New Update
/sathyam/media/media_files/2026/01/07/pic-2-1-2026-01-07-13-57-21.jpeg)
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ 2025-ന് അനുബന്ധമായി മട്ടാഞ്ചേരി ബസാർ റോഡിലെ ക്യൂബ് ആർട്ട് സ്‌പേസിൽ നടത്തുന്ന ഇടം കലാപ്രദര്‍ശനത്തില്‍ മഹാത്മാഗാന്ധിയെയും അദ്ദേഹത്തിന്റെ അവസാന നാളുകളെയും കുറിച്ച് അടയാളപ്പെടുത്തുന്ന കലാപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. 'യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി' (You I Could not Save, Walk with Me) എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം കാഴ്ചക്കാരനെ ഏറെ ചിന്തിപ്പിക്കുന്നതാണ്.
/filters:format(webp)/sathyam/media/media_files/2026/01/07/pic-2026-01-07-13-57-59.jpeg)
ഇത്തരമൊരു മനുഷ്യൻ ഈ മണ്ണിൽ ജീവിച്ചിരുന്നു എന്ന് വരുംതലമുറകൾക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും എന്ന ആൽബർട്ട് ഐൻസ്റ്റീന്റെ വിഖ്യാതമായ വാക്കുകളെ ശരിവെക്കുന്ന രീതിയിലാണ് ഇതിലെ ഓരോ സൃഷ്ടിയും ഒരുക്കിയിരിക്കുന്നത്. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ഫോട്ടോഗ്രാഫർ സുധീഷ് ഏഴുവത്ത്, കവി പി.എൻ. ഗോപീകൃഷ്ണൻ, ജയരാജ് സുന്ദരേശൻ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ പ്രദർശനം.
/fit-in/580x348/filters:format(webp)/sathyam/media/media_files/2026/01/07/pic-3-2026-01-07-13-58-22.jpeg)
യുദ്ധങ്ങളും വംശഹത്യകളും വർഗീയ കലാപങ്ങളും കൊണ്ട് ലോകം കലുഷിതമായിരിക്കുമ്പോൾ ഗാന്ധിയൻ ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഈ പ്രദർശനം ഓർമ്മിപ്പിക്കുന്നു. ഗാന്ധിജിയുടെ ജീവിതത്തിലെ അവസാനത്തെ രണ്ട് വർഷങ്ങളാണ് ഇതിന്റെ പ്രധാന പ്രമേയം. അദ്ദേഹത്തിന്റെ ലാളിത്യവും ദർശനങ്ങളുടെ ആഴവും വ്യക്തമാക്കുന്ന ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, കവിതകൾ, ഇൻസ്റ്റാളേഷനുകൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധി വധത്തിന് പിന്നിലുള്ളവരുടെ വിചാരണാ ദൃശ്യങ്ങളും തോക്കുകളുടെ മാതൃകകളും ഉൾപ്പെടുത്തിയ വലിയ സ്ക്രീനുകൾ ചരിത്രത്തിലെ കറുത്ത ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു. കലാപങ്ങൾ നടന്നിടങ്ങളിലൂടെയും ഗാന്ധിജി സമാധാന സന്ദേശവുമായി സഞ്ചരിച്ച പാതകളിലൂടെയും നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് പ്രദർശനം തയ്യാറാക്കിയതെന്ന് മുരളി ചീരോത്ത് പറഞ്ഞു.
/fit-in/580x348/filters:format(webp)/sathyam/media/media_files/2026/01/07/pic-4-2026-01-07-13-58-46.jpeg)
ചരിത്രം ബോധപൂർവ്വം മായ്ക്കപ്പെടുകയും ഗാന്ധിയൻ ആശയങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കൃത്യമായ ചരിത്രരേഖകൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫോട്ടോഗ്രാഫർ സുധീഷ് ഏഴുവത്ത് വ്യക്തമാക്കുന്നു. ഗാന്ധി വധവുമായി ബന്ധപ്പെട്ട വിചാരണയും അതിൽ പ്രതികളായവരുടെ വിശദാംശങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ ബിർള ഹൗസിൽ ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ പേര് ഒരു ചെറിയ കോണിലാണ് എഴുതിയിരിക്കുന്നത്. ഗോഡ്സെയോടൊപ്പം തൂക്കിലേറ്റപ്പെട്ടവരുടെ വിവരങ്ങൾ വേണ്ടത്ര വ്യക്തമല്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു ഉദ്യമത്തിന് പിന്നിലെ പ്രേരണയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
/fit-in/580x348/filters:format(webp)/sathyam/media/media_files/2026/01/07/pic-5-2026-01-07-13-59-13.jpeg)
ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്ത് കൊൽക്കത്തയിലും നവഖാലിയിലും ബീഹാറിലും ഉണ്ടായ വർഗീയ ലഹളകൾക്കിടയിൽ സമാധാനത്തിനായി ഗാന്ധിജി നടത്തിയ ഒറ്റയാൾ പോരാട്ടങ്ങള്‍ പ്രദർശനത്തില്‍ പുനരാവിഷ്കരിക്കുന്നുണ്ട്. മാനുഷികമായ ഇടപെടലുകളിലൂടെ സമാധാനം കൈവരിക്കാനാകുമെന്ന് അദ്ദേഹം അന്ന് തെളിയിച്ചുവെന്ന് പി.എൻ. ഗോപീകൃഷ്ണൻ അഭിപ്രായപ്പെടുന്നു. അഹിംസയുടെയും സത്യത്തിന്റെയും കരുത്ത് മനസ്സിലാക്കാനും വ്യത്യസ്ത കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും ഗാന്ധിയൻ പാത സഹായിക്കുമെന്ന സന്ദേശമാണ് ഈ പ്രദർശനം നൽകുന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us