സംസ്കൃത സർവ്വകലാശാല: വിദ്യാർത്ഥി സമരം അനാവശ്യം; ലഹരി വിമുക്ത ക്യാമ്പസ് ഉറപ്പ് വരുത്തും; തീരുമാനങ്ങൾ നടപ്പിലാക്കും

New Update
kalady university

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ലഹരി വിമുക്തമാണ് എന്ന് ഉറപ്പ് വരുത്തുന്നതിനും സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുന്നതിനും വിദ്യാർത്ഥി - വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമായി സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിവരുന്നത് അനാവശ്യ സമരമാണെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment

സർവ്വകലാശാല ക്യാമ്പസിലേക്ക് രാത്രി കാലങ്ങളിൽ അപരിചിത വാഹനങ്ങളും ക്യാമ്പസുമായി യാതൊരു ബന്ധമില്ലാത്തവരും വരുന്നതും തമ്പടിക്കുന്നതും അവസാനിപ്പിക്കാനും സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥികൾ അല്ലാത്തവർ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും നിരവധി തവണ സർവകലാശാല അധികൃതർ നടപടികൾ സ്വീകരിച്ചതാണ്. 

എന്നാൽ ആ ഘട്ടത്തിൽ എല്ലാം ഒരു വിഭാഗം വിദ്യാർഥികൾ ഈ തീരുമാനങ്ങളെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. തുടർന്ന് വിദ്യാർത്ഥി പ്രതിനിധികളും സർവ്വകലാശാല അധികൃതരും പോലീസും എക്സൈസും ചേർന്ന് മാർച്ച് മാസത്തിൽ നടത്തിയ സംയുക്ത യോഗത്തിൽ, മേൽ തീരുമാനങ്ങൾ വിജയിപ്പിക്കാൻ സഹകരിക്കാമെന്ന് വിദ്യാർത്ഥി പ്രതിനിധികൾ ഉറപ്പ് നൽകിയതാണ്. 

തുടർന്ന് സിൻഡിക്കേറ്റ് ഉപസമിതിയും അധ്യാപക അനധ്യാപക പ്രതിനിധികളും ഹോസ്റ്റൽ വാർഡന്മാരും ഹോസ്റ്റൽ ഡെപ്യൂട്ടി വാർഡന്മാരും കെയർ ടേക്കർമാരും  സെക്യൂരിറ്റി ഓഫീസേഴ്സും നിരവധി തവണ കൂടിയാലോചിച്ചാണ് ഇത്തരത്തിലുള്ള ഒരു ഉത്തരവിലേക്ക് സർവകലാശാല എത്തിച്ചേർന്നത്.  

എന്നാൽ ക്യാമ്പസിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും മികച്ച അക്കാദമിക അന്തരീക്ഷം ഉറപ്പുവരുത്താനും ലക്ഷ്യം വച്ചുള്ള സർവകലാശാലയുടെ തീരുമാനങ്ങൾ അട്ടിമറിക്കാൻ സാധാരണക്കാരായ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറങ്ങുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ ചെയ്തു കൊണ്ടിരിക്കുന്നത്.  

ഈ അനാവശ്യ സമരത്തെ ശക്തമായി നേരിടുമെന്നും ലഹരി വിരുദ്ധ ക്യാമ്പസും അച്ചടക്കവും ഉറപ്പ് വരുത്താനും അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മുന്നോട്ട് പോകുമെന്നും  സർവ്വകലാശാല അറിയിച്ചു.

സർവ്വകലാശാലയിലെ ഹോസ്റ്റൽ ഫീസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾക്ക് ഒരു വിഭാഗം വിദ്യാർഥികൾ നേതൃത്വം കൊടുക്കുന്നത് സർവ്വകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  

സർവകലാശാല ഹോസ്റ്റലിലെ പ്രവേശന ഫീസ് 100 രൂപ മാത്രമാണ്. ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മാസ വാടക 150 രൂപയുമാണ്. അതായത് ഒരു ദിവസം ഒരു വിദ്യാർത്ഥിക്ക് അഞ്ച് രൂപ മാത്രമാണ് വാടകയിനത്തിൽ ചെലവാകുന്നത്.

ഹോസ്റ്റലിൽ ഗസ്റ്റായി താമസിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് ഒരു ദിവസം 100 രൂപ മാത്രമാണ് ഈടാക്കുന്നത്. കോഷൻ ഡിപ്പോസിറ്റ് ആയി വാങ്ങുന്ന രൂപ കുട്ടികൾക്ക് മടക്കി നൽകുന്നതാണ്. 

ഹോസ്റ്റൽ ഫീസുമായി ബന്ധപ്പെട്ട വസ്തുതകൾ ഇതായിരിക്കെ  ഒരു വിഭാഗം വിദ്യാർഥികൾ നവമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തി സർവ്വകലാശാലയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയാണ്.

സർവകലാശാലയിലെ അച്ചടക്കവുമായി ബന്ധപ്പെട്ട  രണ്ട് ഉത്തരവുകൾ നിലനിൽക്കെ ഈ ഉത്തവുകൾക്കെതിരെ യാതൊരു തരത്തിലുള്ള പരാതിയോ സമര പ്രഖ്യാപന നോട്ടിസോ  സർവകലാശാല അധികൃതർക്ക്  നൽകാതെ രാത്രി സർവകലാശാല മുഖ്യ കവാടത്തിൽ അനുവാദമില്ലാതെ ഉപരോധം സംഘടിപ്പിച്ച് സർവ്വകലാശാലയുടെ പ്രധാന കവാടം പൂട്ടാൻ അനുവദിക്കാതെ സർവ്വകലാശാല സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുകയാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ ചെയ്തത്.  

രാത്രിയിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള ഹോസ്റ്റൽ വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം പുറത്തിറക്കിയതും സർവ്വകലാശാല അധികൃതരുടെ അനുവാദമില്ലാതെ അർദ്ധരാത്രി ക്യാമ്പസിനുളളിൽ സിനിമ പ്രദർശനം നടത്തിയതും കടുത്ത  അച്ചടക്ക ലംഘനമാണ്.

സർവകലാശാല നിയമങ്ങൾക്ക് വിരുദ്ധമായി പൂർണമായ അച്ചടക്ക ലംഘനം  നടത്തിയ 22 വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സർവ്വകലാശാല അടിയന്തര മെമ്മോ നൽകിയിട്ടുണ്ട്.  

സംസ്കൃത സർവകലാശാലയിൽ മികച്ച അക്കാദമിക അന്തരീക്ഷം ഉറപ്പുവരുത്താൻ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം വേണമെന്നും അച്ചടക്കവുമായി ബന്ധപ്പെട്ടുള്ള സർവകലാശാല തീരുമാനങ്ങൾ ശക്തമായി നടപ്പാക്കുമെന്നും  സർവ്വകലാശാല അറിയിച്ചു. 

 

Advertisment