/sathyam/media/media_files/2025/08/27/images-1280-x-960-px324-2025-08-27-23-42-21.jpg)
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒളിവിലായിരുന്ന നടി ലക്ഷ്മി മേനോൻ്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേൾക്കും.
കേസ് വിശദമായി പരിഗണിക്കുന്നതിനായി സെപ്റ്റംബർ 17-ലേക്ക് മാറ്റി. കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിലാണ് നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നത്.
നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച ലക്ഷ്മിയുടെ അറസ്റ്റ് ഓണാവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും വരെ കോടതി തടയുകയായിരുന്നു.
ഓഗസ്റ്റ് 24 ഞായറാഴ്ച രാത്രി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെലോസിറ്റി ബാറിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഐടി ജീവനക്കാരൻ്റെ സംഘത്തിലുണ്ടായിരുന്ന തായ്‌ലൻഡ് യുവതിയോട് ലക്ഷ്മി മേനോൻ്റെ സംഘാംഗങ്ങൾ കൂടുതൽ സമയം സംസാരിച്ചത് തർക്കത്തിലേക്ക് നയിച്ചു. തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി.
ലക്ഷ്മി മേനോനും ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളും കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് ഉപേക്ഷിച്ചെന്നാണ് ഐടി ജീവനക്കാരനായ യുവാവിന്‍റെ പരാതി.
ലക്ഷ്മി മേനോനൊപ്പം ഉണ്ടായിരുന്ന അനീഷ്, മിഥുന്‍, സോനാമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ലക്ഷ്മി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജാമ്യാപേക്ഷ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റിവച്ചു. അതുവരെ നടിയെ അറസ്റ്റ് ചെയ്യരുതെന്നാണ് പൊലീസിന് കോടതിയുടെ നിര്‍ദേശം.