രാഹുലിന്‍റെ രാജി വൈകാനിടയില്ല. ബിഹാറിലെത്തി കെസിയെ കണ്ട് രാഹുലിന് സുരക്ഷാകവചം ഒരുക്കാനുള്ള ഷാഫിയുടെ നീക്കം ഫലം കണ്ടില്ല. ആരോപണങ്ങള്‍ 'തീവ്രത' കൂടിയതെന്ന് നേതൃത്വം. രാജി കാര്യത്തില്‍ 'നോ കോംപ്രമൈസ് ' എന്ന് വിഡി സതീശന്‍. രാജി വയ്ക്കില്ലെന്ന് രാഹുല്‍. ന്യായീകരണത്തിന് കിണഞ്ഞു ശ്രമിച്ച് മുതിർന്ന മാധ്യമ പ്രവർത്തകന്റെ നേതൃത്വത്തിൽ പിആർ വർക്ക്. തിങ്കളാഴ്ചക്കകം കടുത്ത നിലപാടിലേയ്ക്ക് നീങ്ങാന്‍ കോണ്‍ഗ്രസ്

രാഹുലിന്‍റെ രാജി നീളുന്നത് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും സാധ്യതകളെ കൂടുതല്‍ ബാധിക്കുമെന്നതിനാല്‍ തിങ്കളാഴ്ചയ്ക്കകം രാജിയെന്ന അഭിപ്രായത്തിലേയ്ക്കാണ് നേതൃത്വം നീങ്ങുന്നത്.

New Update
shafi parambil vd satheesan kc venugopal rahul nankoottathil
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: രാഹുല്‍ മാങ്കൂട്ടം നിയമസഭാംഗത്വം രാജി വയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്.

Advertisment

രാഹുലിന്‍റെ രാജി കാര്യത്തില്‍ 'നോ കോംപ്രമൈസ് ' എന്ന നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പാര്‍ട്ടിയെ അറിയിച്ചതോടെ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ രാജിനീക്കത്തിനെതിരെയും നേതാക്കള്‍ രംഗത്തുണ്ട്.


കഴിഞ്ഞ ദിവസം ബീഹാറിലെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ട് രാഹുലിനായി വാദിച്ച ഷാഫിയ്ക്ക് പക്ഷേ അനുകൂല മറുപടിയല്ല കെസിയില്‍ നിന്ന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, രാഹുലിനെതിരായ പരാതികളുടെ 'തീവ്രത' വിഡി സതീശന്‍ കെസിയേയും അറിയിച്ചിട്ടുണ്ട്.


യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയോടെ രാഹുലിനെതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് രാഹുലിന്‍റെ 'സുഹൃത്തും വഴികാട്ടിയുമായ' ഷാഫിയുടെ ആവശ്യം. അതേസമയം പിസി വിഷ്ണുനാഥ് അടക്കമുള്ള യുവതലമുറ ആ നീക്കത്തെ പിന്തുണയ്ക്കുന്നില്ല.

രാഹുല്‍ രാജിവച്ചാല്‍ അടുത്ത ഊഴം താനാണെന്ന വിലയിരുത്തലിലാണ് ഷാഫിയുടെ നീക്കങ്ങള്‍. ഫലത്തില്‍ രാഹുലിനെ പരിചയാക്കി ആരോപണങ്ങള്‍ തനിക്കെതിരെ നീങ്ങുന്നത് തടയാനാണ് ഷാഫിയുടെ നീക്കം.


ബിഹാറിലെത്തി കെസിയുമായി കാറില്‍ കയറി ഒറ്റയ്ക്ക് സംസാരിച്ച് രാഹുലിനെ ന്യായീകരിക്കാനാണ് ഷാഫി ശ്രമിച്ചത്. പക്ഷേ മുന്‍ എംപി ഉള്‍പ്പെടെ രാഹുലില്‍ നിന്നും നേരിട്ട തിക്താനുഭവങ്ങള്‍ കെസിയ്ക്കും സതീശനും മുമ്പില്‍ നിരത്തിയതോടെ നേതൃത്വം ഒറ്റക്കെട്ടായി രാഹുലിനെതിരാണ്.


