/sathyam/media/media_files/2025/09/01/photos91-2025-09-01-09-43-22.jpg)
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത വീണ്ടും പ്രതിസന്ധിയിലക്ക്. സഭയുടെ സിനഡാനന്തര സർക്കുലർ അടുത്ത ഞായറാഴ്ച പള്ളികളിൽ വായിക്കില്ല.
നിലവിലെ ധാരണയ്ക്ക് അപ്പുറം ഒരു പള്ളികളിലും ഒരു സിനഡ് കുർബാന പോലും ചൊല്ലില്ല എന്നാണ് വിമത വൈദീകരുടെ നിലപാട്. നിലവിലെ കൂരിയയും വിമതർക്ക് ഒപ്പമായതിനാൽ മേജർ ആർച്ച്ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും സിനഡിന് നൽകിയ വാക്ക് അതിരൂപത പാലിക്കാനിടയില്ല.
ഇതോടെ കുറച്ചു നാളായി നിന്നിരുന്ന സമാധാന അന്തരീക്ഷം ഇല്ലാതാകുമോ എന്നും ആശങ്കയുണ്ട്. അതിരൂപതയിലെ വിമത നേതാക്കൾക്ക് സമാധാനപരമായി കാര്യങ്ങൾ മുന്നോട്ടു പോകുന്നതിൽ വലിയ താൽപര്യമില്ലെന്നും സൂചനയുണ്ട്.
സഭാ നേതൃത്വത്തോടും വിശ്വാസികളോടും ചേർന്ന് നിന്നിരുന്ന അതിരൂപത കൂരിയയെ മാറ്റി വിമത വിഭാഗത്തെ ഭൂരിപക്ഷമാക്കി പുതിയ കൂരിയ രൂപികരിച്ചത് മെത്രാപ്പോലീത്തൻ വികാരിയുടെ നിർബന്ധത്തെ തുടർന്നായിരുന്നു.
ഈ കൂരിയ തന്നെയാണ് ഇപ്പോൾ സിനഡ് തീരുമാനിച്ച കാര്യങ്ങൾ ഉൾപ്പെടുന്ന സർക്കുലർ വായിക്കില്ല എന്ന തീരുമാനം എടുത്തിരിക്കുന്നത്.
ഇത് മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിക്കും തിരിച്ചടിയാണ്. അടുത്ത ഞായറാഴ്ചയാണ് സർക്കുലർ വായിക്കേണ്ടത്.
അതിനു മുമ്പേ വിമതരെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് മെത്രാപ്പോലീത്തൻ വികാരിയടക്കമുള്ളവർ.