/sathyam/media/media_files/2025/08/23/rahul-nankoottathil-vd-satheesan-2025-08-23-11-50-37.jpg)
കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടം നിയമസഭാംഗത്വം രാജിവയ്ക്കണമെന്ന നിലപാടിലേയ്ക്ക് കോണ്‍ഗ്രസ്. വരുന്ന നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് രാഹുലിനെക്കൊണ്ട് രാജി വയ്പിക്കാനാണ് നീക്കം.
രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നേതൃത്വത്തിലാണ്.
സംസ്ഥാനം തെരഞ്ഞെടുപ്പ് വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കവെ ഇത്തരം കേസുകളില്‍ ഒരു യുവ എംഎല്‍എയെ ന്യായീകരിക്കേണ്ട സ്ഥിതിയിലേയ്ക്ക് പാര്‍ട്ടിയുിം മുന്നണിയും പോകേണ്ട സ്ഥിതി ഒഴിവാക്കുക തന്നെ വേണമെന്നാണ് സതീശന്‍റെ നിലപാട്. ഇക്കാര്യം അദ്ദേഹം കെപിസിസിയേയും എഐസിസിയേയും അറിയിച്ചു കഴിഞ്ഞു.
മുന്‍കാലങ്ങളില്‍ സ്ത്രീ വിഷയത്തില്‍ ആരോപണ വിധേയരായ മറ്റ് പാര്‍ട്ടികളിലെയും കോണ്‍ഗ്രസിലെ തന്നെയും നേതാക്കള്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ എന്തെന്ന് നോക്കി ന്യായീകരണത്തിന് നില്‍ക്കാതെ കോണ്‍ഗ്രസ് എന്ന രീതിയില്‍ വേറിട്ട നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസില്‍ മുന്‍തൂക്കം.
സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫ് ശക്തമായ നിലയിലേയ്ക്ക് വരികയും ഭരണപക്ഷവും സര്‍ക്കാരും പലവിധ ആരോപണങ്ങളിലും വിവാദങ്ങളിലും തട്ടി പ്രതിരോധത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിന്‍റെ സ്ത്രീവിഷയ ഇടപെടലുകള്‍ മുന്നണിയെ ആകെക്കൂടി ബാധിച്ചതായാണ് വിലയിരുത്തല്‍.
അതിനാല്‍ തന്നെ നിയമസഭാ സമ്മേളനം ആരംഭിക്കും മുമ്പ് രാഹുലിനെ രാജിവയ്പിച്ച് ഭരണപക്ഷത്തെ സമ്മര്‍ദത്തിലാക്കണമെന്നതാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. രാജി അനിവാര്യമാകും എന്ന നിലപാട് നേതൃത്വം ഇതിനോടകം രാഹുലിനെ അറിയിച്ചു കഴിഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിവിധ കോണുകളില്‍ നിന്നും തെളിവുകള്‍ സഹിതം ഉയരുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരമെന്നു തന്നെയാണ് നേതൃത്വത്തിന്‍റെ നിലപാട്.
രാഹുലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കടുത്ത ആരോപണങ്ങള്‍ താമസിയാതെ പുറത്തുവരുമെന്നാണ് സൂചന. പാര്‍ട്ടി നേതാക്കള്‍ ഓടിനടന്ന് ഇത്തരം പരാതിക്കാരെ പറഞ്ഞു സമാധാനിപ്പിക്കുന്നതാണ് പാര്‍ട്ടിയിലെ നിലവിലെ സ്ഥിതി.
അത്തരം ഓരോരുത്തരെയും കാണുമ്പോഴും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പരാതിക്കാര്‍ നേതാക്കളെ തെളിവു സഹിതം അറിയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഒരു നേതാവിനെ വച്ചുപൊറുപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് നേതാക്കള്‍.
യുവ നേതാക്കളെ പ്രോല്‍സാഹിപ്പിച്ച വിഡി സതീശനെപ്പോലും വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമം ഉണ്ടായ സാഹചര്യം പാര്‍ട്ടി ഗൗരവമായി കാണുന്നുണ്ട്.
ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ട്. രാഹുലിന്‍റെ സാമ്പത്തികം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ക്ക് പിന്നില്‍ ഷാഫി ആണെന്നാണ് ആരോപണം.