/sathyam/media/media_files/2025/11/29/kala-nila-2025-11-29-00-39-33.jpg)
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിനോടനുബന്ധിച്ച് കലാകാരന്മാര്‍, കലാ അധ്യാപകര്‍, കലാസ്വാദകര്‍ തുടങ്ങിയവരുടെ സര്‍ഗാത്മകത വളര്‍ത്തുന്ന 'കല നില' പരിപാടിയ്ക്ക് സംസ്ഥാനമൊട്ടാകെ മികച്ച പ്രതികരണം.
കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കീഴിലുള്ള ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) ആണ് 'കല നില' യ്ക്ക് പിന്നില്‍. കെബിഎഫിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് എബിസി പ്രോഗ്രാം.
ഇത്തവണത്തെ ബിനാലെയുടെ ഭാഗമായി ആരംഭിച്ച ആര്‍ട്ട് റൂം-പെഡഗോഗിയും 'കല നില' പരിപാടിയും സര്‍ഗാത്മകത വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ശില്പശാലകളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് 'കല നില' മുന്നോട്ട് പോകുന്നത്. ഡിസംബര്‍ 12 ന് ആരംഭിക്കുന്ന ബിനാലെയ്ക്ക് മുന്നോടിയായി സംസ്ഥാനത്തുടനീളം കെബിഎഫ് നാല് ശില്പശാലകളും ഔട്ട്‌റീച്ച് പരിപാടികളും സംഘടിപ്പിച്ചിരുന്നു.
എബിസിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ കുട്ടികള്‍ക്കും കലാപ്രേമികള്‍ക്കും വിവിധ കലാ രീതികളില്‍ ഇടപഴകുന്നതിനുള്ള പദ്ധതിയാണ് ആര്‍ട്ട് റൂം.
സ്ഥാപനങ്ങള്‍ക്കും അക്കാദമിക് മേഖലകള്‍ക്കും അപ്പുറം കലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് 2020 ല്‍ വിഭാവനം ചെയ്ത കലാ അധ്യാപകര്‍ക്കുള്ള ശില്പശാലയുടെ തുടര്‍ച്ചയാണ് കലാനില.
സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കലാകാരന്മാരെയും, അധ്യാപകരെയും, കലാതത്പരരെയും ഒരുമിച്ച് കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും.
/filters:format(webp)/sathyam/media/media_files/2025/11/29/kala-nila-workshop-2025-11-29-00-41-27.jpg)
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പഠന ഇടങ്ങളെ 'കല നില' പ്രോത്സാഹിപ്പിക്കുന്നതായി എബിസി പ്രോഗ്രാം ഹെഡ് ബ്ലെയ്സ് ജോസഫ് പറഞ്ഞു.
വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു വലിയ വിജ്ഞാന വേദിയുടെ തുടക്കമാണ് 'കല നില'. 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് ഇത് വഴിയൊരുക്കും. മത്സരബുദ്ധിയില്ലാതെയും പരസ്പരം വിധിയ്ക്കാതെയുമുള്ള ഇടങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.
'കല നില' യുടെ ഭാഗമായി തിരുവനന്തപുരം, ആലുവ, പാലക്കാട്, കാലടി എന്നിവിടങ്ങളിലാണ് മുന്‍പ് ശില്പശാലകള്‍ നടന്നത്. ദൃശ്യ, നാടക കലാകാരന്മാര്‍, നര്‍ത്തകര്‍, മനഃശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ മുന്‍പരിപാടികളില്‍ പങ്കെടുത്തു.
ഇതില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാധ്യാപകരും ആസ്വാദകരുമുണ്ടായിരുന്നു. എബിസി പ്രോഗ്രാം ഇന്റേണുകള്‍ ഉള്‍പ്പെടെ 70 കലാകാരന്മാരുടെ ഒരു ശൃംഖല സൃഷ്ടിക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കല നില' യുടെ ഭാഗമായി ഗെയിംസ്, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, ചര്‍ച്ചകള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, കലാ പ്രദര്‍ശനം, 'സാങ്കല്‍പ്പിക നടത്തം', 'ബോഡി മാപ്പിംഗ്' എന്നിവയിലൂടെ സൃഷ്ടിപരമായ സര്‍ഗാത്മകത വളര്‍ത്തുന്നു. ഓര്‍മ്മകളെയും അനുഭവങ്ങളെയും ഉണര്‍ത്തുന്നതിനൊപ്പം വാക്കുകള്‍, വികാരങ്ങള്‍, ഇമേജറി എന്നിവയിലൂടെ അവ പ്രകടിപ്പിക്കാനും ഇതിലൂടെ സാധിക്കും.
'കല നില' ശില്പശാലകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം ദുര്‍ബലതകളും ശക്തികളും തിരിച്ചറിയാന്‍ അവസരം ലഭിക്കുമെന്ന് എബിസിയിലെ അസോസിയേറ്റായ നീതു കെ.എസ്. പറഞ്ഞു.
സൃഷ്ടിപരമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവസരത്തിനൊപ്പം പഠിക്കുന്നതിനും പഠിക്കാതിരിക്കുന്നതിനും നിലവിലുള്ള അവസ്ഥയെ ചോദ്യം ചെയ്യുന്നതിനും പരമ്പരാഗത ചട്ടക്കൂടുകള്‍ക്കപ്പുറം ചിന്തിക്കുന്നതിനുമുള്ള ഇടമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാമത് പതിപ്പ് ഡിസംബര്‍ 12 ന് ആരംഭിക്കും. 20 രാജ്യങ്ങളില്‍ നിന്നുള്ള 66 കലാകാരന്മാരും കൂട്ടായ്മകളുമടങ്ങുന്ന സംഘമാണ് പ്രദര്‍ശനങ്ങളും പ്രതിഷ്ഠാപനങ്ങളും ഒരുക്കുന്നത്.
ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ പ്രമേയം. ഗോവ ആസ്ഥാനമായുള്ള കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള സംഘടനയായ എച്ച്.എച്ച് ആര്‍ട്ട് സ്‌പെയ്‌സസുമായി ചേര്‍ന്ന് ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്രയാണ് ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്. 110 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെയ്ക്ക് 2026 മാര്‍ച്ച് 31 ന് തിരശ്ശീല വീഴും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us