/sathyam/media/media_files/2025/08/27/images-1280-x-960-px311-2025-08-27-12-05-31.jpg)
കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു.
അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. ഒന്നാം പ്രതി ജിതകുമാറിന് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു.
ഈ വിധി ഉൾപ്പെടെ ഹൈക്കോടതി റദ്ദാക്കി. 2018ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ശ്രീകുമാർ നേരത്തെ മരിച്ചിരുന്നു.
നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്.
മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2005 സെപ്തംബർ 29നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
മോഷണം ആരോപിച്ചായിരുന്നു പൊലീസ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ആ സമയത്ത് 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഈ പണം മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാർ, എസ് വി ശ്രീകുമാർ, പിന്നീട് ഡിവൈഎസ്പിയായ അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരായിരുന്ന കേസിലെ പ്രതികൾ.
ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി 2018ൽ വധശിക്ഷ വിധിച്ചു. ഇതിൽ ശ്രീകുമാർ 2020ൽ മരിച്ചു.
അഞ്ചു മുതൽ ഏഴു വരെ പ്രതികളായ അജിത് കുമാർ, ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവർക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, കൃത്രിമ രേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു.
3 വർഷം തടവായിരുന്നു ഇവർക്ക് ശിക്ഷ. കൊല നടക്കുമ്പോൾ അജിത്കുമാർ ഫോർട്ട് സ്റ്റേഷനിലെ എസ്ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മീഷണറും.
മൂന്നാം പ്രതി എഎസ്ഐ കെ.വി.സോമനേയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണ വേളയിൽ മരിച്ചതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. നാലാം പ്രതി വി പി മോഹനനെ വിചാരണ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ശ്രീകഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സിഐ ആയിരുന്ന ഇ കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഉദയകുമാറിനൊപ്പം സുഹൃത്ത് സുരേഷ് കുമാറിനേയും കസ്റ്റഡിയിലെടുത്തു.