കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ (റെഡ് സോൺ) മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകൾ, പാര ഗ്ലൈഡറുകൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ, ഡ്രോണുകൾ, പവർ ഹാൻഡ് ഗ്ലൈഡറുകൾ, ലേസർ രശ്മികൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് ഉത്തരവിട്ടു.
വിമാനത്താവള ഡയറക്ടർ, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി, ആലുവ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഈ ഉപകരണങ്ങളുടെ അനധികൃത ഉപയോഗം വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റിപ്പോർട്ടുകളിൽ അറിയിച്ചിരുന്നു.
റൺവേയുടെ സമീപത്തും ലാൻഡിംഗ് പാതയിലും ഇവ പറത്തുന്നത് വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.