/sathyam/media/media_files/2025/09/02/photos107-2025-09-02-14-39-57.jpg)
കൊച്ചി: രാജി വെച്ച വനിതാ മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകനെ സസ്പെൻഡ് ചെയ്തു റിപ്പോർട്ടർ ടി.വി.
റിപ്പോർട്ടർ ടി.വിയിലെ സഹപ്രവർത്തക രാജി വച്ച് രണ്ടുമാസത്തിനു ശേഷം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ചാനലിലെ സ്റ്റാഫായ ക്രിസ്റ്റി എം. തോമസിനെതിരെ ഉന്നയിച്ച ആരോപണം പരാതിയായി കണക്കാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനെ സ്ഥാപനത്തിൽ നിന്നും ഉടൻ തന്നെ സസ്പെൻ്റ് ചെയ്ത് മാറ്റി നിർത്താനും അടിയന്തരമായി ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചു.
കൂടാതെ ഈ കാര്യം പോലീസിൽ അറിയിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടർ ടി.വി മാനേജിങ്ങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വളരെ അഗ്രസിവായ വാർത്തകൾ ചെയ്ത റിപ്പോർട്ടർ ടി.വിയെ വെട്ടിലാക്കുന്നതായിരു ചാനലിലെ മുൻ മാധ്യമ പ്രവർത്തകയുടെ ആരോപണം.
ചാനൽ ഡസ്കിൽ ജോലി ചെയ്യവേ മുതിർന്ന മാധ്യമ പ്രവർത്തകനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്നാണ് മാധ്യമ പ്രവർത്തക ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ, പരാതി നൽകരുതെന്നു ചിലർ ആവശ്യപ്പെട്ടെന്നും അതുകൊണ്ട് പരാതി നൽകിയില്ലെന്നും മുൻ മാധ്യമ പ്രവർത്തക പറയുന്നു.
തുടർന്ന് പരാതി നൽകാതെ ചെറിയ മറുപടി നൽകി താൻ ബ്യൂറോയിലേക്ക് മടങ്ങിയെന്നും പിന്നിട് ഒന്നര മാസത്തിന് ശേഷം മെഡിക്കൽ എമർജൻസി ലിവ് നൽകാത്തതിനെ തുടർന്ന് രാജി വച്ചു എന്നുമാണ് കുറിപ്പിൽ ഉള്ളത്.
ഇതിനിടെ രാജിവെച്ച മറ്റൊരു മാധ്യമ പ്രവർത്തക കൂടി റിപ്പോർട്ടർ ടി.വിയിലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകനിൽ നിന്നു നേരിട്ട മോശം അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിൽ തുറന്നു പറഞ്ഞിരുന്നു.
ഈ രണ്ടു സംഭവങ്ങളും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. പിന്നാലെ പൊതു സമൂഹത്തിൽ റിപ്പോർട്ടർ ടി.വിയുടെ ഇരട്ട നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി.
തുടർന്ന് രണ്ടു വനിത മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും ജോലി തുടരാൻ കഴിയാത്ത വിധം തൊഴിൽ സമ്മർദങ്ങൾ വഷളാവുകയും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നഷ്ടമാവുകയും ചെയ്യുന്നത് ഒരു സ്ഥാപനത്തിനും ഭൂഷണമല്ല.
പരാതി കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന മാനേജ്മെന്റ് നിലപാട് സ്വാഗതാർഹമാണെങ്കിലും ഇത്രയും ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പരാതിക്ക് കാത്തു നിൽക്കാതെ നിഷ്പക്ഷമായ അന്വേഷണം നടത്തി സ്വീകരിക്കുകയാണ് റിപ്പോർട്ടർ ടി.വി അധികാരികൾ ചെയ്യേണ്ടത്.
ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി തൊഴിൽ സൗഹൃദ പണിയിടം എന്ന പ്രതിച്ഛായ ഉറപ്പ് വരുത്താൻ മാനേജ്മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായിരിക്കുന്നത്.