കൊച്ചി: റോഡുകളിൽ കുഴികൾ നിറഞ്ഞ് അപകടങ്ങളും മരണങ്ങളും വര്‍ധിക്കുമ്പോഴും ബന്ധപ്പെട്ട വകുപ്പിലെ എൻജിനിയർമാരുടെ പിടിപ്പുകേടിനെ വിമർശിച്ച് നിഷ്ക്രിയത്വം പാലിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി.
എൻജിനിയർമാർക്ക് എന്തിനാണ് ശമ്പളം നൽകുന്നതെന്ന് കോടതി ചോദിച്ചു. റോഡുകളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം.
ഹെൽമെറ്റ് നിർബന്ധമാക്കിയാൽ മാത്രം പോരാ, റോഡിലെ കുഴികൾ കാരണം ഉണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും മറുപടി പറയാനും സർക്കാർ ബാധ്യസ്ഥരാണ്.
കുഴികൾ അടക്കാൻ അപകടത്തിൽ പെട്ടുള്ള മരണങ്ങൾക്ക് കാത്തിരിക്കുകയാണോ എന്നും കോടതി വിമർശിച്ചു
ഇനിയും ഇത്തരം അപകടങ്ങളുണ്ടായാൽ എൻജിനീയർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.
തൃശൂരിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനമുണ്ടായത്.
അനാഥരാകുന്ന കുടുംബങ്ങളുടെ കണ്ണീരാണ് കോടതിയെ ഇതൊക്കെ പറയാൻ പ്രേരിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ, ഈ വിഷമങ്ങൾ കാണാനോ, ബന്ധപ്പെട്ടവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനോ അധികൃതർ തയാറാകുന്നില്ല.
മിക്ക റോഡുകളിലും കുഴികളുണ്ട്. അപകടങ്ങൾ പതിയിരിപ്പുണ്ട്. എന്നാൽ, ഇത് പരിഹരിക്കാൻ ചുമതലയുള്ള എൻജിനീയർമാരെ കാണാനേയില്ല. ഇത്തരം എൻജിനിയർമാർക്ക് എന്തിനാണ് ശമ്പളം നൽകുന്നതെന്നും കോടതി ചോദിച്ചു.