രാഹുലിന്‍റെ രാജി നീളുന്നത് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും സാധ്യതകളെ കൂടുതല്‍ ബാധിക്കുമെന്നതിനാല്‍ തിങ്കളാഴ്ചയ്ക്കകം രാജിയെന്ന അഭിപ്രായത്തിലേയ്ക്കാണ് നേതൃത്വം നീങ്ങുന്നത്.

എന്നാല്‍ ഒരു സാഹചര്യത്തിലും താന്‍ രാജി വയ്ക്കില്ലെന്ന നിലപാടിലാണ് രാഹുല്‍ മാങ്കൂട്ടം. പത്തനംതിട്ടയിലെ മാധ്യമ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെ രാഹുല്‍ ഈ നിലപാട് അറിയിച്ച കാര്യം നേതൃത്വത്തിന്‍റെ ശ്രദ്ധയിലുണ്ട്. ഇക്കാര്യത്തില്‍ നേതൃത്വത്തിനും ശക്തമായ അതൃപ്തിയുണ്ട്.


അങ്ങനെ വന്നാല്‍ ഞായറാഴ്ച വൈകിട്ടോടെ രാജി വയ്ക്കാനുള്ള നിര്‍ദേശം പാര്‍ട്ടി രാഹുലിന് നല്‍കിയേക്കും. മറ്റ് പാര്‍ട്ടികള്‍ പീഡന ആരോപണങ്ങള്‍ നേരിട്ട രീതിയില്‍ കോണ്‍ഗ്രസും ഇതിനെ നേരിടണമെന്ന തരത്തിലുള്ള പിആര്‍ ഓപ്പറേഷനുകള്‍ രാഹുലും നടത്തുന്നുണ്ട്.


അത് പക്ഷേ വിലപ്പോവില്ല. അത് മനസിലാക്കിയാണ് കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന് ബോധ്യപ്പെടുത്തും എന്ന് വിഡി സതീശന്‍ തുറന്നടിച്ചത്. 

സതീശന്‍റെ പ്രതികരണത്തിനു ശേഷം മാധ്യമങ്ങളെ കണ്ട ഷാഫി, ഒരു പരാതിയുമില്ലാതെ സംഘടനാ പദവി രാജിവച്ച രാഹുല്‍ എന്തോ വലിയ സംഭവമാണെന്ന് ന്യായീകരിച്ചത് പ്രതിപക്ഷ നേതാവിന്‍റെ നിലപാടിനെതിരെയുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു.

പക്ഷേ, അതൊന്നും വിലപ്പോവില്ലെന്നതാണ് നിലവിലെ സാഹചര്യം. അതിനിടെ രാഹുലിനൊപ്പം പിആര്‍ കമ്പനിയില്‍ പങ്കാളിത്തമുള്ള പ്രമുഖ ചാനലില്‍, വാചക കസര്‍ത്തിലൂടെ വൈറലാകുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജോലിയില്‍ നിന്ന് അവധിയെടുത്ത് രാഹുലിനായി പിആര്‍ വര്‍ക്കുമായി രംഗത്തുണ്ട്.


പക്ഷേ ഇദ്ദേഹത്തിന്‍റെ ചാനലും രാഹുലിനെതിരായ നിലപാടിലാണ്. സിപിഎമ്മിലെ മുകേഷും കോണ്‍ഗ്രസിലെ എല്‍ദോസും എം വിന്‍സെന്‍റുമൊക്കെ രാജി വയ്ക്കാതിരുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുലിനെ ന്യായീകരിക്കലാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പിആര്‍ ഓപ്പറേഷന്‍.


ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ച വിഡി സതീശനെതിരെയും സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ ഇവര്‍ പുറത്തിറക്കുന്നുണ്ട്. 

Advertisment