/sathyam/media/media_files/2025/09/05/gaddika-ekm-2025-09-05-14-50-12.jpg)
കൊച്ചി: ഗോത്രസംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും നേരടയാളമായ ഗദ്ദിക 2025 ന് വിജയകരമായ പരിസമാപ്തി. ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഒരാഴ്ചയോളം നീണ്ടുനിന്ന പ്രദർശന വിപണന മേളയും, കലാവിരുന്നുകളും കാണുന്നതിനും ആസ്വദിക്കുന്നതിനും നിരവധി ആളുകളാണ് ഒരോ ദിവസവും എത്തിച്ചേർന്നത്.
ഗദ്ദികയുടെ ഓരോ ദിവസവും ഓരോ ഗോത്രകലാരൂപങ്ങൾ അരങ്ങേറി. ഗദ്ദിക, പളിയനൃത്തം, കൊറഗ നൃത്തം, പാട്ടുവഴി, കാഞ്ഞൂർ നാട്ടുപൊലിമ, പരുന്താട്ടം, ചിമ്മാന കളി, മാരിതെയ്യം, ഗോത്രഗീതിക, തുയിലുണർത്തു പാട്ട്, ഊരാളികുത്ത്, നാഗകാളി, വെള്ളാട്ടം തുടങ്ങി വിവിധ കലാരൂപങ്ങൾ കാണികൾക്ക് നവീനാനുഭവങ്ങളാണ് സമ്മാനിച്ചത്.
ഗോത്രജനതയുടെ ജീവിതരീതികൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയെല്ലാം പ്രതിഫലിക്കുന്നതായിരുന്നു ഓരോ അവതരണവും.
പഴയ തലമുറയിൽ നിന്ന് പുതിയ തലമുറയിലേക്ക് പാരമ്പര്യ കലകളെ കൈമാറുന്നതിനുള്ള വേദിയായും ഗദ്ദിക മാറി. ഗദ്ദികയിൽ കഴിഞ്ഞ ഏഴുദിവസങ്ങളിലായി 30-ൽ പരം പാരമ്പര്യ കലകളാണ് അരങ്ങേറിയത്.
അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന പല കലാരൂപങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ ഈ പരിപാടി സഹായകമായി.
കലാരൂപങ്ങൾ പോലെ തന്നെ സ്റ്റാളുകളും ഗദ്ദികയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായിരുന്നു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാരുടെ കരകൗശല വസ്തുക്കൾ, പരമ്പരാഗത ആഭരണങ്ങൾ, മുള ഉൽപന്നങ്ങൾ, വനവിഭവങ്ങൾ, പ്രകൃതിദത്ത ഉൽപന്നങ്ങൾ എന്നിവ സ്റ്റാളുകളിൽ ലഭ്യമായിരുന്നു.
സ്വന്തം ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള അവസരം കലാകാരന്മാർക്ക് വലിയ പ്രോത്സാഹനമായി. കലാപ്രകടനങ്ങൾക്കൊപ്പം തനത് വിഭവങ്ങൾ ഒരുക്കിയ ഭക്ഷണശാലകളും ഗദ്ദികയുടെ പ്രത്യേകതയായിരുന്നു.
വിവിധ ദിവസങ്ങളിലായി മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, ഒ.ആർ. കേളു എന്നിവർ ഗദ്ദിക സന്ദർശിച്ച് കലാകാരന്മാരുമായി ആശയവിനിമയം നടത്തിയിരുന്നു.