/sathyam/media/media_files/2025/06/26/news-channel-rating-reporter-first-2025-06-26-18-05-26.jpg)
കൊച്ചി: മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ വീണ്ടും അട്ടിമറി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ച് ഒന്നര പോയിന്‍റ് വ്യത്യാസത്തില്‍ റിപോർട്ടർ ടിവി വീണ്ടും മുന്നിലേക്കെത്തി.
റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ അഥവാ ബാർക് ഇന്ന് പുറത്തു വിട്ട റേറ്റിങ്ങിൽ കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 116 പോയിൻറ് നേടിയാണ് റിപോർട്ടർ ടിവി ഒരാഴ്ച്ചത്തെ ഇടവേളക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.
തുടർച്ചയായി 5 ആഴ്ച റേറ്റിങ്ങിൽ ഒന്നാമതായിരുന്ന റിപോർട്ടറിനെ പിന്തളളി കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു. എന്നാൽ ഏഷ്യാനെറ്റിൻെറ ഒന്നാം സ്ഥാനത്തേക്കുളള തിരിച്ചുവരവിന് ഒരാഴ്ചയുടെ ആയുസേയുണ്ടായുളളു.
മലയാളം വാർത്താ ചാനൽ രംഗത്തെ റേറ്റിങ്ങ് മത്സരം എത്രമാത്രം കടുത്തതാണെന്നതിൻെറ തെളിവാണിത്. കഴിഞ്ഞയാഴ്ച നേടിയ 86 പോയിൻറിൽ നിന്ന് 30 പോയിൻറ് കുത്തനെ വർദ്ധിപ്പിച്ചാണ് 116 പോയിൻറ് നേടി റിപോർട്ടർ ടിവി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കടന്നിരുന്നത്.
ഒരാഴ്ചത്തെ റേറ്റിങ്ങിൽ ഒരു ചാനൽ സമീപ കാലത്ത് നേടുന്ന ഏറ്റവും വലിയ വർദ്ധനവാണിത്. ഷിരൂർ തിരച്ചിൽ, വയനാട് ഉരുൾപൊട്ടൽ ദുരന്തം, തുടങ്ങിയ സംഭവങ്ങൾ പരമ്പരപോലെ ആവർത്തിച്ചപ്പോഴാണ് ഇതിന് മുൻപ് റേറ്റിങ്ങിൽ ചാനലുകൾ വൻകുതിച്ചുചാട്ടം നടത്തിയത്.
അതേസമയം, ചാനല്‍ റേറ്റിങ് കണക്കാക്കുന്ന അല്‍ഗൊരിതത്തില്‍ കഴിഞ്ഞ ആഴ്ച മുതല്‍ ബാര്‍ക് മാറ്റം വരുത്തി. മുന്‍പ് കഴിഞ്ഞുപോയ 4 ആഴ്ചകളിലെ ആവറേജ് കണക്കാക്കിയാണ് ഓരോ ആഴ്ചയിലെയും റേറ്റിങ് നിശ്ചയിച്ചിരുന്നത് എങ്കില്‍ കഴിഞ്ഞ ആഴ്ച മുതല്‍ അതാത് ആഴ്ചയിലെ പ്രേക്ഷകരുടെ എണ്ണം മാത്രം കണക്കാക്കിയാണ് റേറ്റിങ് കണക്കാക്കുക. പെട്ടെന്ന് പോയിന്‍റ് നില ഉയരാന്‍ ഇതും കാരണമാണ്.
അഹമ്മദാബാദ് വിമാനദുരന്തത്തിന് ശേഷമുളള വാർത്താ സംഭവങ്ങളും നിലമ്പൂർ കലാശക്കൊട്ട്, വോട്ടെടുപ്പ്, ഇസ്രയേൽ - ഇറാൻ സംഘർഷം തുടങ്ങിയ വാർത്തകളുമാണ് റിപോർട്ടർ അടക്കമുളള ചാനലുകളുടെ റേറ്റിങ്ങ് കുതിപ്പിന് വളമായത്.
രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിന് 114.36 പോയിൻറാണ് ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനും മുൻ ആഴ്ചയിലേക്കാൾ 23.36 പോയിൻറ് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ റിപോർട്ടറിൻെറ 30 പോയിൻറ് വളർച്ചയിൽ ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനം നഷ്ടമാകുകയായിരുന്നു.
ജൂൺ 12ന് ഉണ്ടായ അഹമ്മദാബാദ് വിമാനപകടത്തിൻെറ റിപോർട്ടിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് മികവ് പുലർത്തിയിരുന്നു. ഇസ്രയേൽ - ഇറാൻ സംഘർഷവും മലയാളം ചാനലിൻെറ പരിമിതിയിൽ നിന്ന് ആധികാരികമായി റിപോർട്ട് ചെയ്യാൻ ഏഷ്യാനെറ്റ് ന്യൂസിനായി.
എന്നാൽ വലിയ വാർത്താ സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിയുന്നില്ലെന്നതാണ് അവരെയും ചിന്തിപ്പിക്കുന്ന വിഷയം. ഊർജസ്വലതയും ചടുലതയുമുളള അവതാരകർ ഇല്ലാത്തതും മിഴിവുളള സ്ക്രീനും ഓൺലൈൻ ഗ്രാഫിക്സുമില്ലാത്തതാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ ദൗർബല്യം.
