കൊച്ചി: വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ മലപ്പുറം കൂരിയാട് ദേശീയപാത 66 തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി അധികൃതർ ഹൈക്കോടതിയിൽ.
ഉരുൾപൊട്ടലിനെത്തുടർന്നു ഭൂമിയിലുണ്ടായ സമ്മർദ്ദം റോഡ് തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് എൻഎച്ച്എഐ പറയുന്നത്. നെൽവയൽ നികത്തിയാണ് കൂരിയാട് ദേശീയപാത 66 നിർമ്മിച്ചത്.
ഇതിനു സമീപത്തുകൂടിയാണ് ചാലിയാറിന്റെ പോഷകനദിയായ പാണമ്പുഴ കടന്നുപോകുന്നത്. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുന്ന 2024, ജൂലൈ 30 ന് മുമ്പു തന്നെ, 2024 ഫെബ്രുവരിയിൽ ദേശീയപാതയുടെ വലതുപാർശ്വഭിത്തിയുടെ നിർമ്മാണം ആരംഭിച്ചിരുന്നു. 2024 മാർച്ചിൽ ഇടതു പാർശ്വഭിത്തിയുടെ നിർമ്മാണവും തുടങ്ങി.
വയനാട് ഉരുൾപൊട്ടലിനുശേഷം ആഴ്ചകളോളം കൂരിയാട് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇത് മണ്ണിന്റെ പാളികളെ ദുർബലമാക്കി. ഇതാണ് റോഡ് തകർച്ചയ്ക്ക് കാരണമായതെന്ന് ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
'തുടർച്ചയായി പെയ്ത മഴയുടെയും വെള്ളം കെട്ടിക്കിടക്കുന്നതിന്റെയും ഫലമായി, ഇടതുവശത്തുള്ള സർവീസ് റോഡിന്റെ മുകൾഭാഗത്ത് ഒരു ആഴ്ചയോളം 0.30 മീറ്ററിലധികം ഉയരത്തിൽ വെള്ളക്കെട്ടായിരുന്നു.' ദേശീയപാത അതോറിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
വയനാട്ടിലെ ഉരുൾപൊട്ടൽ സമീപകാലത്തെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തങ്ങളിലൊന്നാണ്. ഇത് വയനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലും മനുഷ്യർക്കും സ്വത്തിനും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.