/sathyam/media/media_files/2025/07/10/news-channel-ratings-today-2025-07-10-17-52-46.jpg)
കൊച്ചി: മലയാളം വാർത്താ ചാനലുകളിലെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞയാഴ്ച മൂന്നാം സ്ഥാനത്തേക്ക് പോയ ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതെത്തിയപ്പോൾ റിപോർട്ടർ ടിവി മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഒന്നാം സ്ഥാനത്തെത്തിയതിനെ വലിയ നേട്ടമായി ആഘോഷിക്കുന്നതിനിടയിലാണ് റിപോർട്ടർ ടിവി മൂന്നാം സ്ഥാനത്തേക്ക് പോയത്.
മുൻ ആഴ്ചയിലെ പോലെ രണ്ടാം സ്ഥാനം ആർ ശ്രീകണ്ഠൻ നായരുടെ ട്വൻറി ഫോർ ന്യൂസിനാണ്.
നാല് ആഴ്ചത്തെ റേറ്റിങ്ങ് പോയിൻറിൻെറ ശരാശരി കണക്കാക്കി റേറ്റിങ്ങ് നിശ്ചയിക്കുന്ന രീതിമാറ്റി ഓരോ ആഴ്ചയിലേയും പോയിൻറ് പുറത്തുവിടുന്ന രീതി നടപ്പിലായ ശേഷം റേറ്റിങ്ങ് മത്സരത്തിൽ വൻ അട്ടിമറികളാണ് നടക്കുന്നത്.
അതാത് ആഴ്ചയിലെ പ്രകടനം മോശമായാൽ അത് റേറ്റിങ്ങിലും പ്രതിഫലിക്കും.ഇതോടെയാണ് റേറ്റിങ്ങ് സ്ഥാനങ്ങൾ പ്രവചനാതീതമായി മാറിയത്.
റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാർക്) ഇന്ന് പുറത്തുവിട്ട കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 95 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
തൊട്ടു മുൻപുളള ആഴ്ചയിലേക്കാൾ 9 പോയിൻറ് കുറഞ്ഞിട്ടുണ്ട്. റിപോർട്ടർ അടക്കം മുൻനിരയിലുളള ചാനലുകൾക്ക് ഇതിനേക്കാൾ വലിയ തകർച്ച നേരിട്ടതാണ് ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താൻ സഹായകമായത്.
മുൻ ആഴ്ചയിൽ 106 പോയിൻറായിരുന്നു യൂണിവേഴ്സ് വിഭാഗത്തിലെ ഏഷ്യാനെറ്റിൻെറ നേട്ടം.85 പോയിൻറ് നേടിയാണ് ട്വൻറി ഫോർ രണ്ടാം സ്ഥാനം നിലനിർത്തിയത്.
കഴിഞ്ഞയാഴ്ചയിൽ 113 പോയിൻറ് ഉണ്ടായിരുന്ന ട്വൻറി ഫോറിന് 28 പോയിൻറ് ഇടിഞ്ഞിട്ടുണ്ട്. ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനത്തുളള ട്വൻറി ഫോറും തമ്മിൽ 10 പോയിൻറിൻെറ വ്യത്യാസം മാത്രമാണുളളത്.
മെച്ചപ്പെട്ട പ്രകടനം നടത്തിയില്ലെങ്കിൽ ആർക്കും ഇപ്പോഴത്തെ സ്ഥാനം നിലനിർത്താനാകില്ലെന്ന് ഉറപ്പാണ്. ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ റിപോർട്ടർ ടിവിക്ക് കേരളാ ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 80 പോയിൻറാണ് നേടാനായത്.
മുൻ ആഴ്ചയിലെ 118 പോയിൻറിൽ നിന്നാണ് 80 പോയിൻറിലേക്ക് വീണത്. ഒറ്റയാഴ്ചയിൽ 38 പോയിൻറാണ് റിപോർട്ടർ ടിവിക്ക് കുറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ചത് വൻ ആഘോഷമാക്കി മാറ്റിയ റിപോർട്ടറിന് മൂന്നാം സ്ഥാനത്തേക്ക് വീണത് കനത്ത തിരിച്ചടിയായി. എഡിറ്റോറിയല്‍ മേധാവികള്‍ മുതൽ സാധാരണ സ്റ്റാഫ് വരെ ഇതര ചാനലുകളെ ഇകഴ്ത്തുന്ന തരത്തിലുളള പോസ്റ്റുകളും റീൽസുമായി നിറയുന്നതാണ് സമൂഹ മാധ്യമങ്ങളിൽ കണ്ടത്.
എന്നാൽ ചാനൽ മൂന്നാം സ്ഥാനത്തേക്ക് വീണതോടെ റിപോർട്ടർ ടീമിൻെറ സൈബർ ഹാൻഡിലുകൾ ഏറെക്കുറെ ശോകമൂകമാണ്. വാർത്തകളിലെ വിശ്വാസ്യതയില്ലായ്മ തന്നെയാണ് റിപോർട്ടറിന് വിനയാകുന്നത്.
സ്ക്രീൻ ഗിമ്മിക്സിൽ മാത്രം ഒന്നാം സ്ഥാനം നിലനിർത്താൻ കഴിയില്ലെന്നാണ് ഈയാഴ്ചയിലെ റേറ്റിങ്ങ് റിപോർട്ടറിന് നൽകുന്ന അനുഭവപാഠം.
വിശ്വാസ്യതയുളള റിപോർട്ടർമാരില്ലാത്തതും എന്തും വിളിച്ചുപറയുന്ന അവതാരകരുമാണ് റിപോർട്ടറിൻെറ പരിമിതി. വൻ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ടെലിവിഷനിലേക്ക് എത്തുന്ന പ്രേക്ഷകർ ഇതൊന്നും ശ്രദ്ധിക്കാതെ പോകുമെങ്കിലു അല്ലാത്ത അവസരങ്ങളിൽ ഈ പരിമിതികൾ മുഴച്ചുനിൽക്കും.
