കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനിയായ ടാറ്റാ പവര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 1262 കോടി രൂപ അറ്റാദായം കൈവരിച്ചു.
വാര്‍ഷികാടിസ്ഥാനത്തില്‍ ആറു ശതമാനം വര്‍ധനവാണിത്. കമ്പനിയുടെ വരുമാനം നാലു ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 17,464 കോടി രൂപയിലും എത്തിയിട്ടുണ്ട്.
തങ്ങളുടെ ബിസിനസിന്‍റെ എല്ലാ മേഖലകളിലും ശക്തമായ പ്രകടനത്തോടെയാണ് ഈ സാമ്പത്തിക വര്‍ഷത്തിനു തുടക്കം കുറിച്ചിരിക്കുന്നതെന്ന് ടാറ്റാ പവര്‍ മാനേജിങ് ഡയറക്‌ടര്‍ ഡോ. പ്രവീര്‍ സിന്‍ഹ പറഞ്ഞു.
പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്‍റെ കാര്യത്തില്‍ പ്രതീക്ഷകളേയും മറികടക്കുന്ന നേട്ടമാണുണ്ടായത്. പുതുമകള്‍ കണ്ടെത്തല്‍, വിപുലീകരണം, ശുദ്ധമായ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട കാര്യക്ഷമത തുടങ്ങിയവ ഈ നേട്ടങ്ങള്‍ക്കു സഹായകമായി.
ഉല്‍പാദനം, പ്രസരണ-വിതരണം എന്നീ മേഖലകളില്‍ മികച്ച നേട്ടമാണുണ്ടാക്കിയിട്ടുള്ളത്. 1.3 കോടി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ വിശ്വസനീയമായ വൈദ്യുതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിലെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ കാര്യത്തില്‍ കേരളത്തിന്‍ വന്‍ നേട്ടമാണുണ്ടാക്കിയത്. കമ്പനി ദേശവ്യാപകമായി നടത്തിയ ഒരു ലക്ഷം പുരപ്പുറ സോളാര്‍ വിന്യാസങ്ങളില്‍ 33,000 എണ്ണം കേരളത്തില്‍ നിന്നാണ്.
ഇതോടൊപ്പം കായംകുളത്തെ ഫ്ളോട്ടിങ് സൗരോര്‍ജ്ജ പദ്ധതി 101.6 മെഗാവാട്ട് പീക്ക് ശേഷിയുമായി ഇന്ത്യയിലെ ഏറ്റവും വലിയതെന്ന സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
കമ്പനിയുടെ പുനരുപയോഗിക്കാവുന്ന വൈദ്യുതി വിഭാഗത്തിലെ സബ്സിഡിയറിയായ ടാറ്റാ പവര്‍ റിന്യൂവബിള്‍ എനര്‍ജി കെഎസ്ഇബിക്കായി എന്‍എച്ച്പിസിയില്‍ നിന്ന് 120 മെഗാവാട്ടിന്‍റെ ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനത്തിനായുള്ള വില്‍പന ധാരണയും ഉണ്ടാക്കിയിട്ടുണ്ട്.