നല്ലോണമുണ്ണാന്‍ നാടും നഗരവും. ഉത്രാടപ്പാച്ചിലിനൊരുങ്ങി മലയാളികള്‍

മാത്രമല്ല ഇന്നേ ദിവസമാണ് വിദൂരസ്ഥലങ്ങളില്‍ ഉള്ളവരെല്ലാം വീട്ടിലെത്തി തിരുവോണത്തിനായി ഒത്തുകൂടുക.

New Update
photos(149)

കൊച്ചി: തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഉത്രാടപ്പാച്ചിലിനൊരുങ്ങി. സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുതുമണം മാറാത്ത ഓണക്കോടിയുമൊക്കെ നിറച്ച് നാടെങ്ങും വിപണി സമൃദ്ധം.

Advertisment

തിരുവോണാഘോഷത്തിനും സദ്യവട്ടത്തിനുമുള്ള തിരക്കിട്ട ഒരുക്കമാണ് ഒന്നാം ഓണമായ ഉത്രാടത്തെ ആവേശത്തിലാക്കുക. ഉത്രാടം നാളിലാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. 


കുട്ടികളുടെ ഓണവും ഈ ദിവസമാണ്. അതിനാല്‍ ചെറിയ ഓണം എന്നും ഈ ദിവസത്തെ പറയാറുണ്ട്. ഓണാഘോഷത്തിന്റെ ഒമ്പതാം ദിനമാണ് ഉത്രാടം. അതേസമയം കേരളത്തില്‍ ചിലയിടങ്ങളില്‍ ഉത്രാട ദിനം തിരുവോണ ദിനം പോലെ ആഘോഷിക്കുന്നവരുമുണ്ട്.


ഉത്രാടം ദിവസം മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാനെത്തുന്ന ദിവസമായി കരുതപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ഓണാഘോഷത്തിന്റെ തുടക്കം എന്നാണ് മലയാളികള്‍ കരുതുന്നത്. 

മാത്രമല്ല ഇന്നേ ദിവസമാണ് വിദൂരസ്ഥലങ്ങളില്‍ ഉള്ളവരെല്ലാം വീട്ടിലെത്തി തിരുവോണത്തിനായി ഒത്തുകൂടുക. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഉത്രാടം ഓണാഘോഷങ്ങളുടെ മംഗളമായ ആരംഭദിനം ആണ് എന്ന് പറയാം.


ഉത്രാട നാളിലെ ആഘോഷവുമായി ബന്ധപ്പെട്ട് ചില ചരിത്രവും ഉണ്ട്. ജന്മി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കര്‍ഷകര്‍ അവരുടെ വിളകള്‍ കാഴ്ച്ച വസ്തുക്കളായി ജന്മിമാര്‍ക്ക് നല്‍കി വരുന്ന പതിവുണ്ടായിരുന്നു. 


തുടര്‍ന്ന് ജന്മി തറവാട്ടിലെ കാരണവന്‍മാര്‍ ഇവര്‍ക്ക് ഓണാശംസ നേരുകയും പകരം സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയും ചെയ്യും. അക്കാലത്ത് അവര്‍ണര്‍ തിരുവോണം ആഘോഷിച്ചിരുന്നത് ഈ സമ്മാനങ്ങള്‍ ലഭിക്കുന്നതിനാലായിരുന്നു.

എന്നാല്‍ ജന്മി വ്യവസ്ഥ ഇല്ലാതായതോടെ മലയാളികളുടെ ആഘോഷത്തിനും ഒരു ഒരുമയും ഐക്യവും കൈവന്നു. അതേസമയം ചിലയിടങ്ങളില്‍ ഉത്രാടം നാളിലാണ് ഏറ്റവും വലിയ പൂക്കളമിടുക. 

പിന്നീട് ഇത് തിരുവോണ ദിനം വരെ കാത്തുസൂക്ഷിക്കാറുമുണ്ട്. എന്നാല്‍ എല്ലായിടത്തും ഈ രീതിയല്ല പിന്തുടരുന്നത്. ഏതായാലും ഓണത്തിരക്കിന്റെ പാരമ്യത്തെയാണ് ഉത്രാടം അടയാളപ്പെടുത്തുന്നത് എന്നതില്‍ സംശയമില്ല.

Advertisment