/sathyam/media/media_files/2025/09/04/news-channel-rating-today-2025-09-04-13-36-24.jpg)
കൊച്ചി: വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ പത്ര മുത്തശിമാരുടെ കുടുംബത്തിൽ നിന്നുളള ചാനൽ കുഞ്ഞുങ്ങളെ പിന്നിലാക്കി കൊണ്ട് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറച്ച ചാനലായ ന്യൂസ് മലയാളം 24x7 -ൻെറ മുന്നേറ്റം.
കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണ പരാതികളുടെ അലയൊലികൾ നിറഞ്ഞുനിന്ന വാരത്തിലെ റേറ്റിങ്ങിലാണ് മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും പിന്തളളി ന്യൂസ് മലയാളം 24x7 കുതിപ്പ് നടത്തിയത്.
ചാനൽ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാർക്) ഇന്ന് പുറത്തുവിട്ട റേറ്റിങ്ങ് കണക്കിലാണ് നേരത്തെ ആറാം സ്ഥാനത്തായിരുന്ന ന്യൂസ് മലയാളം 24x7 നാലാം സ്ഥാനത്തേക്ക് കടന്നത്.
റേറ്റിങ്ങിലെ എല്ലാ വിഭാഗത്തിലും ന്യൂസ് മലയാളം, മനോരമയേയും മാതൃഭൂമിയേയും കടത്തിവെട്ടി നാലാം സ്ഥാനം പിടിച്ചെടുത്തു.
റേറ്റിങ്ങിലെ കേരള ഓൾ യൂണിവേഴ്സ് വിഭാഗത്തിൽ 38.87 പോയിൻറ് നേടിയാണ് ന്യൂസ് മലയാളം അതിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയത്.
അഞ്ചാം സ്ഥാനത്തേക്ക് പോയ മാതൃഭൂമി ന്യൂസിന് 34.90 പോയിൻറും ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ മനോരമ ന്യൂസിന് 33 പോയിൻറും മാത്രമാണ് ലഭിച്ചത്.
2005ൽ സംപ്രേഷണം ആരംഭിച്ച മനോരമ ന്യൂസിൻെറ ചരിത്രത്തിലെ ഏറ്റവും മോശം റേറ്റിങ്ങ് സ്ഥാനമാണിത്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡന പരാതികൾ സംബന്ധിച്ച വാർത്തകളുടെ കവറേജിൽ പുലർത്തിയ മികവാണ് ന്യൂസ് മലയാളം ചാനലിനെ, പാരമ്പര്യമുളള ചാനലുകളെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്താൻ സഹായിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിൻെറ പീഡനത്തിന് ഇരയായ യുവതികളുടെ പുതിയ വെളിപ്പെടുത്തലുകളും തെളിവുകളും അജണ്ടയില്ലാതെ, നിഷ്പക്ഷമായി റിപോർട്ട് ചെയ്തത് ന്യൂസ് മലയാളം ചാനലാണ്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡന പരാതികളിൽ ആക്രമണോത്സുകമായ റിപോർട്ടിങ്ങ് നടത്തിയ റിപോർട്ടർ ടിവിക്ക് ഇല്ലാതെ പോയത് മാധ്യമ പ്രവർത്തനത്തിലെ ഏറ്റവും അനിവാര്യമായ നിഷ്പക്ഷതയായിരുന്നു.
രാഹുലിൽ നിന്ന് ഗർഭം ധരിച്ച യുവതിയുമായി ന്യൂസ് മലയാളത്തിലെ അവതാരക നേരിട്ട് സംസാരിച്ച് നടത്തിയ റിപോർട്ടിങ്ങും ശ്രദ്ധനേടി.
വലിയ ആരവമോ ആവേശമോ ഇല്ലാതെ വാർത്തകളെ വസ്തുനിഷ്ടമായി പരിഗണിക്കുന്ന ന്യൂസ് മലയാളം ചാനലിൻെറ മുന്നേറ്റം മറ്റ് ചാനലുകൾക്ക് ഭീഷണിയാണ്.