വലിയ വാർത്താ സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്ഥിരംപ്രേക്ഷകർ പോലും റിപോർട്ടറിലേക്കും ട്വൻറിഫോർ ന്യൂസിലേക്കും പോകുകയാണ്. വാർത്താ സംഭവത്തെ പെരുപ്പിച്ച് കാണിക്കുകയും വലിയതെന്തോ സംഭവിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനും കഴിയുന്നതാണ് റിപോർട്ടറിൻെറ മേന്മ.
എന്നാൽ വിശ്വാസ്യതയുളള റിപോർട്ടർമാരില്ലാത്തതും പക്ഷപാതപരവും സംതുലനം ഇല്ലാത്തതുമായ വാർത്താ ശൈലിയും റിപോർട്ടറിൻെറ ന്യൂനതകളാണ്. അവതാരകരുടെ അമിതാവേശവും അബദ്ധങ്ങളും എല്ലാം ഉണ്ടെങ്കിലും ആകെ മൊത്തം ജഗപൊകയെന്ന് തോന്നിപ്പിക്കുന്നതാണ് റിപോർട്ടറിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത്.
വലിയ വാർത്താ സംഭവങ്ങളുണ്ടായ ആഴ്ചയിൽ ട്വൻറി ഫോർ ന്യൂസിനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായി. എന്നാൽ മൂന്നാം സ്ഥാനത്ത് നിന്ന് രക്ഷപ്പെടാനിയിട്ടില്ലെന്ന് മാത്രം. കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 106.69 പോയിൻറാണ് ട്വൻറി ഫോറിൻെറ നേട്ടം. എന്നാൽ മുൻ ആഴ്ചയിലെ 76 പോയിൻറിൽ നിന്നാണ് ട്വൻറി ഫോർ 106.69 പോയിൻറിലേക്ക് ഉയർന്നത്.
റിപോർട്ടറിനെ പോലെ ട്വൻറി ഫോറും ഒറ്റയാഴ്ച കൊണ്ട് 30.69 പോയിൻറിൻെറ വളർച്ച നേടി. അടുത്തകാലത്ത് ട്വൻറി ഫോർ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്. രണ്ടാം സ്ഥാനക്കാരായ ഏഷ്യാനെറ്റ് ന്യൂസുമായുളള ട്വൻറി ഫോറിൻെറ വ്യത്യാസം 8 പോയിൻറ് മാത്രമാണ്. ഇതേ റേറ്റിങ്ങ് വളർച്ച നിലനിർത്താനായാൽ ട്വൻറി ഫോറിന് രണ്ടാം സ്ഥാനത്തേക്ക് വരാം.
മനോരമ ന്യൂസിൻെറ നാലാം സ്ഥാനത്തിനും മാറ്റമില്ല. മുൻ ആഴ്ചയിൽ ലഭിച്ച 42 പോയിൻറിൽ നിന്ന് 52.55 പോയിൻറിലേക്ക് വളരാൻ കഴിഞ്ഞതാണ് മനോരമാ ന്യൂസിൻെറ നേട്ടം. കെട്ടിലും മട്ടിലും ഉളളടക്കത്തിലും മാറ്റം വരുത്തിയ ശേഷം ലഭിച്ച ഈ വളർച്ച മനോരമാ ന്യൂസ് ടീമിൻെറ ആത്മവിശ്വാസം കൂട്ടുമെന്ന് തീർച്ചയാണ്.
45.83 പോയിൻറുമായി മാതൃഭൂമി ന്യൂസാണ് റേറ്റിങ്ങിൽ അഞ്ചാം സ്ഥാനത്തുളളത്. മുൻ ആഴ്ചയിലേക്കാൾ 7 പോയിൻറ് വർദ്ധിപ്പിക്കാനായി എന്നത് മാതൃഭൂമി ന്യൂസിനും നേട്ടമായി. വലിയ വാർത്താ സംഭവങ്ങൾ ഉണ്ടായിട്ടും റേറ്റിങ്ങിൽ കുതിച്ചുചാട്ടം നടത്താൻ ന്യൂസ് മലയാളം 24x7 ന് ഈയാഴ്ചയും കഴിഞ്ഞിട്ടില്ല.
മുൻ ആഴ്ചയിൽ 27 പോയിൻറ് ഉണ്ടായിരുന്ന ന്യൂസ് മലയാളത്തിന് 30.73 പോയിൻറ് മാത്രമാണ് നേടാനായത്. ആറാം സ്ഥാനത്തുളള ന്യൂസ് മലയാളത്തിന് പിന്നിലായി ഏഴാം സ്ഥാനത്ത് കൈരളി ന്യൂസുണ്ട്. 26.52 പോയിൻറ് നേടിയാണ് കൈരളി ന്യൂസ്, ജനം ടിവിയെ പിന്തളളി ഏഴാം സ്ഥാനത്തെത്തിയത്.
21.06 പോയിൻറുമായി ജനം ടിവി എട്ടാം സ്ഥാനത്തും 18.21 പോയിൻറുമായി ന്യൂസ് 18 കേരളം ഒൻപതാം സ്ഥാനത്തുമുണ്ട്. ചാനലുകൾക്ക് പൊതുവിൽ പോയിൻറ് വർദ്ധിച്ചത് ഏറ്റവും അവസാനക്കാരായ മീഡിയ വണ്ണിനും ഗുണകരമായി. സ്ഥിരമായി 10 ൽ താഴെ പോയിൻറ് നേടിക്കൊണ്ടിരുന്ന മീഡിയാ വണ്ണിന് ഇക്കുറി 11.4 പോയിൻറുണ്ട്.