/sathyam/media/media_files/2025/08/26/images-1280-x-960-px292-2025-08-26-06-07-37.jpg)
തൃപ്പൂണിത്തുറ: ഇന്ന് അത്തം ഒന്ന്. പൊന്നോണത്തിൻറെ വരവറിയിച്ച് അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളിൽ പൂക്കളമുയരും. ലോകമെങ്ങുമുളള മലയാളികൾക്ക് ഇനി ആഘോഷത്തിൻറേയും ഉത്സവത്തിൻറേയും ദിനരാത്രങ്ങൾ.
സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി മാവേലിയെ വരവേൽക്കാൻ നാടൊരുങ്ങുകയാണ് നാട്ടാരും.
പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്പ മുതൽ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂവെല്ലാം കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി മാറും. അയൽപക്ക സംസ്ഥാനങ്ങളിലെ വസന്തവും മുറ്റങ്ങളെ അലങ്കരിക്കും.
ഓണത്തിൻറെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ ഇന്ന് അത്തം ഘോഷയാത്ര. സംസ്ഥാനത്ത് ഔദ്യോഗികമായി അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും.
രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയർത്തും. നടൻ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും.
സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാകും നഗരം സാക്ഷിയാകുക.
ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.