അപ്രൈസർ ജോലി നഷ്ടപെട്ടതിൽ വൈരാ​ഗ്യം. ബാങ്ക് ബ്രാഞ്ച് ജീവനക്കാരിയെ ജോലിക്കിടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

ഇന്ദുവിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു സെന്തിൽകുമാറിന്റെ ശ്രമം.

New Update
police jeep 2

കൊച്ചി: യൂണിയൻ ബാങ്ക് മഞ്ഞുമ്മൽ ബ്രാഞ്ച് ജീവനക്കാരിയെ ജോലിക്കിടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.

Advertisment

ബാങ്ക് അസിസ്റ്റന്റ്‌ മാനേജർ മാവേലിക്കര ആനന്ദഭവനം കുടുംബാംഗം ഇന്ദു കൃഷ്ണയ്ക്കു (35) നേരെയായിരുന്നു ബാങ്കിലെ മുൻ അപ്രൈസറുടെ ആക്രമണം.


സംഭവത്തിൽ കൊടുങ്ങല്ലൂർ പത്താഴശേരി ടി കെ എസ് പുരത്ത് സെന്തിൽകുമാറിനെ (44) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു.


വ്യാഴം രാത്രി ഏഴോടെ ബൈക്കിലെത്തിയ ഇയാൾ ബാങ്കിൽ കയറി ഇന്ദുവിനെ വെട്ടുകയായിരുന്നു. മറ്റുജീവനക്കാർ ഓടിക്കൂടി സെന്തിൽകുമാറിനെ പിടിച്ചുമാറ്റി വെട്ടുകത്തി പിടിച്ചെടുത്തു.

തുടർന്ന് ജീവനക്കാർതന്നെയാണ് ഓട്ടോ വിളിച്ച് ഇന്ദുവിനെ ആശുപത്രിയിൽ എത്തിച്ചത്. ഇന്ദുവിന്റെ വലത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു. കവിളിലും പുറത്തും മുറിവേറ്റിട്ടുണ്ട്.


ഏഴുമാസംമുമ്പ് ബാങ്കിലെ അപ്രൈസർ ആയിരുന്ന തന്റെ ജോലി പോകാൻ കാരണം ഇന്ദുവാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. 


ഇന്ദുവിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു സെന്തിൽകുമാറിന്റെ ശ്രമം.

ഇയാൾ ബാങ്കിൽനിന്ന് എടുത്ത മറ്റൊരു കത്തിയുമായി ശൗചാലയത്തിൽ കയറി വാതിലടച്ച്‌ നെഞ്ചത്ത് കുത്തിയും കൈകളിൽ വെട്ടിയും ആത്മഹത്യക്ക് ശ്രമിച്ചു.


പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ചാണ് ബോധരഹിതനായി കിടന്ന ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. 


തൃക്കാക്കര അസി. കമീഷണർ പി എസ് ഷിജു സ്ഥലത്തെത്തി അന്വേഷണം നടത്തി. സെന്തിൽകുമാറിനെ പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment