കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു.
എക്‌സാലോജിക് കമ്പനി സിഎംആര്‍എലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വീണ വിജയൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലം ബാങ്ക് വഴിയാണ് കരാര്‍പ്രകാരം ലഭിച്ചിരിക്കുന്നത്.
ഇടപാടുകള്‍ പൂര്‍ണമായും നിയമപ്രകാരമുള്ളതാണ്. എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും സിഎംആർഎൽ കേസിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വീണ ചൂണ്ടിക്കാട്ടിയിരുന്നു.
തന്റെ ഭാഗം കേള്‍ക്കാതെയാണ് ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്നും വീണ പറയുന്നു. എസ്എഫ്‌ഐഒയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും വീണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണ്. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നിട്ടുള്ളത്.
എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും വീണ വിജയൻ പറയുന്നു.