തിരുവനന്തപുരം: ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള യുവാക്കൾക്ക് രാഷ്ട്രീയത്തിൽ താൽപര്യം കുറയുന്നതിൽ ആശങ്ക കത്തോലിക്കാ യൂത്ത് ദിനത്തോടനുബന്ധിച്ച് കേരള കത്തോലിക്ക ബിഷപ്‌സ് കൗൺസിൽ പുറത്തിറക്കിയ സർക്കുലറിലാണ് ക്രിസ്ത്യൻ യുവാക്കൾ സജീവരാഷ്ട്രീയത്തിൽ നിന്ന് അകലുന്ന പ്രവണതയെ കുറിച്ചുള്ള ആശങ്ക പ്രകടമാക്കുന്നത്.
യുവാക്കൾ രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കണമെന്നും സർക്കുലറിൽ ആഹ്വാനം ചെയ്യുന്നു. കെ.സി.ബി.സി യൂത്ത് കമ്മീഷൻ ചെയർമാൻ ആർ. ക്രിസ്തുദാസ്, വൈസ് ചെയർമാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, മാർ മാത്യൂസ് പൊളിക്കാർപോസ് എന്നിവർ ചേർന്ന് പുറത്തിറക്കിയ സർക്കുലർ ഞായറാഴ്ച പള്ളികളിൽ നടന്ന കുർബാന മധ്യേ വായിച്ചു.
വിദേശത്തേക്ക് ജോലി അന്വേഷിച്ചു പോകുന്ന യുവാക്കളെ കുറിച്ചും സർക്കുലറിൽ പരാമർശമുണ്ട്. വിദേശത്തേക്ക് നല്ല ജീവിതത്തിനായി പോകുന്നതിനെ സഭ എതിർക്കില്ല. എന്നാൽ, രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കായി സംരംഭകത്വം, തൊഴിൽ തുടങ്ങിയ കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം നൽകണമെന്ന നിർദ്ദേശവും സർക്കുലറിൽ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അത്യന്തം വ്യവസ്ഥാപരമല്ലെന്നും നേതൃക്ഷമതയും ചിന്താവൈഭവവുമുള്ള ക്രിസ്ത്യൻ യുവാക്കൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും അകലുന്നത് അനാവശ്യമാണെന്നും സർക്കുലറിൽ പറയുന്നു.
ജ്ഞാനവും കഴിവും ഉപയോഗപ്പെടുത്തി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ തലമുറ രാഷ്ട്രീയത്തിൽ പ്രവേശിക്കണം. കത്തോലിക്കാ യുവജനസംഘടനകൾ നേതൃഗുണമുള്ള യുവാക്കളെ പരിശീലിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരണം. യോഗ്യതയുള്ള യുവാക്കൾ ഈ ദൗത്യത്തിൽ പങ്കുചേരണമെന്നും അത് സമൂഹത്തിനും ക്രിസ്ത്യൻ സമുദായത്തിനും അത്യാവശ്യമാണെന്നും ഇതിൽ വ്യക്തമാക്കുന്നു.
രാഷ്ട്രീയത്തിൽ ക്രിസ്ത്യൻ പ്രതിനിധികൾ കുറയുന്നത് സഭയെ ആശങ്കപ്പെടുത്തുന്ന വിഷയമാണ്. ക്രിസ്ത്യൻ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിൽ പങ്കാളിത്തം അനിവാര്യമാണ്.
യുവാക്കൾ രാഷ്ട്രീയത്തിൽ താൽപ്പര്യം കാണിക്കാതെ പോയാൽ ഭാവിയിലെ സർക്കാരുകളിൽ ക്രൈസ്തവ സമൂഹത്തിന്റെ പങ്ക് ഇനിയും കുറയും. മുൻകാല ങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കത്തോലിക്കാ സഭ വലിയ സ്വാധീനശേഷി പുലർത്തിയിരുന്നു. എന്നാൽ ഇപ്പോൾ, ഭരണകക്ഷികളിൽ കത്തോലിക്കരുടെ പങ്കാളിത്തം കുറഞ്ഞുവരുന്നത് സഭയെ ഉത്കണ്ഠയിലാഴ്ത്തിയിരിക്കുകയാണ്.
ക്രൈസ്തവ സമൂഹം വീണ്ടും ഒരു പ്രബല രാഷ്ട്രീയശക്തിയായി ഉയരാൻ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സഭയുടെ ഇപ്പോഴത്തെ ശ്രമമെന്നും സഭയിലെ ചില വൈദികർ വ്യക്തമാക്കുന്നു.