കാലാവസ്ഥക്ക് അനുസരിച്ച് കൃഷി രീതിയിൽ മാറ്റം വേണം. ചെളി ചവിട്ടാനും ചാണകം തൊടാനും പുതുതലമുറ തയ്യാറാകുന്നില്ല എന്നതും കൃഷിക്ക് വെല്ലുവിളി ഉയർത്തുന്ന പ്രശ്നമാണ്: സ്പീക്കർ എ.എൻ ഷംസീർ

സംസ്ഥാനത്തിനാകെ ഉയർത്തി കാണിക്കാൻ കഴിയുന്ന മാതൃകയാണ് കളമശ്ശേരി കാർഷികോത്സവം. കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കാൻ ഇത്തരം പദ്ധതികൾക്ക് സാധിക്കും. 

New Update
an shamseer

കൊച്ചി: കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിന് അനുസൃതമായ തരത്തിൽ കൃഷി രീതികളിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. 

Advertisment

കളമശ്ശേരി കാർഷികോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഈ മേഖലയിലെ പഠനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. കാലാവസ്ഥക്ക് അനുസൃതമായ കൃഷി രീതി വികസിപ്പിക്കുക, നിർമ്മിത ബുദ്ധി ഫലപ്രദമായി ഉപയോഗിക്കുക എന്നിവ പ്രാവർത്തികമാക്കിയാൽ കൃഷി നാശം മൂലം കർഷകർ ദുരിതത്തിലാകുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയും. 


ചെളി ചവിട്ടാനും ചാണകം തൊടാനും പുതുതലമുറ തയ്യാറാകുന്നില്ല എന്നതും കൃഷിക്ക് വെല്ലുവിളി ഉയർത്തുന്ന പ്രശ്നമാണെന്ന് സ്പീക്കർ പറഞ്ഞു.


സംസ്ഥാനത്തിനാകെ ഉയർത്തി കാണിക്കാൻ കഴിയുന്ന മാതൃകയാണ് കളമശ്ശേരി കാർഷികോത്സവം. കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കാൻ ഇത്തരം പദ്ധതികൾക്ക് സാധിക്കും. 

കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമാന പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കണം - അദ്ദേഹം കൂട്ടിച്ചേർത്തു. കളമശ്ശേരി ചാക്കോളാസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. 

കൃഷിക്കൊപ്പം കളമശേരി പദ്ധതി നാല് വർഷം പിന്നിടുമ്പോൾ തരിശായിരുന്ന 1000 ഏക്കർ നെൽകൃഷിയും 1300 ഏക്കർ പച്ചക്കറി കൃഷിയും തിരിച്ചുപിടിക്കാനായി.  


വിസ്മൃതിയിലാണ്ട കരിമ്പ് കൃഷി പോലുള്ളവ വീണ്ടെടുക്കാനും ആലങ്ങാട് ശർക്കര വിപണിയിലെത്തിക്കാനും കഴിഞ്ഞു. കൂവ, കൂണ് പോലുള്ള വിളകൾ വിജയകരമായി കൃഷി ചെയ്യാനായി. 


എല്ലാ സഹകരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിന്നതാണ് പദ്ധതി വിജയിക്കാൻ കാരണമായത് - വ്യവസായ മന്ത്രി പറഞ്ഞു.

മേളയോടനുബന്ധിച്ച് 20 സംഗമങ്ങൾ സംഘടിപ്പിച്ചു. കൃഷിയെ വ്യവസായമാക്കി മാറ്റാൻ കഴിയണം. ഉൽപന്ന വിപണനത്തിന് ഫ്ലിപ്പ് കാർട്ടുമായി ധാരണയായിട്ടുണ്ട്. 


ഫാം ടു കിച്ചൺ പദ്ധതിയും ഉടനെ ആരംഭിക്കും. കോടികൾ ചെലവഴിച്ചാണ് ജലസേചന സൗകര്യമൊരുക്കിയതെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.


ചടങ്ങിൽ പ്രശസ്ത സിനിമാതാരം ജയറാം മുഖാതിഥിയായി. പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ജോസ് ചാക്കോ പെരിയപുറം, പ്രശസ്ത സിനിമാ സംവിധായകൻ സിബി മലയിൽ, സംവിധായകൻ ജിസ് ജോയ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

ഹൈബി ഈഡൻ എം.പി, സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, കൊച്ചി നഗരസഭ മേയർ അഡ്വ. എം അനിൽകുമാർ, ഏലൂർ നഗരസഭ അധ്യക്ഷൻ എ.ഡി സുജിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്, കളമശ്ശേരി കാർഷികോത്സവം സംഘാടക സമിതി ജനറൽ സെക്രട്ടറി എം.പി വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment