കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവ് തിരുത്തി സഭാ സിനഡ് അസാധുവായി പ്രഖ്യാപിച്ച ജനാഭിമുഖ കുര്‍ബ്ബാനയ്ക്ക് അനുമതി നല്‍കിയ തീരുമാനത്തിന്‍റെ പേരില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനും മാര്‍ ജോസഫ് പാംപ്ലാനിക്കുമെതിരെ പൊതുവികാരം.
സഭയിലെ ബഹുഭൂരിപക്ഷം മെത്രാന്‍മാരും വൈദികരും വിശ്വാസികളും സഭാ തലവനായ മാര്‍ റാഫില്‍ തട്ടിലിനെ എതിര്‍ക്കുന്ന അസാധാരണ സാഹചര്യങ്ങളാണ് സഭയില്‍ ഉടലെടുത്തിരിക്കുന്നത്.
സഭാ തലവനില്‍ സഭയിലെ ബഹുഭൂരിപക്ഷത്തിനും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിശ്വാസികള്‍ രൂപീകരിച്ച നവമാധ്യമ കൂട്ടായ്മകളില്‍ ഉള്‍പ്പെടെ മാര്‍ തട്ടിലിന്‍റെയും മാര്‍ ജോസഫ് പാംപ്ലാനിയുടെയും രാജിക്കായി മുറവിളി ഉയര്‍ന്നുകഴിഞ്ഞു.
എറണാകുളം അതിരൂപതയില്‍ ഒഴികെയുള്ള എല്ലാ രൂപതകളിലെയും വൈദികര്‍ക്കിടയിലും ജനാഭിമുഖ കുര്‍ബാന നിയമവിധേയമാക്കിയ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പാണ്.
വരുന്ന സിനഡില്‍ വിശ്വാസികളുടെയും വൈദികരുടെയും പൊതുവികാരം ബിഷപ്പുമാര്‍ സഭാ നേതൃത്വത്തെ അറിയിച്ചേക്കും. സഭയ്ക്കാകെ അവമതിപ്പുണ്ടാക്കിയ തീരുമാനമായാണ് ഇത് ചിത്രീകരിക്കപ്പെടുന്നത്.
അള്‍ത്താരയില്‍ അതിക്രമം കാണിച്ച വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ പിന്‍വലിക്കാനുള്ള തീരുമാനവും പ്രതിഷേധം ക്ഷണിച്ചുവരുത്തിയട്ടുണ്ട്. രണ്ട് പിതാക്കന്മാരെയും വിമത വിഭാഗം ഹൈജാക്ക് ചെയ്തു എന്ന ആരോപണവും ശക്തമാണ്.