കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ -3 എന്ന ചരക്കുകപ്പല്‍ അപകടത്തില്‍ പൊലീസ് കേസെടുത്തു.
ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എംഎസ് സി എല്‍സ എന്ന കപ്പലിന്റെ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും കപ്പല്‍ ക്രൂ മൂന്നാം പ്രതിയുമാണ്.
മനുഷ്യജീവന് അപകടകരമാകുന്നതും പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതുമായ വസ്തുക്കള്‍ കയറ്റിയ കപ്പല്‍ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
സ്‌ഫോടക വസ്തുക്കള്‍, പരിസ്ഥിതി നാശം വരുത്താവുന്ന ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ കടലില്‍ വീഴുകയും വലിയ പാരിസ്ഥിതിക നാശത്തിന് ഇടയാക്കുകയും ചെയ്തിരിക്കുന്നു.
ഇതുമൂലം മത്സ്യബന്ധന മേഖലയെയും പ്രതികൂലമായി ബാധിച്ചു. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വരുമാന മാര്‍ഗമാണ് കപ്പല്‍ അപകടം മൂലം ഉണ്ടായതെന്നും എഫ്‌ഐആറില്‍ പറയുന്നു.
സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.