/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ടെന്ന പേരില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ മാങ്കൂട്ടം-ഷാഫി ക്യാമ്പ് ചുമതലപ്പെടുത്തിയ പിആര്‍ ടീമും ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകളുമാണെന്ന വിലയിരുത്തലില്‍ നേതൃത്വം.
അവിഹിത ഗര്‍ഭം, അശ്ലീല ചാറ്റ് ആരോപണങ്ങളില്‍ പ്രതിഛായ നഷ്ടം സംഭവിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയാണ് ആരോപണം ഉയര്‍ന്നതു മുതല്‍ പിആര്‍ ടീമിനെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇവരുടെ നേതൃത്വത്തിലാണ് മറ്റ് പാര്‍ട്ടികളിലെയും കോണ്‍ഗ്രസിലെയും ആരോപണവിധേയരായ നേതാക്കളുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള 'ന്യായീകരണമേള' അരങ്ങേറിക്കൊണ്ടിരുന്നത്.
രാജി ആവശ്യം ഉന്നയിക്കുന്നവരെയും എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെയും ഒതുക്കുന്നതിനായി അത്തരം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകള്‍ എന്ന് തോന്നിപ്പിക്കുന്ന വ്യാജ പ്രൊഫൈലുകള്‍ വഴി കടുത്ത സൈബര്‍ ആക്രമണമാണ് അഴിച്ചുവിട്ടത്.
ഇതൊക്കെ പാര്‍ട്ടിക്കാരുടെ പിന്തുണയാണെന്ന് കെറ്റിദ്ധരിപ്പിച്ച് കുറെയൊക്കെ പാര്‍ട്ടി നേതാക്കളും അണികളും അതില്‍ വീഴുകയും ചെയ്തു.
മാങ്കൂട്ടത്തിലിനായി രംഗത്തിറങ്ങിയ പിആര്‍ ഗ്രൂപ്പും ഇടതു പക്ഷത്തിന്‍റെ സൈബര്‍ ടീമും ഒന്നിച്ചണിനിരന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ അഴിച്ചുവിട്ടത്.
പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പിന്തുണച്ചവര്‍ രാഹുലിന്‍റെ ഗോഡ്‌ഫാദറായ ഷാഫി പറമ്പിലും എപി അനില്‍ കുമാറുമാണ്. ഇരുവരും പാര്‍ട്ടി വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാരാണ്. ഇരുവര്‍ക്കും രാഹുലിനെതിരെയുണ്ടായ വിവാദങ്ങളില്‍ പ്രത്യേക താല്‍പര്യങ്ങളുള്ളവരാണ്.
സോളാര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നേതാവാണ് അനില്‍ കുമാര്‍. മറ്റ് ചില ആരോപണങ്ങളും അനിലിനെതിരെ ഉണ്ട്.
രാഹുല്‍ വീണാല്‍ അടുത്ത ലക്ഷ്യം ഷാഫി ആണെന്നതാണ് അദ്ദേഹത്തിന്‍റെ ആശങ്ക. ഇരുവര്‍ക്കുമെതിരെ കോണ്‍ഗ്രസില്‍ വ്യാപക ആക്ഷേപങ്ങളാണ് ഉള്ളത്. അതിനാല്‍ സമാനഹൃദയര്‍ ഒന്നിച്ചുകൂടിയാണ് മാങ്കൂട്ടത്തിലിനെ മഹത്വവല്‍ക്കരിക്കാന്‍ രംഗത്തിറങ്ങിയത്.