/sathyam/media/media_files/2025/08/31/photos59-2025-08-31-01-19-54.jpg)
കൊച്ചി: പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റിത്തീർക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുരോഗതിയുടെ ഉന്നത തലങ്ങളിലേക്ക് നമ്മുടെ നാടിനെ എത്തിക്കാനുള്ള വഴികളിലൊന്നാണിത്.
വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വളർച്ചയിൽ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾക്കും സേവനങ്ങൾക്കും വലിയ പ്രാധാന്യമാണുള്ളത്. നൈപുണ്യ വികസനത്തിലെ നൂതനമായ രീതികൾ ചർച്ച ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്.
തൊഴിൽ മേഖലയിലെ പുതിയ അവസരങ്ങൾ, കേരളത്തിന്റെ സാധ്യതകൾ, നൈപുണിയും വിദ്യാഭ്യാസവും, ഇന്നൊവേഷൻ എക്കോസിസ്റ്റം നിർമ്മിതി, വർക്ക് ഫ്രം കേരള വർക്ക് ഫോർ വേൾഡ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിലപ്പെട്ട ചർച്ചകൾ സമ്മിറ്റിന്റെ ഭാഗമായി നടന്നിട്ടുണ്ട്.
ഓസ്‌ട്രേലിയ, കൊറിയ, സിംഗപ്പൂർ, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും നിക്ഷേപകരും സമ്മിറ്റിൽ പങ്കെടുത്തു.
അന്താരാഷ്ട്ര ഏജൻസികളായ ഐ.എൽ.ഒ, വേൾഡ് ബാങ്ക്, എ.ഡി.ബി, യു.എൻ.ഡി.പി തുടങ്ങിയവയിലെ വിദഗ്ധരുടെ സാന്നിധ്യവും പ്രയോജനപ്പെട്ടു.
വിജ്ഞാന കേരളം പദ്ധതിയിലൂടെ ഈ അക്കാദമിക് വർഷാവസാനത്തോടെ രണ്ട് ലക്ഷം അവസാന വർഷ വിദ്യാർത്ഥികൾക്ക് നൈപുണി പരിശീലനം നൽകാനും, ഒരു ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകാനുമുള്ള ബൃഹത് പരിപാടിയാണ് സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ളത്.
അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കേരളത്തിൽ തന്നെ തൊഴിലവസരം സൃഷ്ടിക്കുക എന്ന പ്രഖ്യാപിത നയം വൻതോതിൽ പ്രാവർത്തികമാക്കാൻ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിൻ്റെ പരിവർത്തനത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന സമൂലമായ മാറ്റങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
മൂല്യങ്ങളും അക്കാദമിക് സ്വാതന്ത്ര്യവും പൊതുവിദ്യാഭ്യാസ സംവിധാനത്തിന് നാം നൽകുന്ന പ്രാധാന്യവും നിലനിർത്തിക്കൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസത്തെ എങ്ങനെ നവീകരിക്കാം എന്നതിനാണ് സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്നത്.
അതുപോലെ തൊഴിൽ വേണമെന്ന് ആഗ്രഹിക്കുന്ന ധാരാളം വീട്ടമ്മമാർ നമ്മുടെ നാട്ടിലുണ്ട്. അവർക്കും ചെയ്യാവുന്ന തൊഴിൽ കണ്ടെത്തുകയും ആവശ്യമായ നൈപുണി പരിശീലനം നൽകുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്.
തൊഴിൽ സൃഷ്ടിക്കുന്നതിൽ സംരംഭകരുടെ പങ്ക് വലുതാണ്. സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിലെ മികച്ച സംരംഭകരെ പരിചയപ്പെടുത്താനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കാനും സമ്മിറ്റ് വേദിയായി.
തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക ചർച്ചകളും നടന്നു. വിദ്യാസമ്പന്നരായ തൊഴിൽ രഹിതർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി ആവിഷ്കരിച്ച കേരള നോളേജ് എക്കണോമി മിഷൻ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ 'വിജ്ഞാന കേരളം' എന്ന പേരിൽ നടപ്പാക്കുകയാണ്.
തൊഴിലന്വേഷകരെ സഹായിക്കുന്നതിനായി വെർച്വൽ ജോബ് ഫെയറുകളും കാമ്പസ് ജോബ് ഫെയറുകളും നടത്തുന്നു. അഭിമുഖങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം വളർത്താൻ പേഴ്സണാലിറ്റി ഡെവലപ്‌മെന്റ്, സോഫ്റ്റ് സ്കിൽ, ഇംഗ്ലീഷ് ഭാഷാ പരിശീലനങ്ങൾ എന്നിവ നൽകുന്നു.
വിവര സാങ്കേതിക വിദ്യ വൻമാറ്റങ്ങൾ സൃഷ്‌ടിക്കുന്ന കാലമാണിത്. അറിവും നൈപുണിയും കൈമുതലായ നമ്മുടെ തൊഴിൽസേനയ്ക്ക് മാറിയ കാലത്തിൻ്റെ മാറ്റങ്ങൾക്കനുസൃതമായ ഒരു തൊഴിലന്തരീക്ഷം കേരളത്തിൽ തന്നെ ഒരുക്കാൻ സാധിക്കണം.
പശ്ചാത്തല വികസനം, ഗതാഗതം, വ്യവസായം, സേവന രംഗം എന്നിവയിലെല്ലാം വലിയ മുന്നേറ്റങ്ങൾ സാധ്യമാവുന്ന വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പല നേട്ടങ്ങളും ലോക ശ്രദ്ധ നേടിയതാണ്.
എല്ലാവർക്കും സാമൂഹ്യ നീതിയും തുല്യതയും ഉറപ്പുവരുത്തികൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ക്ഷേമ പരിപാടികളിൽ സർക്കാർ കാണിക്കുന്ന കരുതൽ രാജ്യത്തിന് തന്നെ മാതൃകയാണ്.
ഈ ഇടപെടലുകൾ ഒരുക്കിയ അടിത്തറയിൽ നിന്നുകൊണ്ട് വികസിതമായ നവകേരളം നമുക്ക് കെട്ടിയുറപ്പിക്കാൻ സാധിക്കണം.
നവകേരള നിർമ്മിതിക്കായുള്ള കുതിപ്പിന് കൂടുതൽ വേഗത പകരുന്നതാണ് ഈ സമ്മിറ്റെന്നും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സുബ്രതോ ബാഗ്ചി (Subroto Bagchi) എഴുതിയ "ദി ഡേ ദി ചാരിയറ്റ് മൂവ്ഡ്" (The Day the Chariot Moved) എന്ന പുസ്തകം ധനമന്ത്രി കെ എൻ ബാലഗോപാൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ. വി പി ജഗതി രാജിന് നൽകിപ്രകാശനം ചെയ്തു.
കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന സമ്മിറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു.
വിജ്ഞാന കേരളം പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ ടി എം തോമസ് ഐസക്, കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ. വി പി ജഗതി രാജ്, കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ പി എം റിയാസ്, വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.