ഗോത്ര കലാ പൈതൃകങ്ങളുടെ വൈവിധ്യങ്ങൾ കണ്ടറിയാം 'ഗദ്ദിക 2025'ന് കലൂര്‍ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച തുടക്കമാകും. മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും

New Update
gaddika 2025

കൊച്ചി: പട്ടികവിഭാഗങ്ങളുടെ തനത് കലകളും പരമ്പരാഗത ഉത്പന്നങ്ങളും പരിചയപ്പെടാൻ അവസരം ഒരുക്കി ഗദ്ദിക 2025 നാടൻ ഉത്പന്ന പ്രദർശന കലാ മേളയ്ക്ക് നാളെ (ആഗസ്റ്റ് 29) തുടക്കമാകും. വൈകിട്ട് നാലിന് കലൂർ ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വ്യവസായ നിയമവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും. 

പട്ടികജാതി- പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അദ്ധ്യക്ഷനാകും. തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് വിപണനോദ്ഘാടനം നിർവഹിക്കുമെന്ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാനായ മേയർ അഡ്വ. എം അനിൽകുമാർ അറിയിച്ചു.

വിവിധ ദിവസങ്ങളിലായി മന്ത്രിമാരായ ഡോ ആർ ബിന്ദു, വി എൻ വാസവൻ, പി പ്രസാദ് എന്നിവർ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബർ 2 വരെ സംഘടിപ്പിക്കുന്ന മേളയിലൂടെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ കാണാനും വാങ്ങാനും പാരമ്പര്യ കലാമേളകള്‍ ആസ്വദിക്കാനുമുളള അവസരം ഒരുങ്ങും. 65 സ്റ്റാളുകളും, പട്ടികവര്‍ഗ്ഗ, പിന്നാക്ക, കിര്‍ടാഡ്‌സ് വകുപ്പുകളുടെ 25 സ്റ്റാളുകളും ഉള്‍പ്പെടെ 90-ലധികം സ്റ്റാളുകളും, പരമ്പരാഗത ഗോത്ര വിഭാഗക്കാരുടെ കുടിലുകളും ഏറുമാടങ്ങളും മേളയിലുണ്ടാകും. 

പരമ്പരാഗത ഗോത്ര രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഭക്ഷണ സ്റ്റാളുകളും പരമ്പരാഗത ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും കാലികപ്രസക്തമായ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനവും നടക്കും. രാത്രികളിൽ പട്ടിക വിഭാഗക്കാരുടെ പരമ്പരാഗത കലാരൂപങ്ങള്‍, പ്രശസ്ത കലാകാരന്‍മാരുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

ഉദ്ഘാടന ദിവസമായ ആഗസ്റ്റ് 29 വെളളിയാഴ്ച വൈകിട്ട് 6.30 മുതല്‍ പ്രശസ്ത ഗായകന്‍ ജാസി ഗിഫ്റ്റിന്റെ സംഗീത വിരുന്ന് അരങ്ങേറും. രാത്രി 8 മുതല്‍ പാ രമ്പര്യ കലാമേളകളായ മുളംചെണ്ട, എരുത്കളി, മംഗലംകളി, ഘണ്ഠാകര്‍ണന്‍ തെയ്യം എന്നിവ അരങ്ങേറും.

ആഗസ്റ്റ് 30 (ശനി) 3.30-ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന ചുവടു വെപ്പുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. വൈകിട്ട് 6 മുതല്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന നൃത്ത സായാഹ്നവും തുടര്‍ന്ന് പാരമ്പര്യ കലാ രൂപങ്ങളായ ഊരാളിക്കൂത്ത്, ആട്ടം, നാഗകാളി വെളളാട്ടം, നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരം അരങ്ങേറും.

ആഗസ്റ്റ് 31 (ഞായർ) 3.30-ന് സഹകരണ മേഖലയില്‍ സംരഭകത്വ വികസനവും നൂതന ചുവടുവെയപ്പുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. വൈകുന്നേരം 6 മുതല്‍ ഗായിക പുഷ്പവതി നയിക്കുന്ന സംഗീത സായാഹ്നം. തുടര്‍ന്ന് പാരമ്പര്യ കലാമേളകളായ ഇരുള നൃത്തം/കൂത്ത്, ചാറ്റപാട്ട്, മുരുക്കടി, കമ്പുകളി, കലാട്ടം, പാക്കനാര്‍ കോലം, പരുന്താട്ടം, ചവിട്ടുകളി, മുടികളി, തുടികളി, തുടിതാളം.

സെപ്റ്റംബര്‍ 1 (തിങ്കൾ) 3.30-ന് കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. പാരമ്പര്യ കലാരൂപങ്ങളായ മംഗലംകളി, മരമൂടന്‍ കളി, കൂന്തന്‍കളി, കൊട്ടുമരം ആട്ട്, തുടിമേളം, ഭൂമി വെളളാട്ട്, ചിമ്മാനക്കളി മാരിതെയ്യം, വെളളാട്ട്, തുയിലുണര്‍ത്തുപാട്ട്, തെക്കത്തി നാടക പാട്ടുകള്‍, ഗോത്ര ഗീതിക എന്നിവയും അരങ്ങേറും.

സെപ്റ്റംബര്‍ 2 (ചൊവ്വ) ഉച്ചക്ക് 2 മുതല്‍ തദ്ദേശ അറിവുകളും ഭൗമ സൂചിക സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കിയും 3.30 മുതല്‍ വിജ്ഞാന കേരളവും തൊഴില്‍ മുന്നേറ്റവും എന്ന വിഷയത്തെ ആസ്പദമാക്കിയും സെമിനാറുകള്‍ നടക്കും. 6 -ന് പ്രസിദ്ധ നാടന്‍പാട്ടു കലാകാരി പ്രസീദ ചാലക്കുടി നയിക്കുന്ന നാടന്‍പാട്ടുമേള. തുടര്‍ന്ന് പാരമ്പര്യ കലാമേളകളായ നിണബലി, മുതുവാന്‍ നൃത്തം, നായാടിക്കളി പൊറാട്ട്, മംഗലപന്തല്‍ കളി, വട്ടമുടി, കരിംകാളി, പന്തക്കാളി, നാടന്‍പാട്ട്. 

സെപ്റ്റംബര്‍ 3 (ബുധൻ) 3 മണിക്ക് അടിസ്ഥാന ജനവിഭാഗങ്ങളും നിയമ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. പാരമ്പര്യ കലാരൂപങ്ങളായ ഗദ്ദിക, പളിയ നൃത്തം, കൊറഗ നൃത്തം, സൊദോദമി, പാട്ടുവഴിഎന്നിവയും കാഞ്ഞൂര്‍ നാട്ടുപൊലിമ അവതരിപ്പിക്കുന്ന നാടൻ പാട്ടും അരങ്ങേറും.

സമാപന ദിവസമായ സെപ്റ്റംബര്‍ 4 (വ്യാഴം) രാവിലെ 11.00 ന് സമാപന സമ്മേളനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ എം അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രശസ്ത വ്യക്തികള്‍ ആശംസകള്‍ നേരും.

Advertisment