കൊച്ചി: പാർട്ടി ജില്ലാ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ സിപിഐയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം.
എല്ലാ ജില്ലകളിലും മണ്ഡലം സമ്മേളനങ്ങൾ പൂർത്തിയായി വരികയാണ്. ജൂലായ് ആദ്യ വാരം ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമാവും.
പാലക്കാട്, എറണാകുളം ജില്ലകളിൽ പാർട്ടിയിൽ വിഭാഗീയത രൂക്ഷമാണ്.
ബിനോയ് വിശ്വത്തെ എതിർത്തു കൊണ്ട് എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരനും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദനും തമ്മിലുള്ളതെന്ന് പറയപ്പെടുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ നീക്കങ്ങൾ നടക്കുന്നതായി ഔദ്യോഗിക വിഭാഗം കരുതുന്നുണ്ട്.
പാർട്ടി സെക്രട്ടറി എന്ന നിലയിൽ പ്രാപ്തി ഇല്ലാത്ത ആളാണ് ബിനോയ് വിശ്വമെന്നും നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ചാനലുകൾ പുറത്തു വിട്ട ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
സംസ്ഥാന സമ്മേളനം സെപ്റ്റംബർ മാസം ആലപ്പുഴയിൽ നടക്കാനിരിക്കെ സംസ്ഥാന സെക്രട്ടറിക്കെതിരെ ശക്തമായ നീക്കത്തിനാണ് മറു ചേരി ലക്ഷ്യം വെക്കുന്നത്.
ജില്ലാ സമ്മേളനങ്ങളിൽ ഈ നീക്കം സജീവമാക്കി ശക്തി സംഭരിക്കാനാനാണ് ബിനോയ് വിരുദ്ധ നേതാക്കളുടെ ശ്രമം. പൂർത്തിയായ എല്ലാ സമ്മേളനങ്ങളിലും ബിനോയ് വിശ്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
പാർട്ടിയുടെ മാനം കളഞ്ഞു കുളിച്ച് പിണറായിക്ക് ദാസ്യപണി ചെയ്യുന്നു എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്.
കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള മുൻകാല സെക്രട്ടറിമാർ വിഷയങ്ങളെ കൃത്യതയോടെ സമീപിച്ച ചരിത്രമാണ് ഉണ്ടായിരുന്നതെന്നും കാനത്തിന്റെ പിൻഗാമിയായി വന്ന ബിനോയ് വിശ്വം പാർട്ടിയുടെ വ്യക്തിത്വം തന്നെ ചുരുങ്ങിയ കാലം കൊണ്ട് ഇല്ലാതാക്കിയെന്നും ഒരു വിഭാഗം പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിനെതിരെ തിടുക്കത്തിൽ നടപടി എടുത്ത് അപമാനിച്ചതും ബിനോയ് വിശ്വത്തിനെതിരായ എതിർപ്പിന് ശക്തി കൂട്ടി.
കാനത്തിന് ശേഷം സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട കെ പ്രകാശ്ബാബുവിനെ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ താല്പര്യത്തിൽ ഒതുക്കിയതാണെന്ന വിമർശനവും സമ്മേളനങ്ങളിൽ ചൂട് പിടിക്കാൻ സാധ്യതയുണ്ട്.