കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ സമവായ നീക്കം പാളുന്നു. അതിരൂപതയിൽ സമാധാനം പുനസ്ഥാപിക്കണം എന്ന തീരുമാനത്തിന്റെ മറവിൽ മുമ്പ് സിനഡ് കുർബാന മാത്രം നടന്നിരുന്ന പള്ളികളിൽ പോലും ജനാഭിമുഖ കുർബാന തിരികെ കൊണ്ടുവരാനാണ് പുതിയ കൂരിയയും മെത്രാപ്പോലീത്തൻ വികാരിയും നടത്തുന്ന നീക്കങ്ങളെന്നാണ് വിശ്വാസികളുടെ പരാതി.
എറണാകുളം - അങ്കമാലി അതിരൂപതയിൽ വിമത വിഭാഗത്തെ അനുനയിപ്പിക്കുന്നതിനായാണ് താൽക്കാലികമായി ജനാഭിമുഖ കുർബാന കൂടി ചൊല്ലാൻ അംഗീകാരം നൽകിയത്.
വിമതരുടെ ആവശ്യപ്രകാരം കൂരിയയെയും മാറ്റിയിരുന്നു. എന്നാൽ പുതിയ കൂരിയയുടെ നേതൃത്വത്തിൽ ജനാഭിമുഖ കുർബാന മാത്രം നടത്താനുള്ള നീക്കമാണ് അതിരൂപതയിൽ നടക്കുന്നത് എന്നാണ് പുതിയ ആക്ഷേപം.
നേരത്തെ സിനഡ് കുർബാന മാത്രം നടന്നിരുന്ന ഉദയംപേരൂർ സൂന്നഹദോസ് പള്ളിയിൽ ജനാഭിമുഖ കുർബാന ചൊല്ലണമെന്ന വിമതരുടെ ആവശ്യമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പ്രശ്നങ്ങളെ തുടർന്ന് പള്ളി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
ഇവിടെത്തെ പ്രശ്ന പരിഹാരത്തിന് മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി നിയോഗിച്ചിരിക്കുന്നത് വിമത വിഭാഗത്തിൽ നിന്നുള്ള മൂന്ന് വൈദികരെയാണ്.
കമ്മറ്റിയുടെ കൺവീനറായ വൈദികനാകട്ടെ സിനഡ് കുർബാനയ്ക്ക് എതിരെ സമരം നടത്തിയ പ്രമുഖനാണ്. ഇതാണ് വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഉദയംപേരൂരിലെ വിശ്വാസികളുടെ താൽപര്യത്തിന് വിരുദ്ധമായ തീരുമാനമാകും ഇതോടെ ഉണ്ടാകുക എന്നത് ഉറപ്പാണ്.
സഭാ സിനഡ് അംഗീകരിച്ച കുർബാന ചൊല്ലാതെ അസാധു കുർബാന നടത്താനുള്ള വിമത വൈദികരുടെ താൽപര്യത്തിന് വഴങ്ങുന്ന മേജർ ആർച്ച്ബിഷപ്പിന്റെയും മെത്രാപ്പോലിത്തൻ വികാരിയുടെയും നിലപാടിൽ വിശ്വാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
കഴിഞ്ഞ ദിവസം വിശ്വാസികൾ ബിഷപ്പ് ഹൗസിൽ പ്രതിഷേധിച്ചിരുന്നു. പുതിയ കൂരിയയെ പിരിച്ചുവിട്ട് സിനഡ് കുർബാന നടത്താൻ നിലപാടെടുത്തില്ലെങ്കിൽ സമരം ശക്തമാക്കാനാണ് വിശ്വാസികളുടെ തീരുമാനം.