ഉണ്ണി ബാലകൃഷ്ണൻ പോയതോടെ റിപോർട്ടറിൻെറ പ്രൈം ഷോയായ മീറ്റ് ദി എഡിറ്റർ പരിപാടി തീര്‍ത്തും ദുര്‍ബലമായി. ഉണ്ണി ബാലകൃഷ്ണനെ പോലുളള പക്വതയുളള ശബ്ദം ഇല്ലാതായപ്പോൾ പകരം സംഭവിക്കുന്നത് മാനേജിങ്ങ് എഡിറ്ററുടെ അപക്വവും തീർത്തും ബാലിശവുമായ വാദങ്ങളെ പിന്തുണക്കുന്ന സഹ എഡിറ്റർമാരെയാണ്.
ഉണ്ണി ബാലകൃഷ്ണൻെറ വിടവ് നികത്താൻ കൊണ്ടുവന്ന ജിമ്മി ജെയിംസ് കട്ടശോകവുമാണ്. ഇതിനൊപ്പം ഇടതുപക്ഷത്തോടൊപ്പം ചേർന്നു നിൽക്കുന്ന റിപോർട്ടറിൻെറ പക്ഷപാതപരമായ സമീപനത്തിനെതിരെ കോൺഗ്രസ് സൈബർ ടീമുകൾ നടത്തുന്ന പ്രചരണവും ചാനലിൻെറ റേറ്റിങ്ങ് തകർച്ചയിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിൻെറ തിരിച്ചുവരവിനും റിപോർട്ടറിൻെറ പതനത്തിനും ഒപ്പം ചാനൽ പ്രേക്ഷകരുടെ എണ്ണം കുറയുന്നു എന്നതാണ് റേറ്റിങ്ങ് കണക്കിൽ വെളിവാകുന്ന മറ്റൊരു പ്രവണത.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ ഫലപ്രഖ്യാപനവും തുടർ വാർത്തകളും ആയിരുന്നു മുൻ ആഴ്ചയിൽ ചാനലുകളുടെയെല്ലാം റേറ്റിങ്ങ് പോയിൻറ് ഉയരാൻ ഇടയാക്കിയത്.
എന്നാൽ പിന്നീട് വന്ന ആഴ്ചയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വലിയ വാർത്താ സംഭവങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.അതാണ് പ്രേക്ഷക പങ്കാളിത്തത്തിലെ ഇടിവിന് കാരണം.
കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ മനോരമ ന്യൂസ് തന്നെയാണ് നാലാം സ്ഥാനത്ത്. സ്ഥാനം നിലനിർത്താൻ കഴിഞ്ഞെങ്കിലും മനോരമ ന്യൂസിനും മുൻ ആഴ്ചയിലേക്കാൾ പോയിൻറ് ഇടിഞ്ഞു. തൊട്ടുമുൻപുളള ആഴ്ചയിൽ 52 പോയിൻറ് ഉണ്ടായിരുന്ന മനോരമ ചാനലിന് ഈയാഴ്ച 44 പോയിൻറ് മാത്രമാണ് ലഭിച്ചത്.
ചാനലിൻെറ ലുക്ക് ആൻറ് ഫീലിൽ കാര്യമായ അഴിച്ചുപണി നടത്തിയിട്ടും പ്രേക്ഷക പിന്തുണ നേടാൻ കഴിയാത്തതാണ് മനോരമ ന്യൂസ് നേരിടുന്ന പ്രതിസന്ധി. 41 പോയിൻറുമായി മാതൃഭൂമിന്യൂസാണ് അഞ്ചാം സ്ഥാനത്ത്.
മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ മാതൃഭൂമിക്കും പോയിൻറ് നഷ്ടമുണ്ട്. 6 പോയിൻറാണ് മാതൃഭൂമിക്ക് നഷ്ടമായത്.
ആറാം സ്ഥാനത്ത് നിന്ന് കര കയറാൻ കഴിഞ്ഞിട്ടില്ലെങ്കിലും പോയിൻറ് നില വർദ്ധിപ്പിക്കാൻ ന്യൂസ് മലയാളം 24x7 കഴിഞ്ഞു. 29 പോയിൻറിൽ നിന്ന് 33 പോയിൻറിലേക്കാണ് ന്യൂസ് മലയാളത്തിൻെറ വളർച്ച.
ഈയാഴ്ചയിൽ പോയിൻറ് നില വർദ്ധിപ്പിക്കാൻ കഴിഞ്ഞ ഏക ചാനൽ ന്യൂസ് മലയാളമാണ്. കൈരളി ന്യൂസാണ് ഏഴാം സ്ഥാനത്ത്. 18 പോയിൻറുളള കൈരളിയുടെ തൊട്ടുപിന്നിൽ എട്ടാം സ്ഥാനത്ത് ജനം ടിവിയുമുണ്ട്.
17 പോയിൻറാണ് ജനം ടിവിയുടെ സമ്പാദ്യം. മുൻ ആഴ്ചയിലേക്കാൾ 3 പോയിൻറാണ് ജനം ടിവിക്ക് കുറഞ്ഞത്. 13 പോയിൻറുമായി ന്യൂസ് 18 കേരളമാണ് ഒൻപതാം സ്ഥാനത്ത്.
കഴിഞ്ഞയാഴ്ചയിലെ അതേ പോയിൻറുമായി മീഡിയാവൺ ചാനലാണ് ഏറ്റവും പിന്നിൽ. 9 പോയിൻറാണ് മീഡിയാ വണിൻെറ നേട്ടം.