/sathyam/media/media_files/2025/05/01/6jnk4IHtNcdn6Y6oxF8I.jpg)
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി.എൻ വാസവൻ.
ഉത്തരവാദിത്ത ബോധത്തിൽ ഊന്നിയ പ്രവർത്തനം കാഴ്ചവെക്കുകയും അഭിപ്രായങ്ങൾ നിർഭയമായി രേഖപ്പെടുത്തുകയും ചെയ്യുന്ന നേതാവാണ് വെള്ളാപ്പളളിയെന്ന് വി.എൻ വാസവൻ പറഞ്ഞു.
കൊച്ചിയിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ് വാസവൻ വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്.
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി രംഗത്തെത്തിയത്.
വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളിയെന്നും കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ പറയുന്നയാളാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ മുസ്‍ലിം ജനസംഖ്യ വർധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശം.
കേരളം മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് വി.എസ് അച്യുതാനന്ദൻ മുമ്പ് പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നും കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതി എന്ന സ്ഥിതിയാണ് കേരള സർക്കാറിനെന്നും കോട്ടയത്ത് നടന്ന എസ്എൻഡിപി നേതൃസംഗമം പരിപാടിക്കിടെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു