/sathyam/media/media_files/2025/08/23/rahul-mankoottathil-3-2025-08-23-20-39-07.jpg)
കൊച്ചി: സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും ആരോപണ വിധേയരായ നേതാക്കളുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജി ഒഴിവാക്കാനുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അവസാന ശ്രമവും പാളുന്നു.
സിപിഎമ്മും ബിജെപിയുമല്ല കോണ്‍ഗ്രസ് എന്നും, കേരളത്തിലെ കോണ്‍ഗ്രസ് ഇതില്‍ എല്ലാറ്റിലും നിന്ന് വേറിട്ടതാണെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ രാഹുലിന്‍റെ മുമ്പില്‍ സാധ്യതകള്‍ അടയുകയാണ്.
ചില പരാതിക്കാരെ പറഞ്ഞ് സമാധാനിപ്പിച്ച് ഇന്ന് മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിക്കാനുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നീക്കം രാവിലെ പാര്‍ട്ടി ഇടപെട്ട് തടഞ്ഞിരുന്നു.
രാജിക്കാര്യം പറയാനല്ലെങ്കില്‍ മാധ്യമങ്ങളെ കാണേണ്ടതില്ലെന്നായിരുന്നു നിര്‍ദേശം. ഇതോടെയാണ് രാഹുല്‍ ഇന്നത്തെ പത്രസമ്മേളനം ഒഴിവാക്കിയത്.
സിപിഎമ്മില്‍ നിന്നും ആരോപണവിധേയരായ കടകംപള്ളി സുരേന്ദ്രനും മുകേഷും രാജിവയ്ക്കാതിരുന്നതും കോണ്‍ഗ്രസില്‍ നിന്നും ആരോപണം നേരിട്ട എം വിന്‍സെന്‍റും എല്‍ദോസ് കുന്നപ്പള്ളിയും രാജി ഒഴിവാക്കിയതും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ പ്രതിരോധം.
എന്നാല്‍ ഇതില്‍ മുകേഷ് ഒഴിച്ച് ബാക്കിയുള്ളവരുടെ പേരിലെല്ലാം ഓരോ സംഭവങ്ങളില്‍ മാത്രമായിരുന്നു ആരോപണം. മുകേഷിന്‍റെ പേരില്‍ മാത്രം നാലോ അഞ്ചോ ആരോപണങ്ങള്‍ ഉണ്ടായി.
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കാര്യത്തില്‍ രണ്ടോ മൂന്നോ ഡസനിലേറെയാണ് പരാതികള്‍. അതില്‍തന്നെ പാര്‍ട്ടിയിലെ സ്വന്തം സഹപ്രവര്‍ത്തകരുടെ കുടുംബത്തില്‍ നിന്നു പോലും ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായി എന്നതാണ് ഗൗരവതരം. ഇത്തരം പരാതികള്‍ നേതാക്കളെപ്പോലും ഞെട്ടിച്ചു.
കെഎസ്‌യു മുതല്‍ കോണ്‍ഗ്രസിലെ ഷഷ്ഠി പൂര്‍ത്തി എത്തിയ വനിതാ നേതാക്കള്‍ വരെ പരാതിക്കാരുടെ ലിസ്റ്റിലുണ്ട്. രാഹുലിന്‍റെ സ്വന്തം നാടായ പത്തനംതിട്ടയില്‍ നിന്നു മാത്രം 5 പരാതികളുണ്ടത്രെ.
മധ്യകേരളത്തിലെ ഷഷ്ഠിപൂര്‍ത്തിയോടടുത്ത വനിതാ നേതാവാണ് സ്ക്രീന്‍ഷോട്ട് സഹിതം മാസങ്ങള്‍ക്ക് മുമ്പ് 'ഇവനേക്കൊണ്ട് മടുത്തു' എന്ന് നേതൃത്വത്തെ അറിയിച്ചത്.
തിരുവനന്തപുരത്തെ ഒരു മഹിളാ നേതാവിന്‍റെ പരാതി പുറത്തായാല്‍ ജാമ്യം പോലും കിട്ടാത്തതാണ്.
ഒരു വനിതാ മാധ്യമ പ്രവര്‍ത്തക ഇദ്ദേഹത്തിന്‍റെ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടുകളുമായി ഉന്നത നേതാവിനെ സമീപിച്ചപ്പോള്‍ പകുതി തമാശയായും പകുതി സീരിയസായും രാഹുലിനെ വിളിച്ച് 'ഇനി നീ ഇവള്‍ക്ക് എന്തെങ്കിലും മെസേജ് അയച്ചാല്‍ അടിച്ച് കാല്‍ തല്ലിയൊടിക്കും' എന്ന് പറഞ്ഞ് ഒതുക്കിവിട്ടു.
കെഎസ്‌യുവിലെ മറ്റൊരു പെണ്‍കുട്ടി പരാതി പറഞ്ഞപ്പോള്‍ ഒരു ഉന്നത നേതാവ് നേരിട്ട് വിളിച്ചുവരുത്തി ഫോണില്‍ നിന്നും ആ കുട്ടിയുടെ ഫോണ്‍ നമ്പര്‍ ഡിലീറ്റ് ചെയ്യിപ്പിച്ചതും അനുഭവമാണ്. ഇത്തരത്തില്‍ ദിവസവും പുറത്തുവരുന്നത് നിരവധി പരാതികളാണ്. 'കേസുകെട്ടുകള്‍' വേറെയും.
ഈ സാഹചര്യത്തില്‍ രാജി വയ്പിക്കാതെ രാഹുലിനെയുമായി മുന്നോട്ടുപോയാല്‍ പാര്‍ട്ടി ഓരോ ദിവസവും കൂടുതല്‍ പ്രതിരോധത്തിലാകും എന്നാണ് വിലയിരുത്തല്‍.