നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസവും ആദരവും കാത്തു സൂക്ഷിക്കപ്പെടണം: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ

നീതിന്യായ സംവിധാനങ്ങളുടെ സ്വന്തന്ത്രമായ നിലനിൽപ്പ് കാലത്തിൻ്റെ ആവശ്യമാണ്. അതോടൊപ്പം ഈ വ്യവസ്ഥിതിയിലുള്ള പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നതിനും നേരിടുന്നതിനുമുളള ആർജ്ജവവും നമുക്കുണ്ടാകണം. 

New Update
images(943)

കൊച്ചി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസവും ആദരവും കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പറഞ്ഞു.

Advertisment

കളമശ്ശേരി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ( നുവാൽസ്) വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 


നീതിന്യായ സംവിധാനങ്ങളുടെ സ്വന്തന്ത്രമായ നിലനിൽപ്പ് കാലത്തിൻ്റെ ആവശ്യമാണ്. അതോടൊപ്പം ഈ വ്യവസ്ഥിതിയിലുള്ള പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നതിനും നേരിടുന്നതിനുമുളള ആർജ്ജവവും നമുക്കുണ്ടാകണം. 


ഷേക്സ്പിയറിൻ്റെ ജൂലിയസ് സീസറിൽ പറയുന്നതുപോലെയുള്ള ഒരു ഐഡ്സ്‌ ഓഫ് മാർച്ചിന് (Ides of March) സമാനമായ ഒരു സംഭവം നമ്മുടെ രാജ്യത്തെ നീതിന്യായ മേഖലയിലും ഉണ്ടായി. 

കഴിഞ്ഞ മാർച്ച് 15 ന് അതിരാവിലെ ഒരു ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. എന്നാൽ ഇതുവരെ ഒരു എഫ്.ഐ.ആറും ഈ കേസിൽ രജിസ്റ്റർ ചെയ്തിട്ടില്ല. 


സർക്കാരിനാകട്ടെ ഇതിൽ ഇടപെടുന്നതിൽ നിയമപരമായി പരിമിതികളുണ്ട്. ന്യായാധിപരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്, എന്നാൽ ഇത്തരം സംഭവങ്ങൾ ആശങ്കകൾ സൃഷ്ടിക്കുന്നു.


നിലവിൽ രാജ്യത്തെ നിയമ സംവിധാനങ്ങളിലെ സുതാര്യതയും ഉത്തരവാദിത്വ സ്വഭാവവും കൂടുതൽ മെച്ചപ്പെടുത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിവരുകയാണ്. 

ജനാധിപത്യത്തിൻ്റെ മൂന്ന് സ്തംഭങ്ങളാണ് എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നിവ. ഇവയിൽ ഒന്ന് മറ്റൊന്നിന്റെ മേഖലയിലേക്ക് കടന്നുകയറിയാൽ, അത് ജനാധിപത്യത്തിന് വളരെ അപകടകരമായേക്കാവുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കും- ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.


നിയമ വിദ്യാർത്ഥികൾ എന്ന നിലയിൽ വിദ്യാർത്ഥികൾക്കു മുന്നിൽ സൈബർ സെക്യൂരിറ്റി, സ്‌പേസ് എക്കോണമി തുടങ്ങിയ അനേക മേഖലകളിൽ വൈവിധ്യമാർന്ന അവസരങ്ങളാണ് ഉള്ളത്. 


അതിവേഗം വികസിക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് വിദ്യാർത്ഥികളുടെ ഭാവി എന്തുകൊണ്ടും സുരക്ഷിതമാണ്. ഈ അവസരങ്ങൾ എല്ലാം കൃത്യമായി പ്രയോജനപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Advertisment