കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞ് കേരള ഹൈക്കോടതി. എൻഎസ്‌യുഐ ലക്ഷദ്വീപ് അധ്യക്ഷന്റെ ഹർജിയിന്മേലാണ് കോടതിയുടെ നടപടിയുണ്ടായത്.
അറബിയും മഹൽഭാഷയും പിന്തള്ളി ത്രിഭാഷാ സംവിധാനം ഏർപ്പെടുത്തുന്നതായിരുന്നു ഭാഷാ പരിഷ്‌കരിക്കുന്നതിനായി ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പത്മാകർ റാം ത്രിപാഠി ഉത്തരവിറക്കിയിരുന്നു.
ഇത് പ്രകാരം കേരള സിലബസിലും സിബിഎസ്ഇയിലും മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ മാത്രമാകും പഠിപ്പിക്കുക. പദ്ധതി നടപ്പിൽ വരുന്നതോടെ മിനിക്കോയ് ദ്വീപിലെ സംസാര ഭാഷയായ മഹൽഭാഷപഠനവും വഴിമുട്ടും.
നിലവിൽ 3092 വിദ്യാർഥികളാണ് ലക്ഷ്വദീപിൽ അറബി പഠിച്ചിരുന്നത്. ദ്വീപിൽ ജൂൺ 9ന് സ്‌കൂൾ തുറക്കുമ്പോൾ കഴിഞ്ഞ വർഷം വരെ അറബ് പഠിച്ച കുട്ടികൾ ഈ വർഷം മുതൽ ഹിന്ദി പഠിക്കേണ്ടിവരും. ഒൻപതിന് കോടതി ഹർജി വീണ്ടും പരിഗണിക്കും.