ന്യൂസ് മലയാളത്തിൻെറ വാർത്താ വിഭാഗത്തിന് നേതൃത്വം നൽകുന്ന സനീഷ് ഇളയിടത്തിൻെറയും ടി.എം ഹർഷൻെറയും സി.പി.എം പക്ഷപാതിത്വവും കൂടി ഒഴിവാക്കിയാൽ ന്യൂസ് മലയാളത്തിന് ഇനിയും മുന്നേറാനാകും.
നാല് മുതൽ ആറ് വരെയുളള സ്ഥാനങ്ങൾക്ക് ഇളക്കം തട്ടിയെങ്കിലും വാർത്താ ചാനലുകളിലെ ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിന് തന്നെയാണ്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡന വാർത്തകളുടെ റിപോർട്ടിങ്ങിൽ കരുതലോടയുളള ശൈലി സ്വീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് കേരള യൂണിവേഴ്സ് വിഭാഗത്തിൽ 87.49 പോയിൻറ് നേടിയാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്.
നെഹ്റു ട്രോഫി വളളംകളിയുടെ സമഗ്ര റിപോർട്ടിങ്ങും ഏഷ്യാനെറ്റ് ന്യൂസിനെ തുണച്ചു.മുൻ ആഴ്ചയിലേക്കാൾ 0.49 പോയിൻറ് അധികമായി നേടാൻ
ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു.
72.52 പോയിൻറുമായി റിപോർട്ടർ ടിവിയാണ് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത്.72.52 പോയിൻറാണ് റിപോർട്ടർ ടിവി നേടിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതികളെ ഗൂഢഅജണ്ടയോടും വൈരനിര്യാതന ബുദ്ധിയോടും റിപോർട്ട് ചെയ്ത റിപോർട്ടറിന് മുൻ ആഴ്ചയിലേക്കാൾ 2.48 പോയിൻറ് കുറയുകയും ചെയ്തിട്ടുണ്ട്.
സി.പി.എമ്മിനോട് പ്രകടമായ വിധേയത്വം പുലർത്തിക്കൊണ്ടുളള വാർത്താ ആവതരണ ശൈലി സ്വീകരിച്ചിരിക്കുന്ന റിപോർട്ടർ ടിവിയുടെ പൊതു സ്വീകാര്യത കുറയുന്നു എന്നതിൻെറ വ്യക്തമായ സൂചനയാണ് റേറ്റിങ്ങ് ചാർട്ടിലെ ഇടിവ്.
വളളംകളിയിൽ വളളങ്ങളെ സ്പോൺസർ ചെയ്തും വലിയ ടീമിനെ ഇറക്കി കവർ ചെയ്തിട്ടും അതിനുളള ഫലം റേറ്റിങ്ങിൽ റിപോർട്ടർ ടിവിക്ക് ലഭിച്ചില്ല.
പതിവ് പോലെ ട്വൻറി ഫോർ ന്യൂസിനാണ് റേറ്റിങ്ങിൽ മൂന്നാം സ്ഥാനം. എന്നാൽ 64 .12 പോയിൻറ് നേടിയാണ് ട്വൻറി ഫോർ മൂന്നാം സ്ഥാനം നിലനിർത്തിയത്.
തൊട്ടുമുൻപുളള ആഴ്ചയിൽ നിന്ന് 3 പോയിൻറ് വർദ്ധിപ്പിക്കാനും ട്വൻറി ഫോറിന് കഴിഞ്ഞു. രാഹൂൽ മാങ്കൂട്ടത്തിലിന് എതിരായ പീഡനാരോപണങ്ങളിൽ ന്യൂട്രൽ ലൈൻ സ്വീകരിച്ച ട്വൻറി ഫോറിനെ തുണച്ചത് വളളം കളി കവറേജാണ്.
17.74 പോയിൻറുമായി ജനം ടിവിയാണ് റേറ്റിങ്ങിൽ ഏഴാം സ്ഥാനത്ത്. ജനം ടിവിയുടെ ഏഴാം സ്ഥാനത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് 17.45 പോയിൻറ് നേടി കൈരളി ന്യൂസ് തൊട്ടുപിന്നിലുണ്ട്.
11.90 പോയിൻറുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്ത്.8 പോയിൻറുമായി മീഡിയാ വൺ ചാനലാണ് റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ.