'ഒരിക്കൽ റൗഡിയായിരുന്നയാൾ എല്ലാകാലവും അങ്ങനെ ആകണമെന്നില്ല'. എട്ടുവർഷമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത യുവാവിന്‍റെ പേര് റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി

താൻ മാറ്റത്തിന്‍റെ പാതയിലാണ്. സഹോദരനൊപ്പം ജോലി നോക്കുന്നു. പ്രായമായ മാതാവിനെ പരിചരിക്കുന്നു.

New Update
highcourt kerala

 കൊച്ചി: എട്ടുവർഷമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത യുവാവിനെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി.

Advertisment

ഫോർട്ട് കൊച്ചി സ്വദേശിയായ യുവാവിന്‍റെ പേര് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനാണ് ഹൈക്കോടതി ഉത്തരവ്.


ശിക്ഷയും കോടതിയും ജയിലുമൊക്കെ ഏതൊരു കുറ്റവാളിറ്റിക്കും മാറാനുള്ള അവസരമാണ്. ഒരാൾ പരിഷ്കരണത്തിന്റെ ഭാഗമാവുകയാണെങ്കിൽ അതിനെ പിന്തുണക്കണം, ഒരിക്കൽ റൗഡിയായിരുന്നയാൾ എല്ലാകാലവും അങ്ങനെ ആകണമെന്നില്ല എന്നും കോടതി നിരീക്ഷിച്ചു.


എട്ടുവർഷമായി താൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അതിനാൽ പൊലീസ് സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന റൗഡി ലിസ്റ്റിൽ നിന്ന് തന്റെ ഫോട്ടോയും പേരും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. 

ആദ്യം ഈ ആവശ്യവുമായി പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പൊലീസ് അതിന് കൂട്ടാക്കിയില്ല. തുടർന്നാണ് യുവാവ് കോടതിയെ സമീപിച്ചത്.

യുവാവിൻ്റെ വാദവും പ്രോസിക്യൂഷൻ നിലപാടും പരിശോധിച്ചാണ് യുവാവിന്‍റെ ഫോട്ടോയും പേരും റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ കോടതി ഉത്തരവിട്ടത്. 

പൊലീസ് സ്റ്റേഷനുള്ളിൽ പൊതുജനങ്ങൾ കാണുന്നിടത്തല്ല, മറിച്ച് ഉദ്യോഗസ്ഥർക്ക് മാത്രം കാണാവുന്ന സ്ഥലത്തായിരിക്കണം ഇവ പ്രദർശിപ്പിക്കേണ്ടത് എന്നും കോടതി വ്യക്തമാക്കി.


16 കേസുകളാണ് യുവാവിനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. 14 എണ്ണത്തിലും ഇയാളെ വെറുതെ വിടുകയും ചെയ്തിരുന്നു. ഒരു കേസ് ഹൈക്കോടതി തന്നെ തീർപ്പാക്കി. 


മറ്റൊന്നിൽ ഇയാൾ എട്ടാം പ്രതി മാത്രമാണ്. എന്നാല്‍ തനിക്കെതിരെ പരാതിക്കാരന് പരാതിയില്ല. ആ കേസിൻ്റെ വിധി വരാൻ അവശേഷിക്കുകയാണ്. കഴിഞ്ഞ എട്ടു വർഷമായി താൻ ഒരു ക്രിമിനൽ കേസിലും പങ്കാളി അല്ല. 

താൻ മാറ്റത്തിന്‍റെ പാതയിലാണ്. സഹോദരനൊപ്പം ജോലി നോക്കുന്നു. പ്രായമായ മാതാവിനെ പരിചരിക്കുന്നു.

എല്ലാ ആഴ്ചയും കൃത്യമായി പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോകുന്നു. ഇപ്പോൾ തനിക്ക് വരുന്ന വിവാഹാലോചനകൾക്ക് പോലും ഈ റൗഡി ലിസ്റ്റ് തടസ്സമാകുന്നു എന്നും യുവാവ് ചൂണ്ടിക്കാട്ടി.


യുവാവിന്റെ ആവശ്യം പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പൊലീസിന്റെ കർശന നിരീക്ഷണം ഉള്ളതിനാലാണ് ഇയാൾ കുറ്റകൃത്യങ്ങളിൽ നിന്ന് മാറി നിൽക്കുന്നത് എന്നായിരുന്നു പ്രോസിക്യൂഷൻ മറുവാദം. 


ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത ആളാണ് ഇയാളെന്നും ഇപ്പോഴും സംശയകരമായ പലരുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഓരോ പൊലീസുകാർക്കും പരിചിതമാകുന്നതിന് വേണ്ടിയാണ് റൗഡി ലിസ്റ്റിൽ പേര് വച്ചതെന്നും അത് സ്റ്റേഷനിൽ പ്രദർശിപ്പിച്ചത് എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

എന്നാൽ, പൊലീസ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വളരെ പ്രധാനമാണെന്നും അത് തള്ളിക്കളയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എങ്കിലും യുവാവിന് ഒരു അവസരം നൽകുകയാണെന്ന് കോടതി വ്യക്തമാക്കി.


തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കുറ്റവാളികൾക്ക് ഒഴികെ മറ്റെല്ലാ പ്രതികൾക്കും നല്ല ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള അവസരമുണ്ട്. 


ഒരാൾ കുറ്റവാളിയാകുന്നത് മികച്ച വിദ്യാഭ്യാസത്തിന്‍റെ കുറവും ദാരിദ്ര്യവും തന്റെ ചുറ്റുമുള്ള ചീത്ത കൂട്ടുകെട്ടുമൊക്കെ കാരണമാകാം.

എന്നാൽ ഒരാൾ ആത്മാർത്ഥമായി പരിഷ്കരണത്തിന്റെ പാതയിലാണെന്ന് അവകാശപ്പെട്ടാൽ അത് അവഗണിക്കാനാവില്ല. അങ്ങനെ പലരും നല്ല രീതിയിൽ മാറിയ ചരിത്രം മുമ്പിലുണ്ട്.

റിപ്പർ ജയാനന്ദൻ മുമ്പ് ജയിൽവാസത്തിനിടെ താൻ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാൻ ഈ കോടതിയിലാണ് അപേക്ഷ നൽകിയത്.


ഈ കോടതി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പുരാണത്തിലെ വാൽമീകിയുടെ ഉദാഹരണവും കോടതി എടുത്തുപറഞ്ഞു. 


അത്തരത്തിലുള്ള പരിഷ്കരണങ്ങൾ സമൂഹം അംഗീകരിക്കേണ്ടതാണ്. അതിനാൽ ഒരാൾ പരിഷ്കരിക്കപ്പെടാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അവഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

രണ്ടാഴ്ചയ്ക്കകം യുവാവിന്റെ പേരും ചിത്രവും പ്രദർശിപ്പിച്ച റൗഡി ലിസ്റ്റിൽ നിന്ന് അത് നീക്കണമെന്നും, ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെയുള്ള റൗഡി ഹിസ്റ്ററി ഷീറ്റ് ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.

Advertisment