കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് തന്നോടാവാം എന്ന് അഭിലാഷ് കുറിച്ചു.
ജീവിതത്തിൽ ചില ഓർമകൾ നമ്മളെ വല്ലാതെ വേട്ടയാടും. ഡാഡിയോട് ഒരു വാക്ക് തരാം ഷൈൻ ചേട്ടൻ ഒറ്റക്കല്ല ഒപ്പമുണ്ട് ഞങ്ങൾ അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജീവിതത്തിൽ ചില ഓർമ്മകൾ നമ്മളെ വല്ലാതെ വേട്ടയാടും, കഴിഞ്ഞ ദിവസം രാവിലെ കേട്ട ഈ മരണ വാർത്ത മനസ്സിൽ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടാക്കുന്നു, അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം.
ബാംഗ്ലൂർ പോകുന്ന വഴി ഷൈൻ ചേട്ടനും അമ്മയും അച്ഛനും ചേർന്ന് 10 മിനിറ്റ് സമയം എന്നോട് സംസാരിച്ചിരുന്നു.
അതിനും മണിക്കൂറുകൾക്ക് മുന്നേ പുതിയ സിനിമയുടെ ഡബ്ബിങ് നടക്കുന്ന സ്റ്റുഡിയോയിൽ നിന്നും വീഡിയോ കോൾ ചെയ്തു സംസാരിച്ച ഷൈൻ ചേട്ടനും ഡാഡിക്കും മമ്മിക്കും എന്നെയൊന്നു നേരിട്ട് കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എന്റെ ജോലി തിരക്ക് കാരണം കാണാൻ കഴിയാതെ പോയത് മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ഉണ്ടാക്കുന്നു.
രാത്രി വൈകി വിളിച്ചു സംസാരിച്ചപ്പോൾ ഒപ്പം ഞാൻ ഉണ്ടാകും ട്രീറ്റ്മെന്റ് കഴിഞ്ഞു വാ എന്നിട്ട് നമ്മുക്ക് ഒരു യാത്രയൊക്കെ പോകണം പുതിയ സിനിമ ചെയ്യണം അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ പറഞ്ഞു തമ്മിൽ, ഫോൺ വെക്കുന്നതിന് മുന്നേ ഞാൻ ചോദിച്ചിരുന്നു.
ഈ രാത്രി ബാംഗ്ലൂർ പോകണമോന്നു. എന്നാൽ രാവിലെ കേട്ട വാർത്ത അത് സത്യമാകല്ലേ ദൈവമേ എന്ന് പ്രാർത്ഥിച്ചു പക്ഷെ ഈ വിധി അല്പം ക്രൂരമായി പോയി. ഡാഡിയോട് ഒരു വാക്ക് തരാം ഷൈൻ ചേട്ടൻ ഒറ്റക്കല്ല ഒപ്പമുണ്ട് ഞങ്ങൾ.