിയത്.
/sathyam/media/media_files/2025/03/28/imgbDKrjJeLDhENaVVLT.jpg)
രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് 94.77 പോയിൻറ് ലഭിച്ചു. ഒന്നാം സ്ഥാനത്തുളള റിപോർട്ടർ ടിവിയും രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും തമ്മിലുളള പോയിൻറ് വ്യത്യാസം 14.03 പോയിൻറാണ്. മുൻ ആഴ്ചയിൽ ഇത് 11,62 പോയിൻറായിരുന്നു.
കഴിഞ്ഞയാഴ്ചയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന് 2.49 പോയിൻറ് കുറഞ്ഞതാണ് ഇരുചാനലുകൾക്കും ഇടയിലുളള വ്യത്യാസം കൂടാൻ കാരണം. കാലങ്ങളായി നിലനിർത്തിയിരുന്ന ഒന്നാംസ്ഥാനത്തേക്ക് മടങ്ങിവരാൻ ശ്രമിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഇത് ആശാവഹമല്ല.
തുടർച്ചയായി നാല് ആഴ്ചകളിൽ നേടുന്ന പോയിൻറിൻെറ ശരാശരിയാണ് ഓരോ ആഴ്ചയും പുറത്ത് വരുന്ന റേറ്റിങ്ങ്. ഈയാഴ്ചയിൽ റിപോർട്ടർ കൈവരിച്ച ഉയർന്ന പോയിൻറ് വരുന്ന മൂന്ന് ആഴ്ചകളിലേ റേറ്റിങ്ങ് കണക്കിലും പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ഒന്നാം സ്ഥാനം തിരികെ പിടിക്കുക ഏഷ്യാനെറ്റിന് നിലവിലെ സാഹചര്യത്തില്‍ അത്ര എളുപ്പമല്ല.
അല്ലെങ്കിൽ സ്വന്തം റേറ്റിങ്ങ് പോയിൻറ് കുത്തനെ വർദ്ധിപ്പിക്കണം. നാല് ആഴ്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ അത്തരമൊരു പ്രവണത ഏഷ്യാനെറ്റ് ന്യൂസിൻെറ റേറ്റിങ്ങിൽ പ്രകടമല്ല. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും റിപോർട്ടറിൻെറ ചടുലമായ വാർത്താവതരണ ശൈലിക്കും വിപുലമായ കവറേജിനും ഒപ്പമെത്താൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിയുന്നില്ല.
/sathyam/media/media_files/2024/11/14/6bgOK5nHRk8y21nZ7dPK.jpg)
ശീലിച്ചു വന്ന കാര്യങ്ങളിൽ നിന്ന് മാറാന്‍ എഡിറ്റോറിയൽ ടീമിന് വിമുഖതയുളളത് പോലെയാണ് പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് റിപോർട്ടറിനെ കടത്തിവെട്ടുന്ന തരത്തിൽ വിപുലമായ റിപോർട്ടിങ്ങ് ടീമിനെയാണ് ഏഷ്യാനെറ്റ് ന്യൂസ് വിന്യസിച്ചിരിക്കുന്നത്.
എന്നാൽ എത്ര പരിശ്രമിച്ചിട്ടും സ്ക്രീനിലും വാർത്താ ആവതരണത്തിലും ആകർഷണീയതയും ചടുലതയും കൊണ്ടുവരാനാകുന്നില്ല. ടെലിവിഷനിൽ വാർത്ത കാണുന്നവരുടെ അഭിരുചിയിൽ വന്ന മാറ്റവും ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളിയാണ്. കേരളത്തിൽ പെയ്ത കനത്ത മഴയായിരുന്നു റേറ്റിങ്ങ് പുറത്തുവന്ന വാരത്തിലെ പ്രധാന വിഷയം.
പോയിൻറ് നിലയിൽ വർദ്ധനവ് ഉണ്ടെങ്കിലും മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ ട്വൻറി ഫോർ ന്യസിനും കഴിഞ്ഞിട്ടില്ല. ഇന്ന് പുറത്തുവന്ന റേറ്റിങ്ങിലും 80.31 പോയിൻറുമായി ട്വൻറി ഫോർ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസുമായി ട്വൻറി ഫോറിനും 14 പോയിൻറ് വ്യത്യാസമുണ്ട്.
/sathyam/media/media_files/2025/06/05/cnbh5cd2o0c9IQWWC72J.jpg)
ട്വൻറി ഫോറിൻെറ ചിരവൈരികളും ഒന്നാം സ്ഥാനക്കാരുമായുളള വ്യത്യാസം 28 പോയിൻറിലേറെയാണ്. എന്നാൽ മുൻ ആഴ്ചയിലേക്കാൾ 7 പോയിൻേറാളം വർദ്ധിപ്പിക്കാനായത് ട്വൻറി ഫോറിന് ആശ്വാസകരമാണ്.
മറ്റ് ചാനലുകൾക്കൊന്നും ഇല്ലാത്ത പോയിൻറ് വർദ്ധനവാണ് ട്വൻറി ഫോറിന് ലഭിച്ചത്. ഒന്നാം സ്ഥാനക്കാരായ റിപോർട്ടർ ടിവി മുൻ ആഴ്ചയിലെ അതേ പോയിൻറ് നിലയിലും ഏഷ്യാനെറ്റ് 2.49 പോയിൻറ് കുറയുകയാണ് ചെയ്തിരിക്കുന്നത്.
പോയ ആഴ്ചയും മനോരമ ന്യൂസ് തന്നെയാണ് നാലാം സ്ഥാനത്ത്. 41.04 പോയിൻറാണ് മനോരമ ന്യൂസ് നേടിയത്. മുൻ ആഴ്ചയിലേക്കാൾ 2 പോയിൻറ് വർദ്ധിപ്പിച്ചാണ് മനോരമ ന്യസ് 41 പോയിൻറിലേക്ക് എത്തിയത്. മാതൃഭൂമി ന്യൂസും അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
/sathyam/media/media_files/2025/03/27/7JtvRcYkgdmj1qgchNfq.jpg)
37.76 പോയിൻറാണ് മാതൃഭൂമി ന്യൂസിൻെറ നേട്ടം. മാതൃഭൂമി ന്യൂസിനും മുൻ ആഴ്ചയിലേക്കാൾ 1 പോയിൻറിലേറെ കൂട്ടാൻ കഴിഞ്ഞു. ആറാം സ്ഥാനത്തുളള ന്യൂസ് മലയാളം 24 x 7 ന് കഴിഞ്ഞയാഴ്ചയേക്കാൾ പോയിൻറ് കുറഞ്ഞു.
27.99 പോയിൻറ് ഉണ്ടായിരുന്ന ന്യൂസ് മലയാളം 24x7 ന് ഈയാഴ്ച 27.77 പോയിൻറിലേക്ക് താണു. 24.26 പോയിൻറുമായി ജനം ടിവി ഏഴാം സ്ഥാനത്തും 15.56 പോയിൻറുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുമുണ്ട്.
15.23 പോയിൻറുമായി ഒൻപതാം സ്ഥാനത്തുളള ന്യൂസ് 18 കേരളം കൈരളിയുടെ തൊട്ട് പിന്നിൽ തന്നെയുണ്ട്. 6.65 പോയിൻറുമായി മീഡിയാ വൺ ചാനലാണ് ഏറ്റവും പിന്നിൽ.